ഡാളസ് മൃഗശാലയിലെ ഗൊറില്ല ഓർമയായി
Saturday, March 28, 2020 11:55 AM IST
ഡാളസ്: നിരവധി സന്ദർശകരെ ആർഷിച്ചിരുന്ന ഡാളസ് മൃഗശാലയിലെ ഗൊറില്ല കുടുംബത്തിലെ കാരണവരും രണ്ടു കുട്ടികളുടെ പിതാവുമായ "സുബിറ' എന്ന ഗറില്ല ഓർമയായി. ഹൃദയസംബന്ധമായ അസുഖത്തെതുടർന്നാണ് മരണമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.

ചുമയും പനിയും മൂലം ചികിത്സയിലായിരുന്ന സുബിറക്ക് സാധാരണയുള്ള പനിയായിരിക്കാമെന്നാണ് അധികൃതർ കരുതിയിരുന്നത്. എന്നാൽ ഓട്ടോപ്സിക്കുശേഷം ഗൊറില്ലക്ക് കാര്യമായ കാർഡിയോ വാസ്കുലർ രോഗമായിരുന്നുവെന്ന് കണ്ടെത്തി.

2018 ൽ ഹൃദയ സംബന്ധമായ പരിശോധനകൾ നടത്തിയപ്പോൾ തകരാറൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതർ പറഞ്ഞു. സുബിറയുടെ ചുമ കോവിഡ് 19 മായി ബന്ധപ്പെട്ടതാണോ എന്നു നേരത്തെ നടത്തിയ പരിശോധനയിൽ റിപ്പോർട്ട് നെഗറ്റീവ് ആയിരുന്നു.

മൃഗശാലയിലെത്തുന്ന കാണികൾക്കും കുട്ടികൾക്കും സുബിറ ഒരുപോലെ ഹരമായിരുന്നു. കുട്ടികളെ തലോടുന്നതും ചേഷ്ടകൾ കാണിക്കുന്നതും എല്ലാവരും ഒരുപോലെ ആസ്വദിച്ചിരുന്നു.

ഗറില്ലകളുടെ പരമാവധി ആയുസ് 33 ആണെന്ന് അസോസിയേഷൻ ഓഫ് സൂ ആൻഡ് അക്വേറിയം അധികൃതർ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ