ടെക്‌സസില്‍ പോലീസ് ഡെപ്യൂട്ടികള്‍ വെടിയേറ്റു മരിച്ച കേസിൽ പ്രതി അറസ്റ്റില്‍
Wednesday, May 12, 2021 6:26 PM IST
ലബക്ക്, ടെക്‌സസ്: ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ വെടിയേറ്റു മരിച്ച കോണ്‍ജൊ കൗണ്ടി ഷെറീഫ് ഓഫിസിലെ ഡെപ്യൂട്ടികളായ സാമുവേല്‍ ലിയൊണാര്‍ഡ്, സ്റ്റീഫന്‍ ജോണ്‍സ് എന്നിവര്‍ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതി എന്നു സംശയിക്കുന്ന ജെഫ്രി നിക്കൊളസിനെ(28) പോലീസ് പിടികൂടി.

മേയ് 10 നായിരുന്നു സംഭവങ്ങളുടെ തുടക്കം. കോണ്‍ഞ്ചെ, കൗണ്ടി 100 ബ്ലോക്ക് ബ്രയാന്‍ സ്ട്രീറ്റിലുള്ള നായയുമായി ബന്ധപ്പെട്ട കേസന്വേഷണത്തിന് എത്തിയതായിരുന്നു പോലീസുകാർ. അതേ സമയം വീടിനു മുമ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ജെഫ്രിയുടെ വാഹനം തടഞ്ഞു കൈയുയര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ വാഹനത്തില്‍ നിന്നും ഇറങ്ങിയോടിയ ജഫ്രി വീടിനുള്ളില്‍ കടന്ന് പ്രതിരോധിച്ചു. പിന്നാലെ എത്തിയ പോലീസിന് നേര്‍ക്ക് ജഫ്രി പത്തു റൗണ്ടു നിറയൊഴിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പോലീസിനോടൊപ്പം എത്തിചേര്‍ന്ന സിറ്റി ജീവനക്കാരനും വെടിയേറ്റു. എല്ലാവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഡെപ്യൂട്ടികളുടെ ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതര പരിക്കുകളോടെ സിറ്റി ജീവനക്കാരന്‍ ആശുപത്രിയില്‍ കഴിയുന്നു.

അരമണിക്കൂറോളം വീടിനകത്ത് വാതിലടച്ചു കഴിഞ്ഞ ജെഫ്രി പിന്നീട് കീഴടങ്ങുകയായിരുന്നു. അറസ്റ്റു ചെയ്ത പ്രതിക്കു 4 മില്യണ്‍ ഡോളര്‍ ജാമ്യം അനുവദിച്ചു. പിന്നീട് ഇയാളെ ടോം ഗ്രീന്‍ കൗണ്ടി ജെയിലിലേക്ക് മാറ്റി. രണ്ടു കാപിറ്റല്‍ മര്‍ഡറിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡെപ്യൂട്ടികളുടെ ആകസ്മിക വിയോഗത്തില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ദുഃഖം രേഖപ്പെടുത്തി. ടെക്‌സസ് റേജേഴ്‌സ് കേസിന്‍റെ അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ