മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ വർണാഭമായി
Wednesday, January 15, 2020 8:59 PM IST
ടാല്ലഹസി (ഫ്‌ളോറിഡ): ക്രിസ്മസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചു മലയാളി അസോസിയേഷന്‍ ഓഫ് ടാല്ലഹസി ഫോര്‍ട്ട്‌ബ്രെയ്ഡന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ജനുവരി 11 ന് ഗംഭീര ആഘോഷപരിപാടികള്‍ നടത്തി. അംഗങ്ങളുടെ കൂട്ടായ്മയോടെ നടത്തിയ അലങ്കാരം പരിപാടികള്‍ക്ക് മാറ്റു നല്‍കി. മേരി റോബിന്‍സണ്‍, ലാലി ആല്‍ബര്‍ട്ട് എന്നിവര്‍ കുട്ടികളുമായി ചേര്‍ന്നു കേക്ക് മുറിച്ചു പരിപാടികള്‍ ഉദ്ഘാടനം ചെയ്തു .

മലയാളി അസോസിയേഷനിലെ യുവതലമുറക്കാരായ ഫര്‍സാന്‍ ഷിജു , വിശ്വനാഥ് നായര്‍ എന്നിവര്‍ ചേര്‍ന്ന് ക്രിസ്മസ് , പുതുവത്സരരാഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു അവലോകനം നടത്തി . അംഗങ്ങള്‍ ചേര്‍ന്നു ആലപിച്ച കരോള്‍ ഗാനങ്ങള്‍ പരിപാടികള്‍ക്കു പകിട്ടേകി. ക്രിസ്മസിന്‍റെ പരമ്പരാഗതമായ സമ്മാനം പങ്കിടല്‍ എല്ലാവരും ചേര്‍ന്നു നന്നായി ആസ്വദിച്ചു . വിവിധയിനം പരിപാടികളും വിജയശ്രീലാളിതര്‍ക്കായുള്ള സമ്മാനദാനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി .യുവതലമുറക്കാരായ ലക്ഷ്മി നാരായണ്‍ , ഷില്പ ഷിജു , സ്‌നേഹ ഗിരി എന്നിവര്‍ വിധി കര്‍ത്താക്കളായി പ്രവര്‍ത്തിച്ചു .വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടും മലയാളി കുടുംബങ്ങള്‍ ചേര്‍ന്നു നടത്തിയ നൃത്ത ചുവടുകളോടെയും പരിപാടികള്‍ക്ക് സമാപനം കുറിച്ചു.

മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് പ്രഷീല്‍ കളത്തില്‍ , ഭാരവാഹികളായ നിദ ഫ്‌ലെമിയോന്‍ ,ശീതള്‍ കോട്ടായി , സോണിയ പ്രദീപ് , സുജിത് പോള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം