"സ്റ്റേ അറ്റ് ഹോം', മിഷിഗണിൽ ആരാധനാലയങ്ങൾക്ക് ഇളവു നൽകി
Wednesday, March 25, 2020 2:30 AM IST
ഡിട്രോയിറ്റ്: മിഷിഗണ്‍ മേയര്‍ വിറ്റ്മര്‍ പുറപ്പെടുവിച്ച "സ്റ്റേ അറ്റ് ഹോം' ഉത്തരവില്‍ നിന്നും ദേവാലയങ്ങള്‍, സിനഗോഗുകള്‍, മോസ്കുകള്‍, ക്ഷേത്രങ്ങള്‍ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

അമ്പതു ആളുകള്‍ വരെ കൂടുവാനുള്ള അനുവാദ പരിധി ഇപ്പോഴും ആരാധനാലയങ്ങള്‍ക്കും ബാധകമാണെന്നും ഉത്തരവ് ലംഘനമായി കണക്കാക്കി പിഴ ചുമത്തില്ലെന്നും ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മറ്റു രീതിയിലുള്ള യാതൊരു ഒത്തുചേരലുകളും അനുവദിക്കുന്നതല്ല.

ആരാധനാലയങ്ങളെ ഒഴിവാക്കിയ മേയറുടെ ഉത്തരവിനെതിരേ ഒരു വിഭാഗം പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദേവാലയങ്ങളിലെത്തുന്ന മുതിര്‍ന്ന തലമുറയ്ക്ക് രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നതാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ദേവാലയങ്ങളില്‍ പോയി കോവിഡ് 19 പരത്തുകയല്ല, മറിച്ച് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ സേവനം, ഭക്ഷണം, മരുന്നുകള്‍, അടിയന്തര സഹായം എന്നിവ നൽകുകയാണ് ആരാധനാലയങ്ങളുടെ ഇപ്പോഴത്തെ ഉത്തരവാദിത്വമെന്നു മേയര്‍ വിറ്റ്മര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: അലൻ ചെന്നിത്തല