വിസ്മയം തീർത്ത ഭരതനാട്യ അരങ്ങേറ്റവുമായി ഗായത്രി നായർ
Friday, August 5, 2022 2:23 PM IST
ശ്രീകുമാർ ഉണ്ണിത്താൻ
ന്യൂയോർക്ക് : യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ചടുലവും സുന്ദരവുമായ നൃത്തചുവടുകൾ കൊണ്ട് ആസ്വാദക ഹൃദയങ്ങളെ മനം കുളിര്‍പ്പിച്ച് ഗായത്രി നായർ, തന്‍റെ ഭരതനാട്യം അരങ്ങേറ്റം ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്‍റെ പൊൻതിളക്കം പകര്‍ന്നു നല്‍കി വിസ്മയം തീർത്തപ്പോൾ അത് കാണികള്‍ കരഘോഷങ്ങളോടെയാണ് സ്വീകരിച്ചത്.

ജൂലൈ 31 ന് നു ഞായറാഴ്ച വൈകുന്നേരം 2:30 ന് വിളക്കുകൊളുത്തി ആരംഭിച്ച്, 4 മണിക്കൂറിലധികം നീണ്ടു നിന്ന നടന വിസ്മയം കാണികൾക്ക് കലാസ്വാദനത്തിന്‍റെ മഹത്തായവിരുന്നാണ് നൽകിയത് . സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി പുഷ്പങ്ങള്‍ അര്‍പ്പിയ്ക്കുന്ന ഗണപതി സ്തുതിയോടുകൂടിയായിരുന്നു "അരങ്ങേറ്റം " തുടക്കംകുറിച്ചത്. 'വിജയവസന്തം ' രാഗത്തില്‍ 'ആദി' താളത്തില്‍ മായാ രാം മൂർത്തി ചിട്ടപെടുത്തിയ നൃത്തം നല്ല തുടക്കമായിരുന്നു.

ഏഴാമത്തെ വയസ് മുതല്‍ ഭരതനാട്യ പഠനം പ്രശസ്തയായ ഗുരു ഡോ . നളിനി റാവുവിന്‍റെശിക്ഷണത്തിലും , ഒന്പതാമത്തെ വയസ് മുതല്‍ മോഹിനിയാട്ടം ബിന്ദ്യ ശബരിനാഥിൻ്റെ ശിക്ഷണത്തിലും അഭ്യസിച്ചു. നിരന്തരമായ അഭ്യാസത്തിലൂടെ അത്ഭുതപ്രതിഭയായി മാറിയ കാഴ്ചയാണ് അരങ്ങേറ്റത്തിൽ കണ്ടത്.




ഗായത്രി നായർ ബിങ്‌ഹാംപ്ടൺ യൂണിവേഴ്സിറ്റിയിൽ ഇന്റഗ്രേറ്റീവ് ന്യൂറോസെൻസിൽ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. രഞ്ജിത അയ്യരുടെ ശിക്ഷണത്തിൽ കർണാടിക് മ്യൂസിക്കും അഭ്യസിക്കുന്നു. എം‌ടിഎ ജീവനക്കാരനായ അജിത് നായർ പോസ്റ്റൽ സർവീസിൽ ജോലി ചെയ്യുന്ന ഷൈല നായർ ആണ് മാതാപിതാക്കൾ. ഏക സഹോദരൻ വിനയ് നായർ അതിഥികളെ സ്വാഗതം ചെയ്തു.

പിന്നണിയിൽ പ്രവർത്തിച്ചവർ : ഓടകുഴൽ ; രവിചന്ദ്ര കുളുർ , വയലിൻ; ആർ.ബാല സ്കന്ദൻ, ഗാനാലാപനം;ശ്രീമതി രഞ്ജിത അയ്യർ ,സംഭാഷണം; അജിത് എൻ നായർ , ഡോ . നളിനി റാവു , നട് വാംഗ് ചെയ്തത് ഗുരുക്കളായ ഡോ. നളിനി റാവുവും,മായാ രാമമൂർത്തിയും . സ്റ്റേജ് ഡെക്കറേഷൻ: സുധാകരൻ പിള്ള ആൻഡ് ടീം.

ന്യൂയോർക്ക് സെന്റർമാരായ ഷെല്ലി മേയറും , ആൻഡ്രിയ സ്റ്റുവർട് കസിനും നേരിട്ട് എത്തി ന്യൂ യോർക്ക് സ്റ്റേറ്റിന്‍റെ അഗീകാരം പ്രൊക്ലമേഷൻ നൽകി ആദരിച്ചു. യോങ്കേഴ്‌സ് മേയർ മൈക്ക് സ്പാനോയുടെ പ്രതിനിധി എത്തി യോങ്കേഴ്‌സ് സിറ്റിയുടെ അംഗീകാരവും കൈമാറി.