ടെക്സസിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കാൻ ഒരുങ്ങുന്നു: ഗവർണർ
Friday, February 26, 2021 6:51 PM IST
ഓസ്റ്റിൻ: ടെക്സസിൽ കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കാൻ ഒരുങ്ങുന്നതായി ഗവർണർ ഗ്രെഗ് ഏബട്ട്. ഫെബ്രുവരി 25 നാണ് ഇതു സംബന്ധിച്ച സൂചന ഗവർണർ നൽകിയത്.

കോപ്പർ ക്രിസ്റ്റിയിൽ മാധ്യമ പ്രവർത്തകരെ അഭിമുഖീകരിക്കവെ, എന്നു മുതലാണു നിയന്ത്രണങ്ങൾ പിൻവലിക്കുക എന്ന ചോദ്യത്തിന് എത്രയും വേഗം എന്നാണു ഗവർണർ മറുപടി നൽകിയത്.

ടെക്സസിൽ എല്ലാവർക്കും കോവിഡ് വാക്സീൻ നൽകുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 23 ഓടെ 5.1 ശതമാനം പേർക്കും വാക്സിനേഷൻ നൽകുവാൻ കഴിഞ്ഞിട്ടുണ്ട്. ടെക്സസിലെ 22 മില്യൺ പേർക്ക് വാക്സിനേഷൻ നൽകുമ്പോൾ തന്നെ 16 വയസിനു താഴെയുള്ള ജനസംഖ്യയുടെ 23 ശതമാനം വരുന്നവർക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള അംഗീകാരം നൽകിയിട്ടില്ലെന്നും ഗവർണർ ഏബട്ട് പറഞ്ഞു.

കൊറോണ വൈറസിനെതിരെ നൽകുന്ന വാക്സിൻ എത്രമാത്രം പ്രയോജനകരമാണെന്ന് പൂർണ്ണമായും തെളിയിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ പ്രാഥമിക പഠനത്തിൽ വൈറസിനെ പ്രതിരോധിക്കാൻ ഒരു പരിധിവരെ വാക്സീനു കഴിയുമെന്നു വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

അതേസമയം രണ്ടു ഡോസു വാക്സീൻ ലഭിച്ചവരും കൂട്ടംകൂടുന്നത് ഒഴിവാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മൂക്കും വായും പൂർണ്ണമായും മറയ്ക്കുന്ന മാസ്ക്കുകൾ ധരിക്കണമെന്നും സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ (CDC) കർശന നിർദേശം നൽകിയിട്ടുണ്ട്.

വൈറസിന്‍റെ ആക്രമണം കാര്യമായി ബാധിച്ച ടെക്സസിൽ ഒടുവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ചു വ്യാപനതോത് വളരെ കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

റിപ്പോർട്ട്: പി.പി. ചെറിയാൻ