ഗാന്ധി ആശ്രമത്തിൽ തയാറാക്കിയ പ്രത്യേക ഭക്ഷണം രുചിച്ചു നോക്കാതെ ട്രംപ്
Wednesday, February 26, 2020 7:15 PM IST
വാഷിംഗ്ടൺ/ അഹമ്മദാബാദ് : രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലനിയായും അഹമ്മദാബാദിലെ ഗാന്ധി ആശ്രമം സന്ദർശിക്കുന്നതിനിടെ അവിടെ പ്രത്യേകം തയാറാക്കിയ വെജിറ്റേറിയൻ ഇന്ത്യൻ മെനു തൊട്ടുപോലും നോക്കിയില്ല.

പാചക കലയിൽ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള പ്രസിദ്ധ ഷെഫ് സുരേഷ് ഖന്നയാണ് പ്രസിഡന്‍റിനും ടീമിനും വേണ്ടി പ്രത്യേക വെജിറ്റേറിയൻ ഭക്ഷണം തയാറാക്കിയിരിക്കുന്നത്. പൊട്ടറ്റൊ, ബ്രോക്കിലി തുടങ്ങിയ അടക്കം ചെയ്ത സമോസ, ചോക്ക്‌ലേറ്റ് ചീഫ് കുക്കീസ്, ആപ്പിൾപൈ തുടങ്ങിയ ഭക്ഷണം രുചിച്ചു പോലും നോക്കാത്തതിൽ ആശ്രമം ട്രസ്റ്റി കാർത്തികേയ് സാരാബായ് അദ്ഭുതം പ്രകടിപ്പിച്ചു. ചീസ് ബർഗർ, ഡയറ്റ് കോക്ക്, വേവിച്ച സ്റ്റേക്ക്, ഐസ് ക്രീം തുടങ്ങിയ ഇഷ്ട വിഭവങ്ങളാണ് ഇന്ത്യയിലെത്തിയ ട്രംപിന്‍റെ മെനുവിൽ ഉൾപ്പെടുത്തിയിരുന്നത്.

ട്രംപിന്‍റെ ആരോഗ്യ സുരക്ഷയെ കരുതിയാണോ ഇന്ത്യൻ വിഭവങ്ങളോടുള്ള താൽപര്യകുറവാണോ പ്രത്യേകം തയാറാക്കിയ ഭക്ഷണ പദാർഥങ്ങൾ ഉപേക്ഷിക്കുവാൻ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ