പ്രിയദർശിനിയുടെ "പ്രിയമാധവം' പുറത്തിറങ്ങി.
Friday, April 16, 2021 11:39 AM IST
ചിക്കാഗോ: അമേരിക്കൻ മലയാളിയും കവയിത്രിയുമായ പ്രിയദർശിനി ചൂലേഴി രചിച്ച "പ്രിയമാധവം' വിഷുവിനു പുറത്തിറങ്ങി. സുരേഷ് ജിയുടെ സംവിധാനത്തിൽ, ലൂസിഫർ സിനിമയിൽ മോഹൻലാലിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചു ശ്രദ്ധേയനായ ആദർശ് ഹരീഷും, മോഹൻലാലിന്ററെതന്നെ പുറത്തിറങ്ങാനിരിക്കുന്ന "ആറാട്ട്' സിനിമയിൽ അഭിനയിച്ച ശ്രീലക്ഷ്മിയും അഭിനയിച്ചു ചന്ദ്ര പ്രൊഡക്ഷൻസിന്‍റെ ബാനറിൽ പുറത്തിറക്കിയ പ്രിയമാധവത്തിന്‍റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് ചലചിത്ര ഗാനരചയിതാവും സംഗീതജ്ഞനുമായ രാജീവ് ആലുങ്കലാണ്. ഗായിക ലാലി ആർ പിള്ളയാണ് ഗാനമാലപിച്ചിരിക്കുന്നത്.

"പ്രിയരാഗം' എന്ന യൂട്യൂബ് ചാനലിൽ ആണ് കൃഷ്ണനോടുള്ള അഗാധ ഭക്തിയും, നൈർമല്യവും പ്രണയവും അതിമനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്ന ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
കോഴിക്കോട് സ്വദേശിനിയും തന്‍റെ രചനകളിലൂടെ സാഹിത്യരംഗത്തു സ്വന്തമിടം കണ്ടെത്തിയതുമായ പ്രിയദർശിനി ഏറെക്കാലമായി ചിക്കാഗോയിലാണ് കുടുംബസമേതം താമസിക്കുന്നത്. മധുബാലകൃഷ്‍ണൻ, ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ വിവേകാനന്ദൻ തുടങ്ങിവരാണ് പ്രിയദർശിനിയുടെ മുൻ രചനകൾക്ക് ശബ്ദം നൽകിയിട്ടുള്ളത്.

പ്രശസ്ത ഗായിക കെ എസ് ചിത്ര,സംഗീത സംവിധായകൻ എം ജയചന്ദ്രൻ, ഗായകൻ മധു ബാലകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ ഇതിനോടകംതന്നെ ആൽബത്തെ പ്രശംസിച്ചിട്ടുണ്ട്. എം. ജയചന്ദ്രന്‍റെ കൂടെ ഒരു സിനിമയിലെങ്കിലും പങ്കാളിയാക്കണമെന്നാണ് ഈ യുവ കവയത്രിയുടെ ആഗ്രഹം. താഴെകൊടുത്തിട്ടുള്ള ലിങ്ക് വഴി ഗാനമാസ്വദിക്കാവുന്നതാണ്.