ഹൂസ്റ്റണിൽ മലയാളം സൊസൈറ്റി, ഹൂസ്റ്റൺ ഫെബ്രുവരി സമ്മേളനം സംഘടിപ്പിച്ചു
Friday, February 21, 2020 4:29 PM IST
ഹൂസ്റ്റൺ: സാഹിത്യ സംഘടനയായ മലയാളം സൊസൈറ്റിയുടെ ഫെബ്രുവരി സമ്മേളനം 9 നു സ്റ്റാഫോർഡിലെ ദേശി ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്നു. ജോർജ് മണ്ണിക്കരോട്ടിന്‍റെ സ്വാഗത പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. ജോണ്‍ കുന്തറയുടെ "അഭയാർഥികൾ' എന്ന പ്രബന്ധവും സുകുമാരൻ നായരുടെ "തിരുവള്ളുവരുടെ തിരുക്കുറൾ' (കുറൾ) എന്ന വിഷയവുമായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. എ.സി. ജോർജ് മോഡറേറ്ററായി ചർച്ച നിയന്ത്രിച്ചു.

ജോണ്‍ കുന്തറ അവതരിപ്പിച്ച "അഭയാർഥികൾ' എന്ന വിഷയം അദ്ദേഹത്തിന്‍റെ അവതരണത്തിൽ ഇന്ന് അമേരിക്കയും ഇന്ത്യയും നേരിട്ടുകൊണ്ടിരിക്കുന്ന അഭയാർത്ഥി പ്രശ്നങ്ങളും കുടിയേറ്റ പ്രശ്നങ്ങളും പ്രധാനമായി പ്രതിഫലിച്ചു. അനധികൃത കുടിയേറ്റവും അഭയാർത്ഥി പ്രശ്നങ്ങളും രാജ്യങ്ങൾ കർശനമായി നിയന്ത്രിക്കുകയും നേരിടുകയും ചെയ്യേണ്ടതിനോടൊപ്പം മനുഷ്യത്വപരമായ സമീപനം മറക്കരുതെന്നും സദസ്യർ അഭിപ്രായപ്പെട്ടു.

തുടർന്നു തമിഴ് ഭാഷയിലും സാഹിത്യത്തിലും പ്രാവീണ്യമുള്ള സുകുമാരൻ നായർ തിരുവള്ളുവരുടെ തിരുക്കുറളിനെ (കുറൾ) ആസ്പദമാക്കി വിഷയം അവതരിപ്പിച്ചു. തിരുക്കുറൾ ഏകദേശം 2000 വർഷം പഴക്കമുള്ളതായിട്ടാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളത്. ഒരദ്ധ്യായത്തിൽ 10 കുറളുകൾ വീതം 133 അധ്യയങ്ങളും 1330 ഈരടികളുമുള്ള ഒരു ഗ്രന്ഥമാണ് തിരുക്കുറൾ. ധർമം, അർത്ഥം, കാമം/ഇന്പം എന്ന് മൂന്നു ഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഇതിന്‍റെ രചന നിർവഹിച്ചിട്ടുള്ളത്.

തിരുക്കുറളിലെ ആദ്യത്തെ രണ്ടു ഭാഗങ്ങളായ ധർമ്മം, അർത്ഥം എന്നീ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുത്ത 6 കുറളുകളെ ആസ്പദമാക്കി അദ്ദേഹം പ്രഭാഷണം തുടർന്നു.
“മരുന്തെന വേണ്ടാവോം യാകൈക്ക്
അരുന്തിയത് അറ്റത് പോറ്റി ഉണിൻ” (ഗ.942)
സാരം: നേരത്തെ കഴിച്ച ആഹാരം നല്ലവണ്ണം ദഹിച്ചതിനുശേഷം മാത്രമേ അടുത്ത ആഹാരം കഴിക്കാവു. ആഹാരരീതി ക്രമീകരിച്ചും നിയന്ത്രിച്ചും എങ്ങനെ ആരോഗ്യം കാത്തുസൂക്ഷിക്കാം എന്നതാണ് അന്തസത്ത. മറ്റുകുറളുകളെക്കുറിച്ചും സുകുമാരൻ നായർ വിവരിച്ചത് സദസ്യർക്ക് ഒരു പുതിയ അനുഭവമായി. ധർമം, അർഥം, കാമം എന്നിവയെക്കുറിച്ച് തിരുക്കുറൾ പറയുന്നുണ്ടെങ്കിലും മോക്ഷത്തെക്കുറിച്ച് പറയുന്നില്ല. തിരക്കുറൾ യാതൊരു മതത്തേയും പരാമർശിക്കുന്നില്ല എന്നതും യാതൊരു മതത്തിന്‍റെയും വക്താവല്ലെന്നുള്ളതും പ്രത്യേകതയായിരുന്നു.
സമ്മേളനത്തിൽ പൊന്നു പിള്ള, എ.സി. ജോർജ്, ആന്‍റണി അഗസ്റ്റിൻ, ജെയിംസ് ജോസഫ്, റവ. ഡോ. തോമസ് അന്പലവേലിൽ, ജോണ്‍ കുന്തറ, മാത്യു പന്നപ്പാറ, ജോയി ചെഞ്ചേരിൽ, നൈനാൻ മാത്തുള്ള, ചാക്കൊ മുട്ടുങ്കൽ, കുരിയൻ മ്യാലിൽ, ജോസഫ് തച്ചാറ, ടി.എൻ. സാമുവൽ, ജോസഫ് നടയ്ക്കൽ, തോമസ് കളത്തൂർ, സുകുമാരൻ നായർ, അല്ലി എസ്. നായർ, ടി. ജെ. ഫിലിപ്പ്, ജി. പുത്തൻകുരിശ്, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ പങ്കെടുത്തു. പൊന്നു പിള്ള നന്ദി പറഞ്ഞു. അടുത്ത സമ്മേളനം മാർച്ച് എട്ടിനു നടക്കും.

വിവരങ്ങൾക്ക്: മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950,
ജി. പുത്തൻകുരിശ് 281 773 1217