മലയാളികളുടെ മാർകേസ്
Sunday, May 14, 2023 1:04 AM IST
ഏകാന്തതയുടെ നൂറു വർഷങ്ങൾ എന്ന നോവലിൽ മക്കൊണ്ടയെ വിഴുങ്ങിയ മറവിയെന്ന വ്യാധി മാർകേസിന്റെ കാര്യത്തിൽ കേരളീയരെ ഒരിക്കലും ബാധിച്ചിട്ടില്ല. അവർ മാർകേസിനെ എന്നും ഓർത്തുകൊണ്ടേയിരിക്കുന്നു. മലയാളികൾക്ക് ഗബ്രിയേൽ ഗാർസിയ മാർകേസ് ഒരു ലാറ്റിൻ അമേരിക്കൻ എഴുത്തുകാരനാകുന്പോഴും മലയാള സാഹിത്യകാരനെപ്പോലെതന്നെയാണ് അദ്ദേഹത്തെ വായിക്കുന്നതും സ്നേഹിക്കുന്നതും. മലയാളികൾ നെഞ്ചേറ്റിയ എഴുത്തുകാരനാണ് മാർകേസ്. മലയാളിയുടെ ഭാവനാലോകത്തിന് വിശാലമായ ചിറകുനൽകിയ എഴുത്തുകാരൻ. കൊളംബിയ കണ്ടിട്ടില്ലാത്ത, സ്പാനിഷ് ഭാഷ അറിയാത്ത ലോകത്തിലെ എത്രയോ വായനക്കാർ വിവർത്തനങ്ങളിലൂടെ മാർകേസിനെ ഇന്നും വായിക്കുന്നു. വായനക്കാർ സ്നേഹാദരങ്ങളോടെ മാർകേസിനെ ഗാബോ എന്നു വിളിക്കുന്നു. വിവർത്തന ഭാഷയുടെ സൗന്ദര്യത്തിലൂടെ ലാറ്റിൻ അമേരിക്കയുടെ ഭൂമിശാസ്ത്രവും എഴുത്തിലെ ഫാന്റസിയും മാജിക്കൽ റിയലിസവുമൊക്കെ ലോകമെന്പാടുമുള്ള ആരാധകർ എത്രയോ വട്ടം വായിച്ചാസ്വദിച്ചിട്ടുണ്ട്.
ഗാബോയുടെ കഥകളിലൂടെ ജീവിതവും മരണവും തമ്മിലുള്ള അന്തരം നമ്മൾ എത്രയോ അറിഞ്ഞിട്ടുണ്ട്. കമ്യൂണിസ്റ്റ് അനുഭാവവും മുതലാളിത്ത വ്യവസ്ഥിതിയോടുള്ള മൂന്നാം ലോക പ്രതിരോധവുമൊക്കെ അദ്ദേഹത്തിന്റെ ചിന്തകളിൽ നിറഞ്ഞുനിന്നു. ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോയുമായി ഇദ്ദേഹത്തിനുണ്ടായിരുന്ന സൗഹൃദം ശ്രദ്ധേയമാണ്. അറുപതുകളിലും എഴുപതുകളിലും ചില ലാറ്റിൻ അമേരിക്കൻ വിപ്ലവസംഘടനകളോട് ഇദ്ദേഹം അടുത്തിരുന്നു. ഗാബോയുടെ സാഹിത്യരചനകളും രാഷ്്ട്രീയ ഇടപെടലുകളുമൊക്കെയായിരിക്കും ഒരു പക്ഷേ മലയാളികളെ ഇത്രമേൽ അദ്ദേഹത്തോട് അടുപ്പിച്ചത്.
“നിങ്ങൾക്കെന്ത് സംഭവിക്കുന്നു എന്നതല്ല ജീവിതത്തിൽ പ്രധാനം, നിങ്ങൾ എന്ത് ഓർമിക്കുന്നു എന്നതും എങ്ങനെ ഓർമിക്കുന്നു എന്നതുമാണ് പ്രധാനമെന്ന്” മാർകേസ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. തന്റെ നാടിനെക്കുറിച്ചുള്ള ഓർമകളാണ് മാർകേസിന്റെ എഴുത്തുകളെന്ന് വായനക്കാർക്ക് അറിയാം. മറവിക്കെതിരായി ഓർമയുടെയും ഭാവനയുടെയും പോരാട്ടം നയിച്ച, ‘നിന്നെ മറക്കാൻ എന്നെ അനുവദിക്കാതിരിക്കുക’ എന്നെഴുതിയ മാർകേസ് അവസാനകാലത്ത് മറവി രോഗത്തിൽ അകപ്പെടുകയുണ്ടായി.
1927 ൽ വടക്കൻ കൊളംബിയയിലെ അരക്കറ്റാക്കയിൽ ജനിച്ച മാർകേസ് പത്രപ്രവർത്തകൻ, സാഹിത്യകാരൻ, എഡിറ്റർ, രാഷ്്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. മാർകേസിന്റെ കൃതികൾ മിക്കവയും മാജിക്കൽ റിയലിസത്തിന്റെ വിഭ്രമിപ്പിക്കുന്ന ഭാവനാലോകങ്ങൾ തുറന്നിടുന്നവയാണ്.
വിഖ്യാത കൃതികൾ
മാർകേസിന്റെ 1967ൽ പുറത്തിറങ്ങിയ മാസ്റ്റർപീസ് ഏകാന്തതയുടെ നൂറുവർഷങ്ങൾ 25 ഭാഷകളിലായി അഞ്ചുകോടി പ്രതികളാണു വിറ്റുപോയത്. 1982ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം നേടി. ഇപ്പോഴും അച്ചടിയിലും വായനയിലും ഈ കൃതിമുന്നിൽതന്നെ. ‘ഓട്ടം ഓഫ് ദ് പേട്രിയാർക്ക്, ലവ് ഇൻ ദ് ടൈം ഓഫ് കോളറ , ലീഫ് സ്റ്റോം, ഇൻ എവിൾ അവർ, ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്, സ്റ്റോറി ഓഫ് എ ഷിപ്റെക്ക്ഡ് സെയിലർ, മെമ്മറീസ് ഓഫ് മൈ മെലങ്കളി ഹോർസ്, ലിവിംഗ് ടു ടെൽ ദ് ടേൽ തുടങ്ങിയവയാണ് മാർകേസിന്റെ മറ്റു പ്രധാന കൃതികൾ. മാർകേസ് രചനകളിൽ ‘ഏകാന്തതയുടെ നൂറു വർഷങ്ങളും’, ‘കോളറാക്കാലത്തെ പ്രണയവും’ ആയിരിക്കാം മലയാളികൾ ഏറ്റവും അധികം ആസ്വാദ്യതയോടെ ഒന്നിലേറെ തവണ വായിച്ചിട്ടുള്ള കൃതികൾ.
ഏറെ വർഷങ്ങൾക്കുശേഷം തന്റെ ഇരുപത്തിരണ്ടാമത്തെ വയസിൽ ജന്മഗ്രാമമായ അരാക്കറ്റാക്ക സന്ദർശിക്കുന്നത് മാർകേസ് തന്റെ ഓർമക്കുറിപ്പുകളിൽ വിവരിച്ചിട്ടുണ്ട്. ഈ ഗ്രാമത്തെ അനുസ്മരിച്ചായിരിക്കാം മക്കൊണ്ടോ എന്ന സാങ്കൽപ്പികഗ്രാമത്തിന്റെ സൃഷ്ടി. ഓരോ മലയാളിയും സ്വന്തം ഗ്രാമത്തെ എന്നപോലെ മക്കൊണ്ടോയെ കണ്ടിരിക്കാം. ഒരിക്കൽ ഒരു അഭിമുഖത്തിൽ മാർകേസ് ഇങ്ങനെ പറഞ്ഞു. “എന്റെ കൃതികളെ സംബന്ധിച്ച ഏറ്റവും വലിയ അഭിനന്ദനങ്ങൾ വരുന്നത് അവയിലെ ഭാവനാത്മകതയുടെ പേരിലാണെന്നത് എന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. സത്യമിതാണ്; എന്റെ ഒരൊറ്റവരി പോലും യഥാർഥ്യത്തെ അടിസ്ഥാനമാക്കിയല്ലാതെ എഴുതപ്പെട്ടവയായിട്ടില്ല. പ്രശ്നമെന്താണെന്നുവെച്ചാൽ, കരീബിയൻ യാഥാർഥ്യങ്ങൾ എപ്പോഴും വന്യമായ ഭാവനയ്ക്കു തുല്യമാണ്.”
മാർകേസിന്റെ ലോകോത്തര രചനകളിലൊന്നായ കോളറക്കാലത്തെ പ്രണയം എന്ന നോവൽ പ്രണയ നോവലായും രാഷ്ട്രീയ നോവലായും വൈദ്യശാസ്ത്ര നോവലായുമൊക്കെ വായിക്കാവുന്നതാണ്. ഏകാന്തതയെ എങ്ങനെ പ്രണയിക്കാം, വാർധക്യത്തെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം എന്നാണ് ഈ നോവൽ ആവിഷ്കരിക്കുന്നത്. നോവലിൽ ബോട്ടിലെ ക്യാപ്റ്റൻ ഇതിലെ കമിതാക്കളുടെ പ്രണയത്തിന് സാക്ഷിയാകുന്ന രംഗം മാർകേസ് ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്.
“ക്യാപ്റ്റൻ ഫെർമിന ഡാസയെ നോക്കി. അവളുടെ ഇമപ്പീലികളിൽ ഹേമന്ത തുഷാരത്തിന്റെ ആദ്യ സ്ഫുരണങ്ങൾ അയാൾ കണ്ടു. എന്നിട്ട് ഫ്ലോറന്റിനൊ അരിസയെയും അയാളുടെ ഭയരഹിതമായ പ്രണയത്തെയും അയാൾ നോക്കിക്കണ്ടു. അപ്പോൾ മരണത്തെക്കാൾ ഉപരി ജീവിതമാണ് സീമാതീതമെന്ന വൈകിയുദിച്ച സംശയത്താൽ അയാൾ കീഴടക്കപ്പെട്ടു. “ഫ്ലോറന്റിനൊ അരിസയുടെയും ഫെർമിന ഡാസയുടെയും പ്രണയത്തെ അഭൗമമായ ലാവണ്യത്താൽ മാർകേസ് ഈ നോവലിൽ ആവിഷ്കരിക്കുന്നു. ജരാനരകൾ ബാധിച്ച അവരുടെ ശരീരങ്ങളെ പ്രണയം അതിജീവിക്കുന്നതായി നമുക്കിവിടെ കാണാം. ഓർമയും മറവിയും കോളറയും വാർധക്യവും പ്രണയവുമെല്ലാം കടന്നുവരുന്ന കോളറാക്കാലത്തെ പ്രണയം ലോക സാഹിത്യത്തിലെ ക്ലാസിക് നോവലുകളുടെ മുൻനിരയിൽ ഇന്നും ഇടംപിടിച്ചിരിക്കുന്നു.
കഥയുടെ വിസ്മയലോകം

പന്ത്രണ്ടാം ക്ലാസിലെ മലയാളം പാഠഭാഗമായ പ്രകാശം ജലം പോലെയാണ് എന്ന കഥ ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ലൈറ്റ് ഈസ് ലൈക് വാട്ടർ എന്ന കഥയുടെ വിവർത്തനമാണ്. ടോട്ടോ, ജോവൽ എന്നീ രണ്ടു കുട്ടികളാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. സ്പെയ്നിലെ മാഡ്രിഡ് നഗരത്തിൽ അവർ താമസിക്കുന്ന ഫ്ളാറ്റിന്റെ അഞ്ചാം നിലയിൽ ചില വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നു എന്ന രീതിയിലാണ് കഥ എഴുതിയിട്ടുള്ളത്.
മാജിക്കൽ റിയലിസം എന്ന രചനാരീതി ഉപയോഗിച്ചാണ് മാർകേസ് ഈ കഥ എഴുതിയിരിക്കുന്നത്. ഒരിക്കലും സംഭവിക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ നടക്കുന്നതുപോലെ ആയിരിക്കും ഇത്തരത്തിൽ കഥ പറയുന്നത്. എന്നാൽ പറയുന്ന കാര്യങ്ങൾക്ക് ഉദ്ദേശിക്കുന്ന യാഥാർഥ്യങ്ങളുമായി വലിയ ബന്ധം ഉണ്ടായിരിക്കും. പ്രകാശം ജലം പോലെയാണ് എന്ന കഥയുടെ ആഖ്യാന സവിശേഷത കൊണ്ട് കൈവരുന്ന മറ്റൊരു അർത്ഥം കൊളംബിയയും സ്പെയിനും തമ്മിലുള്ള രാഷ്ട്രീയ ബന്ധമാണ്. വളരെക്കാലം സ്പെയിനിന്റെ കോളനിയായിരുന്നു കൊളംബിയ. ഇരുട്ടിനെ അകറ്റുന്നതാണല്ലോ പ്രകാശം. കഥയിൽ പ്രകാശം സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിട്ടാണ് കടന്നുവരുന്നത്. അത് ജലംപോലെ എല്ലാത്തിനും മീതെ ഒഴുകിപ്പരക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു.
അരക്കറ്റാക്കയിൽ ഗബ്രിയേൽ ഗാർസിയ മാർകേസിനെപറ്റി സ്ഥാപിച്ചിട്ടുള്ള ഒരു ഫലകത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘ഏതൊരു രാജ്യത്താണെങ്കിലും ഞാൻ ഒരു അമേരിക്കക്കാരൻ ആണെന്ന് എനിക്കുതന്നെ തോന്നുന്നു. പക്ഷേ ജന്മനാടിനെക്കുറിച്ചുള്ള ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ ഒരിക്കലും എന്നിൽ നിന്നു പോവില്ല. ഒരിക്കൽ ഞാനവിടേക്കു പോയി. അന്നു ഞാൻ മനസിലാക്കി നാടിനെക്കുറിച്ചുള്ള എന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമകളും,യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസമാണ് എന്റെ കൃതികൾ എന്ന് ’-ഗബ്രിയേൽ ഗാർസിയ മാർകേസ്. ലോകത്തിലെതന്നെ ഏറ്റവും വലിയ എഴുത്തുകാരൻ എന്നു വിശേഷിപ്പിക്കപ്പെട്ട മാർകേസിന്റെ രചനകൾ മലയാളികൾ ഇനിയും വായിച്ചു കൊണ്ടേയിരിക്കും.
‘ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും’
വായനക്കാർ ഗബ്രിയേൽ ഗാർസിയ മാർകേസിനെ വീണ്ടും കാണാൻ പോകുന്നു. അദ്ദേഹത്തിന്റെ പുതിയ നോവലിന്റെ പേരും അതുതന്നെയാണ് സൂചിപ്പിക്കുന്നത്. കൃതിയുടെ പേര് ‘ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും’ (En Agstoo Nos ). അക്ഷരങ്ങളിൽ മാന്ത്രികത്വം ഒളിപ്പിച്ച സാഹിത്യപ്രതിഭ മാർകേസിന്റെ അപ്രകാശിതവും അപൂർണവുമായ നോവൽ അടുത്ത ഓഗസ്റ്റിൽ സാഹിത്യാസ്വാദകർക്ക് വിരുന്നാകും. ടെക്സസ് സർവകലാശാലയിൽ സൂക്ഷിച്ചിരുന്ന ഈ രചന പ്രസിദ്ധീകരിക്കണോ എന്ന സന്ദേഹത്തിലായിരുന്നു മാർകേസിന്റെ കുടുംബാംഗങ്ങൾ.
ഏറെ നിരൂപക പ്രശംസ നേടിയ കൃതി പ്രസിദ്ധീകരിക്കാതിരിക്കുന്നത് വായനാ ലോകത്തിന് തീരാ നഷ്ടമായിരിക്കുമെന്ന് മാർകേസിന്റെ മക്കളായ റോഡ്രിഗോയും ഗോണ്സാലോ ഗാർഷ്യ ബാർച്ചയും തീർച്ചപ്പെടുത്തിയിരിക്കുന്നു. പുനർവായനയിൽ കൃതിയുടെ മഹത്വം ബോധ്യപ്പെടുക മാത്രവുമല്ല മാർകേസിന്റെ മാജിക്കൽ റിയലിസം ആസ്വദിക്കാൻ കൊതിക്കുന്ന വായനക്കാർ ലോകമെന്പാടുമുണ്ടെന്ന് അവർക്കും അറിയാം. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസാധനം ചെയ്യുന്ന പുസ്തകം അഞ്ചു ഭാഗങ്ങായി 150 പേജുകളുണ്ടാകും.
ഓഗസ്റ്റിൽ നമ്മൾ കണ്ടുമുട്ടും എന്നത് 1999ൽ കൊളംബിയൻ മാസികയായ കാംബിയോയിൽ മാർകേസ് എഴുതിയ ഒരു കഥയുടെ പേരാണ്. ആ കഥയുടെ തുടർച്ചയാണ് മാർകേസ് മരിച്ച് ഒൻപതു വർഷം പിന്നിടുന്പോൾ പുറത്തിറങ്ങുന്ന നോവൽ. തന്റെ അമ്മയുടെ ശവകുടീരം സന്ദർശിക്കാൻ ഒരു കരീബിയൻ ദ്വീപിലെത്തുന്ന ഒരു സ്ത്രീയുടെ പ്രണയത്തിന്റെയും വൈകാരികതയുടെയും കഥയാണിത്.
സ്പാനിഷ് കൃതികളിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ട സാഹിത്യരചനകൾ മാർകേസിന്റെതാണ്. കൊളംബിയയുടെ സൗന്ദര്യവും ചരിത്രവും മിത്തുമെല്ലാം മനോഹരമായി കോർത്തിണക്കിയ രചനാ ശൈലിയിലൂടെ മാർകേസ് വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കി. മലയാളികൾ ഏറ്റവും കൂടുതൽ വായിച്ച വിവർത്തന കൃതികളും കൊളംബിയൻ എഴുത്തുകാരനായ മാർക്വേസിന്റേതുതന്നെ.
ഡോ. രാജേഷ് എം.ആർ