കലിഫോർണിയ സംസ്ഥാനത്ത് 8000 തടവുകാരെ വിട്ടയയ്ക്കുന്നു
Saturday, July 11, 2020 6:59 PM IST
ഫ്ലോറിഡ: കൊറോണ വൈറസിന്‍റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കലിഫോര്‍ണിയ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 8000 തടവുകാരെ വിട്ടയ്ക്കാൻ ഗവർണർ ഗവിന്‍റെ ഉപദേഷ്ടാവ് അറിയിച്ചു. തടവു കാലാവധി പൂർത്തിയാക്കാത്ത പകുതിയിലധികം തടവുകാരെ ഈ മാസാവസാനത്തോടെ മോചിപ്പിക്കുമെന്നും ഗവർണറുടെ ഓഫീസിൽ നിന്നും അറിയിച്ചു.

കലിഫോർണിയ ജയിലുകളിലെ 5840 തടവുകാർക്ക് കൊറോണ സ്ഥീകരികരിക്കുകയും 31 തടവുകാർ മരിക്കുകയും ചെയ്തിട്ടുണ്ട്. 1222 ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്.

8000 തടവുകാർ ജയിൽ വിമോചനത്തിന് അര്‍ഹരാണെന്ന് കലിഫോർണിയ ഡിപ്പാർട്ട്മെന്‍റ് ഓഫ് കറക്ഷൻ ആൻഡ് റിഹാബിലിറ്റേഷൻ അധികൃതർ പറഞ്ഞു. ഇതിൽ 4800 പേരെ ജൂലൈ അവസാനത്തോടെ വിട്ടയയ്ക്കുന്നത്. ജയിലിൽ ശേഷിക്കുന്നവരുടേയും ജീവനക്കാരുടേയും സുരക്ഷയെ കരുതിയാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്ന് സെക്രട്ടറി റാൾഫ് ഡയസ് അറിയിച്ചു. 30 വയസിനു മുകളിലുള്ളവരെയാണ് ജയിൽ വിമോചനത്തിനായി ആദ്യം പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

വിട്ടയയ്ക്കുന്ന തടവുകാർ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്നും സെക്സ് ഒഫൻഡേഗ്സായി ഒരിക്കലും രജിസ്റ്റർ ചെയ്യരുതെന്നും സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാൽ ഇത്രയും കുറ്റവാളികൾ സമൂഹത്തിൽ എത്തിക്കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി എന്ന് ചിന്തിക്കുന്നവരും ധാരാളമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ