ഫ്രാന്‍സിസ് തടത്തിലിന്റെ 'നാലാം തൂണിനപ്പുറം' പ്രകാശിതമാകുന്നു
Sunday, December 8, 2019 12:55 PM IST
തൃശൂര്‍: രക്താര്‍ബുദം ബാധിച്ച് നാലു വര്‍ഷം അമേരിക്കയിലെ ആശുപത്രിയില്‍ വെന്റിലേറ്ററിലും ഐസിയുവിലുമായി കഴിച്ചു കൂട്ടിയ അമേരിക്കന്‍ പ്രവാസി ഫ്രാന്‍സീസ് തടത്തിലിന്റെ പൂര്‍വകാല പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ 'നാലാം തൂണിനപ്പുറം' പ്രകാശിതമാകുന്നു.

ഓര്‍മകളുടെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത മൂര്‍ച്ചയേറിയ അനുഭവങ്ങളെ കോര്‍ത്തിണക്കിയ രചന സാമൂഹ്യമാധ്യമങ്ങളില്‍ ഹിറ്റായിരുന്നു. ആരേയും കോരിത്തരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ആയതുകൊണ്ടുകൂടിയാണ് ഈ രചന അമേരിക്കയിലെ ഇന്ത്യ പ്രസ് ക്‌ളബ് പുരസ്‌കാരം നേടിയത്.
ഡിസംബര്‍ 20 നു വെള്ളിയാഴ്ച വൈകുന്നേരം 4.30 നു തൃശൂര്‍ പ്രസ് ക്ലബ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ 'നാലാം തൂണിനപ്പുറം' പ്രകാശിതമാകും. മന്ത്രി വി.എസ്. സുനില്‍കുമാറും ടി.എന്‍. പ്രതാപന്‍ എംപിയും ചേര്‍ന്നാണു പുസ്തകം പ്രകാശനം ചെയ്യുന്നത്.

കേരളത്തിലെ രക്തദാന പ്രസ്ഥാനത്തിന്റെ സ്ഥാപക പ്രസിഡന്റും തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ മുന്‍ ഡയറക്ടറുമായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അധ്യക്ഷനാകും. ഓണ്‍ലൈന്‍ പ്രസാധകരായ കേരള ബുക്ക് സ്റ്റോര്‍ ഡോട്ട് കോമാണു പ്രസാധകര്‍.

റിപ്പോര്‍ട്ട്: ഫ്രാങ്കോ ലൂയിസ്