കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ
Saturday, April 15, 2023 7:11 AM IST
ഇക്കൊല്ലം ഏപ്രിൽ 18നു ബാലചന്ദ്രമേനോൻ മറ്റൊരു സർപ്രൈസുമായി മുന്നിൽ എത്തുകയാണ്. ‘ബാലചന്ദ്രമേനോൻ - കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ’ എന്ന പുസ്തകം ആസ്വാദകർക്കു മുന്നിലെത്തും.
എന്റെ ജനന തീയതിയെക്കാൾ പ്രധാനപ്പെട്ടതായി മാറിക്കഴിഞ്ഞിരിക്കുന്നു എനിക്ക് ഏപ്രിൽ 18. ഇന്നും പല സിനിമാസ്വാദകരും എന്നോട് 1984ൽ പുറത്തുവന്ന ഏപ്രിൽ 18 സിനിമയെക്കുറിച്ച് കൗതുകത്തോടെ പറയാറുണ്ട്. കത്തുകളും ലഭിക്കാറുണ്ട്. ജീവിതത്തിൽ ഏപ്രിൽ 18നു ജനനമോ വിവാഹമോ മരണമോ സംഭവിച്ചാൽ എന്നെ ഓർമിക്കുമെന്നു പറയുന്നവരുമുണ്ട്. സംവിധായകൻ ബാലചന്ദ്രമേനോന്റെ വാക്കുകളാണിത്.
ഇക്കൊല്ലം ഏപ്രിൽ 18നു ബാലചന്ദ്രമേനോൻ മറ്റൊരു സർപ്രൈസുമായി എത്തുകയാണ്. ‘ബാലചന്ദ്രമേനോൻ - കാണാത്ത കാഴ്ചകൾ കേൾക്കാത്ത ശബ്ദങ്ങൾ’ എന്ന പുസ്തകം ആസ്വാദകർക്കു മുന്നിലെത്തും. കഥാകൃത്ത് ടി.പി. വേണുഗോപാലൻ രചിച്ച് സംസ്ഥാന ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം 18ന് വൈകുന്നേരം മന്ത്രി സജി ചെറിയാനാണ് നിർവഹിക്കുന്നത്. തലസ്ഥാനനഗരത്തിലെ ഭാരത് ഭവനാണ് വേദി. മേനോന്റെ 37 സിനിമകളെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഉള്ളടക്കം.
1978ൽ ഉത്രാടരാത്രി മുതൽ ആരംഭിക്കുന്ന ബാലചന്ദ്രമേനോന്റെ സിനിമാക്കാലം പുതിയൊരു ഭാവുകത്വത്തിൽ ടി.പി. വേണുഗോപാലൻ അവതരിപ്പിക്കുന്നു.
വെള്ളിത്തിരയിൽ കണ്ട കഥാപാത്രങ്ങളുടെ ഉൾപ്രപഞ്ചത്തിലൂടെയുള്ള സഞ്ചാരം, സംവിധായകന്റെ ഉള്ളിൽ കഥാപാത്രങ്ങൾ പിറന്ന നിമിഷങ്ങൾ.. അങ്ങനെ നീളുന്നു കഥകൾ. അവതാരികയിൽ ശ്രീകുമാരൻതന്പി കുറിച്ചതു പോലെ- “ഇത് ബാലചന്ദ്രമേനോൻ സിനിമകളിലൂടെയുള്ള വെറുമൊരു കടന്നുപോകലല്ല. വിശദമായ അപഗ്രഥനമാണ്, ആത്മാർഥമായി നടത്തുന്ന പഠനമാണ്....’’ സത്യമാണ്. കാലത്തിനു മുന്പേ സഞ്ചരിച്ച ഒരു സംവിധായകന്റെ, തിരക്കഥാകൃത്തിന്റെ, നിർമാതാവിന്റെ, നടന്റെ ഹൃദയമാണ് പുസ്തകത്തിൽ തുറക്കുന്നത്. മലയാള ജനപ്രിയ സിനിമയുടെ ദിശമാറ്റിയ മേനോനെയും ഇതിൽ കാണാം.
മേനോന്റെ കലിക പുറത്തിറങ്ങിയത് 1980ലാണ്. ഫാസിലിന്റെ മണിച്ചിത്രത്താഴ് റിലീസായതാകട്ടെ 1993ലും. കലിക പിറന്നതിനു 13 വർഷങ്ങൾക്കു ശേഷമാണ് മണിച്ചിത്രത്താഴ് പുറത്തുവന്നത് എന്നർഥം. ഈ രണ്ട് സിനിമകളെയും കുറിച്ച് വേണുഗോപാലൻ നടത്തുന്ന താരതമ്യപഠനം ഇങ്ങനെ വായിക്കും ‘മംഗലത്ത് വീട്ടിലെ പ്രേതത്തെയും’ ‘മാടന്പള്ളിയിലെ യക്ഷിയെയും’ താരതമ്യം ചെയ്യുന്നത് കൗതുകകരമായിരിക്കും.
രണ്ട് വീടുകളിലും ദുർമരണങ്ങൾ നടന്നതിനാൽ ഏറെക്കാലം പൂട്ടിയിട്ടവയാണ്... ബാല്യത്തിൽ കലിക അമ്മയിൽ നിന്നു മന്ത്രവാദം പഠിക്കുന്നു. മണിച്ചിത്രത്താഴിൽ ഗംഗ മുത്തശ്ശിയിൽ നിന്ന് യക്ഷിക്കഥകൾ കേൾക്കുന്നു. രണ്ടു വീടുകളിലും വധമോ വധശ്രമങ്ങളോ നടക്കുന്നു... ഇരു സിനിമകളിലും അഭൗമശക്തിയല്ല, മനുഷ്യമനസിനേറ്റ വേദനകളാണ് അപൂർവ ശക്തിയായി പരിണമിക്കുന്നത് എന്നും ഗ്രന്ഥകാരൻ കുറിക്കുന്നു.
ഏറ്റവുമൊടുവിൽ മംഗലത്ത് വീട്ടിൽനിന്നു മന്ത്രവാദിയും മാടന്പള്ളിയിൽനിന്നു മനഃശാസ്ത്രജ്ഞനും കാറിൽ കയറി പോകുന്ന രംഗങ്ങൾക്കുള്ള സാമ്യത്തെയും അടയാളപ്പെടുത്തിയിട്ടുണ്ട്.
ആദ്യ കഥാപാത്രത്തിന്റെ പേരിൽ ഒരു നടൻ ജന്മായുസ് മുഴുവൻ ജീവിക്കുകയെന്നു പറയുന്നത് ഒരു പക്ഷേ സിനിമാ ചരിത്രത്തിൽതന്നെ അപൂർവമാണ്.
മണിയൻപിള്ള രാജുവിനു കൈവന്ന വലിയ നേട്ടത്തിന്റെ പിന്നാന്പുറക്കഥ തികച്ചും കൗതുകകരം തന്നെ. ബാലചന്ദ്രമേനോന്റെ മണിയൻപിള്ള അഥവാ മണിയൻപിള്ളയിൽ കമലഹാസനായിരുന്നു മണിയൻപിള്ളയായി വരേണ്ടിയിരുന്നത്.
നിർമാതാക്കൾ കമലഹാസനെ കണ്ടു തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാൽ സുഹൃത്തായ രാജുവിനെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് മുന്പെങ്ങോ ബാലചന്ദ്രമേനോൻ നല്കിയ വാക്കുണ്ടായിരുന്നു. ആ വാക്കു പാലിക്കാനായി മേനോന് അതിപ്രശസ്തനായ കമലഹാസനെ ഒഴിവാക്കേണ്ടി വരികയായിരുന്നു.
രാധ എന്ന പെണ്കുട്ടി, ഇഷ്ടമാണ് പക്ഷേ, അണിയാത്ത വളകൾ, പ്രേമഗീതങ്ങൾ, കേൾക്കാത്ത ശബ്ദം, ചിരിയോ ചിരി, കാര്യം നിസാരം, ഒരു പൈങ്കിളിക്കഥ, അച്ചുവേട്ടന്റെ വീട്, സമാന്തരങ്ങൾ തുടങ്ങി എന്നാലും ശരത്ത് വരെ നീളുന്ന ചിത്രങ്ങളുടെ മണിച്ചെപ്പാണ് പുസ്തകത്തിൽ തുറക്കുന്നത്.
സിനിമാരംഗത്ത് മുപ്പത് ചിത്രങ്ങളിൽ അഭിനയത്തോടൊപ്പം സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ച വ്യക്തിയെന്ന നിലയിൽ ലിംക ബുക്സ് ഓഫ് റെക്കോർഡിൽ ഇടം നേടിയ ബാലചന്ദ്ര മേനോൻ എന്ന പ്രതിഭയെ ഇതിലൂടെ അടുത്തറിയാം.
എസ്. മഞ്ജുളാദേവി