62 വയസുള്ള പെരുമ്പാമ്പ് ഏഴു മുട്ടകള്‍ ഇട്ടു!
Saturday, September 12, 2020 4:54 PM IST
സെന്‍റ് ലൂയിസ് : സെന്‍റ് ലൂയിസ് മൃഗശാലയിലെ 62 വയസുളള പെരുമ്പാമ്പ് 7 മുട്ടകള്‍ ഇട്ടതു മൃഗശാല അധികൃതരെ അദ്ഭുതപ്പെടുത്തി. പെരുമ്പാമ്പ് കഴിഞ്ഞ 15 വര്‍ഷമായി ആണ്‍ പാമ്പിന്റെ സാമീപ്യം ഇല്ലാതെയാണ് മുട്ട ഇട്ടതെന്ന് മൃഗശാല അധികൃതര്‍ പറയുന്നു.

961 ല്‍ ഒരു സ്വകാര്യ വ്യക്തി പെരുമ്പാമ്പിനെ മൃഗശാലയ്ക്ക് നല്‍കുമ്പോള്‍ മൂന്നു വര്‍ഷം പ്രായമായിരുന്നു ഉണ്ടായിരുന്നത്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റി സുവോളജി മ്യൂസിയത്തിന്റെ പഠനത്തില്‍ ഒരു പെരുമ്പാമ്പിന്റെ ആയുസ് 20 വര്‍ഷമാണെന്നാണ് കണക്കാക്കിയിട്ടുള്ളത്.

സെന്റ് ലൂയിസ് മൃഗശാലയില്‍ 31 വയസു പ്രായമുള്ള ഒരു ആണ്‍ പെരുമ്പാമ്പ് കൂടിയുണ്ട്. ഇരുവരെയും പ്രദര്‍ശനത്തിനുപയോഗിക്കാറില്ല. ബോള്‍ പൈതണ്‍ വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ഇവ സെന്‍ട്രല്‍ ആന്‍ഡ് വെസ്റ്റേണ്‍ ആഫ്രിക്കയിലാണ് കൂടുതല്‍ കണ്ടു വരുന്നത്.

2009 ലും പെരുമ്പാമ്പ് മുട്ടയിട്ടിരുന്നെങ്കിലും അതിന് ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ലഭിച്ച മുട്ടകളില്‍ മൂന്നെണ്ണം ഇന്‍കുബേറ്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. രണ്ടെണ്ണം പഠനത്തിനായി ഉപയോഗിക്കും. രണ്ടെണ്ണം ഉപയോഗശൂന്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇണ ചേര്‍ന്നതിനുശേഷം ആണ്‍ വര്‍ഗത്തില്‍ നിന്നു സ്വീകരിക്കുന്ന ബീജം സൂക്ഷിച്ചുവച്ച് പിന്നീട് ബീജസങ്കലനം നടത്താനുള്ള കഴിവു ചിലയിനം പാമ്പുകള്‍ക്കുണ്ട്.

റിപ്പോര്‍ട്ട്: പി പി ചെറിയാന്‍