ഡോ. രവി സഖറിയാസ് ഇന്ത്യൻസഭ ലോകസഭയ്ക്കു ദാനം ചെയ്ത മഹനീയ വ്യക്തി: ബിഷപ് സി. വി. മാത്യു
Thursday, May 21, 2020 7:18 PM IST
ഡിട്രോയ്റ്റ് : ഇന്ത്യൻ സഭ ലോകസഭയ്ക്ക് ദാനം ചെയ്ത മഹനീയ വ്യക്തിയായിരുന്നു അന്തരിച്ച ഇന്റർനാഷണൽ മിനിസ്ട്രീസ് സ്ഥാപകൻ ഡോ. രവി സഖറിയാസ് എന്ന് സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ബിഷപ് ഡോ. സി. വി. മാത്യു അനുസ്മരിച്ചു. മേയ് 19 നുചേർന്ന ഇന്‍റർനാഷണൽ പ്രെയർ ലൈൻ 315-ാ മത് കോൺഫറൻസിൽ പങ്കെടുത്തു മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്പ്.

സർവകലാശാല തലങ്ങളിൽ ബുദ്ധി ജീവികളുടെ നടുവിൽ, നാസ്തികരുടേയും സന്ദേഹവാദികളുടേയും ഇടയിൽ സുവിശേഷത്തിനുവേണ്ടി, യേശു ക്രിസ്തുവിനു വേണ്ടി, ക്രിസ്തീയ വിശ്വാസത്തിന്‍റെ വിശ്വാസ്യതക്കുവേണ്ടി സധൈര്യം നിലനിന്ന് ആയിരങ്ങളെ പതിനായിരങ്ങളെ വെല്ലുവിളിച്ച് അവർക്ക് സുവിശേഷത്തെ മനസിലാക്കുന്ന വൈജ്ഞാനിക ഭാഷയിൽ തന്നെ പറഞ്ഞു കൊടുത്ത് ലോക പ്രസിദ്ധനായിതീർന്ന വ്യക്തിയാണ് ഡോ. രവി സഖറിയാസ് എന്ന് ബിഷപ് അഭിപ്രായപ്പെട്ടു.

പരിണിത പ്രജ്ഞയായ സുവിശേഷത്തിന്‍റെ അംബാസഡർ കൂടിയായിരുന്നു അദ്ദേഹം.രണ്ട് മാസങ്ങൾക്കു മുമ്പ് മാർച്ച് 19 ന് തനിക്ക് കാൻസറാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ്, മേയ് 19 ന് തന്‍റെ ഓട്ടം പൂർത്തീകരിച്ചു. നിത്യതയിൽ പ്രവേശിച്ച സഖറിയാസിന്‍റെ ജീവിതം ഏവർക്കും അനുകരണീയവും പ്രചോദനാ ദീപ്തവുമാണെന്നും ബിഷപ് പറഞ്ഞു.

സർവകലാശാലകളിൽ സുവിശേഷത്തിനു സാക്ഷ്യത്തിനുവേണ്ടി ഭാരപ്പെടുന്നതിനുവേണ്ടി പ്രാർഥിക്കുന്ന ഏവർക്കും ഹൃദയത്തിൽ അനല്പമായ ദുഃഖം ഉളവാക്കുന്നതാണ് 74–ാം വയസിലുള്ള അദ്ദേഹത്തിന്‍റെ വേർപാടെന്നും ബിഷപ് ഡോ. സി. വി. മാത്യു കൂട്ടിചേർത്തു.

ഐപിഎൽ കോർഡിനേറ്റർമാരായ സി. വി. സാമുവേൽ, ടി. എ. മാത്യു എന്നിവരും അനുസ്മരണ പ്രസംഗം നടത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ