മുഖത്ത് വെടിയേറ്റ വനിതാ പോലീസ് ഓഫീസര്‍ മരിച്ചു
Saturday, December 5, 2020 3:13 PM IST
ചാള്‍സ്റ്റണ്‍ (വെര്‍ജീനിയ): രണ്ട് ദിവസം മുമ്പ് മുഖത്ത് വെടിയേറ്റ് ചികിത്സയിലായിരുന്ന വെസ്റ്റ് വിര്‍ജീനിയ പോലീസ് ഓഫീസര്‍ മരിച്ചതായി വ്യാഴാഴ്ച സിറ്റി ഓഫ് ചാള്‍സ്റ്റണ്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. കേസി ജോണ്‍സണ്‍ (28) പാര്‍ക്കിംഗിനെക്കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കുന്നതിനിടയിലാണ് ജോഷ്വാ ഫിലിപ്പ് (38) എന്ന പ്രതി മുഖത്തേക്ക് നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ കേസിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

2017-ല്‍ സര്‍വീസില്‍ ചേര്‍ന്ന കേസി 2019-ലാണ് പട്രോള്‍ ഓഫീസറായി ചാര്‍ജെടുത്തത്. തന്റേതല്ലാത്ത പാര്‍ക്കിംഗ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെക്കുറിച്ച് ലഭിച്ച പരാതി അന്വേഷിക്കുന്നതിനാണ് വനിതാ ഓഫീസര്‍ സ്ഥലത്തെത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ തര്‍ക്കിക്കുകയും, ഫിലിപ്പ് തന്റെ കൈവശമുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. കേസിയും തിരിച്ച് വെടിവെച്ചു. വെടിയേറ്റ ഫിലിപ്പും ചികിത്സയിലാണ്.

2020 ജനുവരിയില്‍ ആയുധം കൈവശം വച്ചതിന് ഫിലിപ്പ് അറസ്റ്റിലായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ ജാമ്യത്തിലായിരുന്നു. സിറ്റിയിലെ പൗരന്മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയിരുന്ന ധീരയും, സേവന സന്നദ്ധതയുമുള്ള ഓഫീസറെയാണ് കേസിയുടെ മരണത്തിലൂടെ നഷ്ടമായതെന്ന് ചാള്‍സ്റ്റണ്‍ പോലീസ് ചീഫ് ടൈക്കി ഹണ്ട് പറഞ്ഞു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍