അഭയം തേടി അമേരിക്കയിലെത്തിയവരെ തിരിച്ചയ്ക്കാം: യുഎസ് സുപ്രീം കോടതി
Saturday, June 27, 2020 8:38 PM IST
വാഷിംഗ്ടൺ: അമേരിക്കയിൽ അഭയം തേടിയെത്തിയ ചിലരെ തിരിച്ചയക്കുന്നതിന് ട്രംപ് ഭരണ കൂടത്തിന് സുപ്രീം കോടതിയുടെ പച്ചകൊടി. ഫെഡറൽ കോടതിയിൽ കൂടുതൽ സഹായത്തിന് അപേക്ഷിക്കുന്നതിൽ നിന്നും അവരെ തടയുന്നതിനും ഫെഡറൽ ജഡ്ജിയുടെ ചേംബറിൽ കേസെടുക്കുന്നതിനു മുന്പ് ഇവരെ തിരിച്ചയ്ക്കുന്നതിനുമാണ് സുപ്രീം കോടതി അനുമതി നൽകിയിരിക്കുന്നത്. ഒമ്പതംഗ ബഞ്ചിൽ 7 പേർ അനുകൂലമായി വിധിയെഴുതിയപ്പോൾ 2 പേർ മാത്രമാണ് എതിർപ്പു പ്രകടിപ്പിച്ചത്.

ശ്രീലങ്കയിൽ ന്യൂനപക്ഷ വിഭാഗത്തിൽ പെട്ട ഒരാൾ അവിടെ പീഡനം സഹിക്ക വയ്യാതെയാണ് അമേരിക്കയിലേക്ക് അഭയം തേടിയെത്തിയതെന്ന് തെളിയിക്കുന്നതിൽ പരാജയപ്പെട്ടു. മെക്സിക്കോ അതിർത്തിയിലൂടെ അമേരിക്കയിൽ നുഴഞ്ഞു കയറിയ ഇയാൾക്കനുകൂലമായി നേരത്തെ ലോവർ കോടതി വിധി പുറപ്പെടുവിച്ചിരുന്നു.ഈ വിധി ഹൈകോർട്ട് മാറ്റിയെഴുതുകയാണെന്ന് ജസ്റ്റീസ് സാമുവൽ അലിറ്റൊ വിധിച്ചു. വിജയകുമാർ തുറസിംഗം എന്നയാളെ ഉടനെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഇവിടെ അഭയം തേടിയെത്തിയ നാലിൽ മൂന്നു ഭാഗവും പ്രാഥമിക സ്ക്രീൻ ടെസ്റ്റിൽ വിജയിച്ചിട്ടുണ്ടെന്നും എന്നാൽ വിജയകുമാറിന് അതിനു കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മെക്സിക്കൊ- അമേരിക്കാ അതിർത്തിയിലൂടെ നുഴഞ്ഞു കയറിയവർ ആദ്യ ടെസ്റ്റിൽ പരാജയപ്പെട്ടാൽ അവരെ കയറ്റി അയക്കുക എന്നതാണ് ഈ വിധി മുന്നറിയിപ്പു നൽകുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ