ട്രക്കില്‍ ചൂടേറ്റ് മരിച്ച അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 51 കവിഞ്ഞു
Wednesday, June 29, 2022 3:09 PM IST
പി.പി. ചെറിയാന്‍
സാന്‍ അന്റോണിയോ (ടെക്സസ്): സാന്‍ അന്റോണിയോ ട്രക്കില്‍ നിന്നും കണ്ടെത്തിയ മരിച്ചവരുടെ എണ്ണം 51 ആയെന്ന് ബെക്സര്‍ കൗണ്ടി കമ്മീഷണര്‍ റെബേക്ക ക്ലെ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 34 പേരെ തിരിച്ചറിഞ്ഞതായും ഇവര്‍ പറഞ്ഞു.

ട്രക്കിലുണ്ടായിരുന്ന കൂടുതല്‍ പേരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ മൂന്നു പേരെ പോലീസ് പിടികൂടിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് സാന്‍ അന്റോണിയോ റെയില്‍വേ ട്രാക്കിന് സമീപമാണ് നിര്‍ത്തിയിട്ടിരുന്ന ട്രക്ക് അവിടെയുണ്ടായിരുന്ന ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടത്. ട്രക്കില്‍ നിന്നും നിലവിളിയും കേട്ടിരുന്നതായി ഇയാള്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ട്രക്കിന്‍റെ പുറകുവശത്തെ ഡോര്‍ പാതി തുറന്ന നിലയിലായിരുന്നു. ട്രക്കിനകത്തു ഇത്രയും പേര്‍ മരിക്കുന്നത് ആദ്യമാണ്.

മെക്സിക്കൊ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും അനധികൃതമായി ആളുകളെ ട്രക്കില്‍ കയറ്റി കൊണ്ടുവന്നതാണെന്നാണ് പ്രഥമ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മരിച്ചവരില്‍ 39 പുരുഷന്മാരും, 12 സ്ത്രീകളും ഉള്‍പ്പെടുന്നു. നാലുകുട്ടികള്‍ ഉള്‍പ്പെടെ പതിനാറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സാന്‍ അന്റോണിയൊ ഫയര്‍ മര്‍ഷല്‍ ചാള്‍സ് ഹൂസ് പറഞ്ഞു.

തിങ്കളാഴ്ച 101 ഡിഗ്രി താപനിലയാണ് സംഭവ സ്ഥലത്തു രേഖപ്പെടുത്തിയിരുന്നത്. കഠിന സൂര്യതാപവും, ആവശ്യമായ ജലവും ലഭിക്കാത്തതായിരിക്കാം മരണകാരണമെന്ന് ഹോംലാന്‍റ് സെക്യൂരിറ്റി അധികൃതര്‍ പറഞ്ഞു. സംഭവത്തെകുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിര്‍ത്തിയില്‍ ആവശ്യമായ പരിശോധന നടത്താത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും, ഇതിന് ബൈഡന്‍ ഗവണ്‍മെന്റ് ഉത്തരവാദിയാണെന്നും ടെക്സസ് ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ആരോപിച്ചു.