ഒക്‌ലഹോമയിൽ ഫ്ലു മരണം 36 ആയി
Tuesday, February 25, 2020 7:50 PM IST
ഒക്‌ലഹോമ: ഫ്ലു സീസൺ ആരംഭിച്ചതിനുശേഷം ഒക്‌ലഹോമ സംസ്ഥാനത്തു മാത്രം രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 36 ആയി. രണ്ടായിരത്തിലധികം പേരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഫെബ്രുവരി 20 ന് ഒക്‌ലഹോമ സ്റ്റേറ്റ് ഹെൽത്ത് ഡിപ്പാർട്ട്മെന്‍റ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

മരിച്ച 36 പേരിൽ അറുപത്തിയഞ്ചിനു മുകളിൽ പ്രായമുള്ള 17 പേരും അമ്പതിനും അറുപത്തിനാലിനും ഇടയിൽ പ്രായമുള്ള 11 പേരും 18നും 19നും ഇടയിലുള്ള ആറു പേരും 5 നും 17നും ഇടയിലുള്ള ഒരാളും നാലു വയസിനു താഴെയുള്ള 17 പേരും ഉൾപ്പെടുന്നതായും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഫ്ലു പ്രതിരോധിക്കുന്നതിനുള്ള കുത്തിവയ്പുകൾ നിർബന്ധമായും എടുത്തിരിക്കണമെന്നും പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുകുകൾ ധാരാളം പുറത്തു വരുന്ന സന്ധ്യാ സമയങ്ങളിൽ ശരീരം പൂർണമായും മറയുന്ന വസ്ത്രം ധരിക്കണമെന്നും പനിയുടെ ലക്ഷണം കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ അപകടകരമായ നിലയിലാണ് ഇപ്പോൾ ഫ്ലു വ്യാപകമായിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ