ഡാളസിൽ സ്റ്റേ അറ്റ് ഹോം ഉത്തരവ് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് അധികാരം
Thursday, March 26, 2020 6:39 PM IST
ഡാളസ്: ചൊവ്വാഴ്ച അർധരാത്രി മുതൽ ഡാളസ് ഉൾപ്പെടെയുള്ള നോർത്ത് ടെക്സസ് സിറ്റികളിൽ നിലവിൽവന്ന സ്റ്റേ അറ്റ് ഹോം ഉത്തരവു ലംഘിക്കുന്നവർക്ക് ടിക്കറ്റ് നൽകുന്നതിനും ആവശ്യം വന്നാൽ അറസ്റ്റ് ചെയ്യുന്നതിനുമുള്ള അധികാരം ഇനി പോലീസിന്.

യാത്രാ വാഹനങ്ങൾ തടഞ്ഞുനിർത്തി, യാത്ര ചെയ്യുന്നവർ അത്യാവശ്യത്തിനല്ലെന്ന് ബോധ്യമായാൽ അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ദേശീയ ബ്ലാക്ക് പോലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് സർജന്‍റ് ഷെൽഡൺ സ്മിത്ത് മുന്നറിയിപ്പു നൽകി.

അനിയന്ത്രിതമായി വ്യാപിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് മാത്രമാണ് ഈ നടപടിയെന്നും അല്ലാതെ കേസെടുത്ത് ജയിൽ നിറയ്ക്കുന്നതിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ നല്ലതിനുവേണ്ടി ചില ത്യാഗങ്ങൾ സഹിക്കാൻ നാം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പക്ഷേ നിങ്ങളെ ജയിലിലടക്കില്ലെങ്കിലും കടുത്ത പെനാൽറ്റി നൽകേണ്ടി വരും.

ഡാളസിൽ മാത്രമല്ല ടെക്സസിന്‍റെ പല ഭാഗങ്ങളിലും ഈ ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.ഡാളസ് കൗണ്ടിയിൽ മാർച്ച് 25 നു പുതിയ 78 പോസിറ്റീവ് കേസുകൾ കൂടി കണ്ടെത്തിയതോടെ ആകെ രോഗികളുടെ എണ്ണം 247 ആയി. കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 6 ആയി. റസ്റ്ററന്‍റുകൾ, മൂവി തിയറ്റർ തുടങ്ങിയ നിരവധി സ്റ്റോറുകൾ അടച്ചിടണമെന്ന് ജഡ്ജി ക്ലെ ജൻകിൻസ് ഉത്തരവിട്ടതിൽ ഗൺസ്റ്റോറുകളും ഉൾപ്പെട്ടിരുന്നു. പിന്നീട് ഈ ഉത്തരവിന്‍റെ പരിധിയിൽ നിന്നും ഗൺസ്റ്റോറുകളെ ഒഴിവാക്കി തുറക്കുന്നതിനുള്ള അനുമതി നൽകിയിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ