ജൊ ബൈഡന് കത്തോലിക്കർക്കിടയിൽ 12 പോയിന്‍റ് ലീഡ് എന്ന് സർവേ
Tuesday, September 22, 2020 9:10 PM IST
വാഷിംഗ്ടൺ ഡിസി: കത്തോലിക്കരായ വോട്ടർമാർക്കിടയിൽ ഇഡബ്ല്യുടിഎൻ ന്യൂസ് / റിയൽക്ലിയർ ഒപ്പീനിയൻ സർവേയിൽ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജൊ ബൈഡന് പ്രസിഡന്‍റ് ട്രംപിനെക്കാൾ 12 പോയിന്‍റ് ലീഡ് നേടി മുന്നേറുന്നു. 1,212 കത്തോലിക്കാ വോട്ടർമാരുടെ ഇടയിൽ നടത്തിയ സർവേയിൽ 53 ശതമാനം പേർ ബൈഡനെ അനുകൂലിക്കുകയും 41 ശതമാനം പേർ ട്രംപിനെ അനുകൂലിക്കുകയും ചെയ്യുന്നതായി സർവേ പറയുന്നു.

സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദർ ജിൻസ്‌ബർഗിന്‍റെ മരണത്തിന് മുമ്പ് ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 1 വരെയാണ് സർവേ നടന്നത്. കത്തോലിക്കാ വിശ്വാസിയായ ബൈഡൻ കത്തോലിക്കാ വോട്ടർമാർക്കിടയിലെ വിടവ് വർധിപ്പിച്ചതായി സർവേ ഫലം സൂചിപ്പിക്കുന്നു. 2016 ൽ സമാനമായ അഭിപ്രായ വോട്ടെടുപ്പിൽ ഹില്ലരി ക്ലിന്‍റന് 50 ശതമാനവും ട്രംപിന് 45 ശതമാനം വോട്ടുകളും ലഭിച്ചു. എന്നാൽ പ്യൂ റിസർച്ച് സെന്‍ററിന്‍റെ കണക്കനുസരിച്ച് 52 ശതമാനം കത്തോലിക്കരും ട്രംപിനാണ് വോട്ട് ചെയ്തത്, ഹില്ലരി ക്ലിന്‍റന് 44 ശതമാനവും ലഭിച്ചു.

കത്തോലിക്കർക്കിടയിൽ ട്രംപ് ഇപ്പോൾ ബൈഡനെക്കാൾ പിന്നിലാണെങ്കിലും മുമ്പ് ജിൻസ്ബർഗ് കൈവശം വച്ചിരുന്ന സുപ്രീം കോർട്ട് സീറ്റിലേക്ക് ആമി കോണി ബാരറ്റിനെ നിർദ്ദേശം ചെയ്‌താൽ കത്തോലിക്കരുടെ വോട്ടുകൾ ആകർഷിക്കാൻ ട്രംപിന് കഴിയുമെന്നു ദി ഹിൽ റിപ്പോർട്ട് ചെയ്യുന്നു. ജിൻസ്‌ബർഗിന് പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് ശനിയാഴ്ച ട്രംപ് ട്വിറ്റ് ചെയ്തിരുന്നു.

റോയി വി. വേഡിന്‍റെ സുപ്രീം കോർട്ടിലെ വിധിയെ ചോദ്യം ചെയ്ത ആളാണ് ബാരറ്റ്, ഒബാമകെയറിലേ ജനന നിയന്ത്രണ ഉത്തരവ് “മതസ്വാതന്ത്ര്യത്തിന്‍റെ ഗുരുതരമായ ലംഘനമാണ്” എന്നും ബാരറ്റ് പറയുന്നു. അതിനാൽ തന്നെ ട്രംപിന്‍റെ സാധ്യതാ പട്ടികയിൽ ആമി കോണി ബാരറ്റ് മുന്നിൽ നിൽക്കുന്നു.

എന്നാൽ ചില കത്തോലിക്കാ വോട്ടർമാർക്കിടയിൽ ട്രംപിനാണ് മുന്നേറ്റം എന്ന് സർവേ വ്യക്തമാക്കുന്നു. ആഴ്ചയിൽ ഒന്നിലധികം തവണ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നവരിൽ 61 ശതമാനം ആളുകളും ദിനംപ്രതി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന 58 ശതമാനം കത്തോലിക്കരും പ്രസിഡന്‍റ് ട്രംപിനെയാണ് പിന്തുണയ്ക്കുന്നത്. എന്നാൽ അപൂര്‍വമായി കുര്‍ബാനയിൽ പങ്കെടുക്കുന്ന 69 ശതമാനം കത്തോലിക്കരും ബൈഡനെയാണ് പിന്തുണയ്ക്കുന്നത്.

വൈറ്റ് കത്തോലിക്കാ വോട്ടർമാരിൽ ട്രംപ് 5 ശതമാനം പോയിന്‍റ് നേടി അതേസമയം ഹിസ്പാനിക് കത്തോലിക്കരിൽ ബൈഡൻ മുന്നിലാണ്.

പള്ളികൾ നശിപ്പിക്കുന്നതിനോ ക്രിസ്റ്റഫർ കൊളംബസിന്‍റെ പ്രതിമകൾ തകർക്കുന്നതിനോ കാരണമാകുന്ന പ്രകടനങ്ങളെ കത്തോലിക്കർ അമിതമായി എതിർക്കുന്നുവെന്നും വോട്ടെടുപ്പ് വ്യക്തമാക്കുന്നു. എന്നാൽ ചൈനയുമായുള്ള വ്യാപാര നയം ഒഴികെയുള്ള എല്ലാ കാര്യങ്ങളിലും ട്രംപിനെക്കാൾ ബൈഡനെ ഇപ്പോഴും കത്തോലിക്കർ വിശ്വസിക്കുന്നുവെന്ന് അവർ പറഞ്ഞു. അതുപോലെ തന്നെ കൊറോണ വൈറസിനെ കൈകാര്യം ചെയ്ത ട്രംപിന്‍റെ രീതിയെ 57 ശതമാനം പേർ അംഗീകരിക്കുന്നില്ലെന്നും സർവേ‍‍യിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: അജു വാരിക്കാട്