കോവിഡ് കാലത്ത് കലാകാരന്മാർക്ക് കൈത്താങ്ങായി ഒരു അമേരിക്കൻ മലയാളി കൂട്ടായ്മ
Tuesday, May 19, 2020 5:15 PM IST
ടെക്‌സസ് : അമേരിക്കയിലെ ടെക്സസ് ആസ്ഥാനമാക്കിയുള്ള ഒരു not-for-profit ഓർഗനൈസേഷൻ "റിഥം ഫോർ ലൈഫ്' അപോറ (aapora) ഗ്രൂപ്പുമായി ചേർന്ന് ലൈവ് ഓൺലൈൻ മ്യൂസിക് പ്രോഗ്രാം സംഘടിപ്പിക്കുന്നു. എല്ലാ ശനിയാഴ്ചയും അമേരിക്കൻ സെൻട്രൽ സമയം രാത്രി 8.30 ന് ഒരു മണിക്കൂർ നേരം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള പ്രശസ്ത കലാകാരന്മാരെ അണി നിരത്തിയാണ് സംഗീത വിരുന്നു ഒരുക്കുന്നത്.

സംഗീതം ഉപജീവനമാക്കിയ ഒരുപാട് കലാകാരന്മാർക്ക് കോവിഡ് ഒരു പ്രതീക്ഷിക്കാത്ത പ്രഹരമായി മാറി. കേരളത്തിലെ മാത്രമല്ല മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകമെമ്പാടുമുള്ള കലാകാരൻമാരും ഇതിൽ ഉൾപ്പെടും. അവർക്കു സംഗീതം ജീവിതവും ഉപജീവന മാർഗവും ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംഗീത പരിപാടിക്ക് സംഘാടകർ ഒരുങ്ങുന്നത്.

മേയ് ആദ്യവാരം തുടങ്ങിയ പരിപാടിയിൽ മനോജ് ജോർജ് (ഗ്രാമി അവാർഡ് വിന്നർ, വയലിനിസ്റ്റ്), അനൂപ്‌ കോവളം, കാവാലം ശ്രീകുമാർ, രാജേഷ് ചേർത്തല, പ്രദീപ് സോമസുന്ദരൻ, ബാലു രാജേന്ദ്ര കുറുപ്പ്, മുരളി (തിരുമല), പ്രശാന്ത് (പാച്ചു) എന്നീ പ്രശസ്ത കലാകാരന്മാർ പങ്കെടുത്തു. വരുന്ന ആഴ്ചകളിലും ഒരുപിടി പ്രശസ്ത കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

പ്രേക്ഷകരിൽ നിന്നുള്ള സഹായം വിഷമം അനുഭവിക്കുന്ന കലാകാരന്മാരുട കുടുബത്തിന് നേരിട്ട് എത്തിക്കുകയാണ് ഈ സംരംഭം. ഇരുപതോളം കുടുംബങ്ങളെ ഇതുവരെ സഹായിക്കാൻ കഴിഞ്ഞു. കൂടുതൽ പേരിലേക്ക് സഹായമെത്തിക്കുക എന്ന ദൗത്യത്തോടെ മുന്നേറുകയാണ് ഈ സംഘടന.

‘ഗോ ഫണ്ട് മി’ എന്ന ക്രൗഡ് ഫൗണ്ടിംഗ് വെബ്സൈറ്റിലൂടെ (https://www.gofundme.com/f/jm2jpq-music-rendezvous) സംഭാവനകൾ സമാഹരിച്ചു ലക്ഷ്യം നിറവേറ്റാമെന്ന പ്രത്യാശയിലാണ് സംഘാടകർ.

റിഥം ഫോർ ലൈഫ് ഫേസ്ബുക്ക് പേജിൽ പരിപാടി തത്സമയം വീക്ഷിക്കാം. (https://www.facebook.com/RhythmforLife.USA)

വിവരങ്ങൾക്ക് www.rhythmforlife.ngo അഥവാ www.aapora.com സന്ദർശിക്കുക.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ