മങ്കി പോക്‌സ്: ഇല്ലിനോയ് സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
Wednesday, August 3, 2022 3:55 PM IST
പി.പി ചെറിയാന്‍
ഷിക്കാഗോ: മങ്കി പോക്‌സ് ഇലിനോയ് സംസ്ഥാനത്തു വ്യാപകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന് ഗവര്‍ണര്‍ ജെ.ബി പ്രിറ്റ്‌സ്‌ക്കര്‍ അറിയിച്ചു.

അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മങ്കി പോക്‌സ് സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇല്ലിനോയി എന്ന് സെന്‍റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറഞ്ഞു. 510 കേസുകളാണ് സംസ്ഥാനത്തു സ്ഥിരികരിച്ചിരിക്കുന്നത്.

ന്യുയോര്‍ക്ക് സംസ്ഥാനത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ മങ്കി പോക്‌സ് വൈറസ് സ്ഥിരികരിച്ചിരിക്കുന്നത്. 1300 പേര്‍ക്കാണ് ഇവിടെ മങ്കി പോക്‌സ് സ്ഥിരികരിച്ചിരിക്കുന്നത്. രണ്ടാമതായി കലിഫോര്‍ണിയ, ഇവിടെ 800 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിനു ലഭ്യമായ കണക്കുകള്‍ അനുസരിച്ചു അമേരിക്കയില്‍ ഇതുവരെ 51000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.