ജോസഫ് ചാണ്ടിയുടെ കനിവിന്‍റെ സൂര്യതേജസ് പുസ്തകം പ്രകാശനം ചെയ്തു
Wednesday, June 29, 2022 12:13 PM IST
ജീമോൻ റാന്നി
ഗാർലാൻഡ്, ഡാളസ്: ജീവകാരുണ്യ പ്രവർത്തകനും ഡാളസിലെ സ്ഥിരം താമസക്കാരനുമായ ജോസഫ് ചാണ്ടിയുടെ ജീവചരിത്രവും അദ്ദേഹം രൂപീകരിച്ച ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് പൂർണരൂപവും ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ "കനിവിന്‍റെ സൂര്യതേജസ്" പുസ്തകത്തിൻറെ നാലാം പതിപ്പിന്റെ പ്രകാശന കർമ്മം നിർവഹിച്ചു

ജൂൺ 27ന് വൈകിട്ട് ഗാർലാൻഡ് പാർക്‌ലാന്‍റിൽ ചേർന്ന സമ്മേളനത്തിൽ പുസ്തകത്തിൻറെ ഒരു കോപ്പി കേരള അസോസിയേഷൻ പ്രസിഡന്‍റ് ഹരിദാസ് തങ്കപ്പന് നൽകിക്കൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഡ്വക്കേറ്റ് സണ്ണി പാമ്പാടി നിർവഹിച്ചു

മൗന പ്രാർത്ഥനയോടെയാരംഭിച്ച സമ്മേളനത്തിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ സ്വാഗതമാശംസിച്ചു

അമേരിക്കയിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ പി .പി ചെറിയാൻ അധ്യക്ഷത വഹിച്ചു. കാൽനൂറ്റാണ്ടായി സ്വന്തം സമ്പാദ്യത്തിന്‍റെ സിംഹഭാഗവും 'ഇന്ത്യൻ ജീവകാരുണ്യ ട്രസ്ററ്' രൂപീകരിച്ച്‌ വിതരണം ചെയ്യുക എന്നത് ഒരു പുണ്യ പ്രവർത്തിയാണെന്ന് അധ്യക്ഷപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി

കേരളമുൾപ്പെടെ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ധനസഹായം സ്വന്തം അക്കൗണ്ടിൽ നിന്നും നൽകിയ ജീവകാരുണ്യ പ്രവർത്തകനായ ജോസഫ് ചാണ്ടിയുടെ പ്രവർത്തനങ്ങൾ അമേരിക്കൻ മലയാളികൾക്ക് മാതൃകയാണെന്ന് പുസ്തക പ്രകാശന കർമ്മം നിർവഹിച്ച മുഖ്യാതിഥി സണ്ണി പാമ്പാടി പറഞ്ഞു.

ജോസഫ് ചാണ്ടിയുടെ ജീവചരിത്രം വരുംതലമുറയ്ക്ക് വലിയൊരു നിധിയായും,ഉത്തേജനമായും തീരട്ടെ എന്ന് ഡാളസ് കേരള അസോസിയേഷൻ പ്രസിഡന്‍റ് ഹരിദാസ് തങ്കപ്പൻ പുസ്തകത്തിന്‍റെ പ്രതി ഏറ്റുവാങ്ങിക്കൊണ്ട് ആശംസിച്ചു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അഡ്വൈസറി ബോർഡ് അംഗം സണ്ണി മാളിയേക്കൽ ആശംസകളർപ്പിച്ച് സംസാരിച്ചു.

കഴിഞ്ഞ 25 വർഷത്തിന് അധികമായി നടത്തുന്ന ഈ ട്രസ്റ്റിൽ നിന്നും കേരള മുൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഏകദേശം 10 കോടി 79 ലക്ഷം രൂപ വിതരണം ചെയ്യുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സി. ജോസഫ് ചാണ്ടി പറഞ്ഞു .

ജോസഫ് ചാണ്ടിയുടെ ജീവിതരേഖ "കനിവിന്റെ സൂര്യതേജസ്സ്" പുസ്തകമാക്കിയത് ഡോ എം ആർ ഗോപാലകൃഷ്ണൻ നായരാണ്. ജോസഫിനോടൊപ്പം കേരളം മുഴുവൻ യാത്രചെയ്താണ് ഈ യത്നം പൂർത്തീകരിച്ചത്. കൂരോപ്പട കേന്ദ്രീകരിച്ചുള്ള കണികാ പബ്ലിക്കേഷൻ ആയിരുന്നു പ്രസാധകർ..

ജോസഫ് ചാണ്ടി അനുമോദനങ്ങൾക്ക് മറുപടി നൽകി. ചടങ്ങിൽ കേരള അസോസിയേഷൻ സ്ഥാപകനേതാവ് ഐ വർഗീസ്, കോശി പണിക്കർ, സെന്റ് തോമസ് സീറോ മലബാർ ചർച് ട്രസ്റ്റി ജിമ്മി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സമ്മേളനത്തിന്‍റെ ലൈവ് സ്ട്രീം ലിങ്ക്
https://youtu.be/Dx8WFMoU07c