സിപിഎം - സംഘപരിവാർ ശക്തികളുടെ ഗാന്ധിനിന്ദക്കെതിരെ ഒഐസിസി യുഎസ്എ നാഷണൽ കമ്മിറ്റി
Wednesday, June 29, 2022 12:18 PM IST
പി.പി.ചെറിയാൻ
ഡാളസ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അപമാനിക്കുന്ന സിപിഎം, സംഘപരിവാർ ശക്തികളുടെ നടപടിയിൽ ഒഐസിസിസി യുഎസ്എ നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു.

രാഷ്ട്രപിതാവിന്‍റെ പ്രതിമ തകർത്തു കൊണ്ട് സിപിഎം അവരുടെ അക്രമ അജണ്ട നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. രാഷ്ട്രപിതാവിനെ പോലും അപമാനിക്കുന്ന നിലപാട് അംഗീകരിക്കുവാൻ കഴിയില്ല. സംഘപരിവാർ തുടങ്ങിവെച്ച ഈ അക്രമണരീതിയെ സിപിഎമ്മും പിന്തുടരുകയാണ്. ഗാന്ധി നിന്ദയിൽ രണ്ടു പാർട്ടികളും ഒരേ നാണയത്തിൻ്റെ രണ്ടു വശങ്ങളാണ്. ഗാന്ധിജിയെ ഇല്ലാതാക്കുന്നത് ഭാരതത്തിന്‍റെ ആത്മാവിനെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്നും യോഗം വിലയിരുത്തി.

വയനാട്ടിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ചു കയറി, രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഫോട്ടോ വലിച്ചു താഴെയിട്ടു ചവിട്ടി മെതിച്ച എസ്‌എഫ്‌എ, ഡിവൈഎഫ്ഐ ഗുണ്ടകളുടെ വിളയാട്ടത്തെ നേതാക്കൾ ശക്തമായി അപപലപിച്ചു. ഇതിനെ തുടർന്ന് കെപിസിസി നടത്തുന്ന എല്ലാ സമരപരിപാടികൾക്കും ഒഐസിസി യുഎസ്എ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മെയ് 26 നു ഞായറാഴ്ച ഉച്ചകഴിഞ്ഞു ഡാലസിലെ ഇർവിങ്ങിലുള്ള മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിൽ ഗാന്ധിജിയുടെ പ്രതിമയ്ക്ക് കീഴിൽ ഒത്തുകൂടി ഒഐസിസി യൂഎസ്എ നേതാക്കൾ സമാധാന പ്രതിജ്ഞ ചൊല്ലി.

നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, സതേൺ റീജിയണൽ ജനറൽ സെക്രട്ടറി ജോമോൻ ഇടയാടി, റീജിയനൽ എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് സ്റ്റീഫൻ, സജി ഇലഞ്ഞിക്കൽ എന്നിവർ പ്രസംഗിച്ചു.