കാർഷിക വിളവെടുപ്പ് മഹോത്സവത്തിന് ഡാളസിലെ മാർത്തോമ ഇടവകകൾ തുടക്കം കുറിച്ചു
Friday, August 7, 2020 6:47 PM IST
ഡാളസ്: കോവിഡ് 19 വരുത്തിവച്ച പ്രതിസന്ധിയിലും തളരാതെ മലയാളിയുടെ പൈതൃക സ്വത്തായ കാർഷിക വിളകളോടുള്ള അടങ്ങാത്ത സ്നേഹം മൂലം പ്രവാസ ജീവിതത്തിലും തങ്ങളുടെ സ്വന്തം ഭവനങ്ങളിലുള്ള സ്ഥലപരിമിതിയിൽ പാകി നട്ട് നനച്ച് വളർത്തി വിളവെടുത്തതായ ആദ്യ കായ്ഫലങ്ങളുടെ ഒരംശം ദൈവസന്നിധിയിൽ സമർപ്പിക്കുക എന്നതിന്‍റെ അടയാളമായി നടത്തപ്പെടുന്ന കാർഷിക വിളവെടുപ്പ് മഹോത്സവത്തിന് ഡാളസിൽ തുടക്കം കുറിച്ചു.

മാർത്തോമ സഭയുടെ ഡാളസിലെ ഏകദേശം 400 ൽ പരം കുടുംബങ്ങൾ ഉള്ള ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ ഇടവകയിലാണ് ആദ്യ തുടക്കം. ഇടവക ജനങ്ങൾ വിളവെടുത്ത് നൽകിയ കായ്ഫലങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമായ സൂം, യൂട്യൂബ്, വാട്സ്ആപ്പ് തുടങ്ങിയ സാങ്കേതിക വിദ്യയിലൂടെ ജൂലൈ 26, ഓഗസ്റ്റ് ഒന്ന്, രണ്ട് ദിവസങ്ങളിലായി നടത്തിയ ലേലത്തിലൂടെ വിറ്റഴിച്ചു. ഇടവകയുടെ പാർക്കിംഗ് ലോട്ടിൽ പ്രത്യേകം തയാറാക്കിയ ടെന്‍റിലായിരുന്നു ലേലം. എല്ലാവിധ സുരക്ഷ മാനദണ്ഡങ്ങളും ഉറപ്പു വരുത്തിയായിരുന്നു ലേലം.

ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളും പങ്കെടുത്ത ലേലത്തിൽ ചക്ക, കപ്പ, മാങ്ങാ, ചേമ്പ്, ചേന, പാവയ്ക്കാ, പടവലങ്ങ, വിവിധ ഇനം ഫ്രൂട്ടുകൾ, കറിവേപ്പ്, മുരിങ്ങ, ചീര, തകര, ചെമ്പകം, വിവിധ ഇനം ഗാർഡൻ വിഭവങ്ങൾ എന്നിവ ഇടവകയിലെ വിവിധ പ്രാർഥനാ ഗ്രുപ്പുകളുടെ നേതൃത്വത്തിലാണ് ലേലത്തിനായി എത്തിച്ചത്. ലേലത്തിൽ വിഭവങ്ങൾ വാങ്ങിയവർക്ക് വോളന്‍റിയേഴ്സ് അതാതു ഭവനങ്ങളിൽ എത്തിച്ചു നൽകി. അവസാന ദിവസത്തെ ലേലത്തിൽ കായ്ഫലത്തോടുകൂടിയ ഒരു മുരിങ്ങ റിക്കാർഡ് തുകയായ 1,100 ഡോളറിനാണ് ലേലത്തിൽ വിറ്റു പോയത് .

വിളവെടുപ്പ് മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ കാർഷിക സെമിനാറിന് വികാരി റവ.ഡോ.എബ്രഹാം മാത്യുവിന്‍റെ ഭാര്യയും കേരള അഗ്രികൾച്ചറൽ ഡിപ്പാർട്ട്മെന്‍റിന്‍റെ വെജിറ്റബിൾ ആൻഡ് ഫ്രൂട്സ് പ്രമോഷൻ കൗൺസിലിന്‍റെ മുൻ കോട്ടയം ജില്ലാ മാനേജർ ബ്ലെസി എബ്രഹാം നേതൃത്വം നൽകി. ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് സിപിഎ, പി.ടി.മാത്യു , ബാബു സി.മാത്യു എന്നിവർ മത്സരിച്ച് വിളിച്ചാണ് ലേലത്തിന് ഒന്നാം ദിവസം തുടക്കം കുറിച്ചത്.

വികാരി റവ.ഡോ.എബ്രഹാം മാത്യു, സഹവികാരി റവ.ബ്ലെസിൻ കെ.മോൻ എന്നിവരുടെ നേതൃത്വത്തിൽ കൺവീനർ എബ്രഹാം മാത്യു, കോ- ഓർഡിനേറ്റർന്മാരായ സുരേഷ് ഫിലിപ്പ്, ബാബു തേക്കനാൽ, വൈസ് പ്രസിഡന്‍റ് പൊന്നച്ചൻ കെ.തോമസ്, സെക്രട്ടറി റോബി ജെയിംസ്, ട്രസ്റ്റിമാരായ തോമസ് തൈമുറിയിൽ, ജോബി ജോൺ എന്നിവരെ കൂടാതെ മികച്ച ഒരു ഐറ്റി ടീമും തിരഞ്ഞെടുത്ത വോളന്‍റിയേഴ്സും വിജയത്തിനുവേണ്ടി പ്രവർത്തിച്ചു.

റിപ്പോർട്ട്: ഷാജി രാമപുരം