നിങ്ങൾക്കുമാകാം സംഗീതജ്ഞൻ!
Sunday, May 14, 2023 1:19 AM IST
ഭക്ഷണം എല്ലാവർക്കും കഴിക്കണം. വാങ്ങിക്കഴിക്കുന്നവരും ഉണ്ടാക്കി കഴിക്കുന്നവരും ഉണ്ട്. ബ്രാൻഡഡും നാടനുമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം ഉപ്പ്, മധുരം, മസാലക്കൂട്ടകൾ എന്നിവ വേണമെങ്കിൽ സ്വയം ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ, ഹേയ് ഇതു പോരല്ലോ എന്നു പറയേണ്ടിവരും. ഏതു കൊലകൊന്പൻ ഷെഫ് ഉണ്ടാക്കിയാലും നമുക്കു പിടിക്കില്ല.
പാട്ടിന്റെ കാര്യത്തിലും ഇപ്പോൾ ഈയൊരു സൗകര്യമുണ്ട്. സംഗതി എഐ ആണ്- ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അവനവന് ഇഷ്ടമുള്ള, ആവശ്യമുള്ള തരം പാട്ടുകൾ സ്വയം ഉണ്ടാക്കി കേൾക്കാൻ ഇപ്പോൾ ഗൂഗിൾ സഹായത്തിനുണ്ട്. എന്നെ ട്രോളാൻ എനിക്ക് ഒരു ----യുടെയും സഹായം വേണ്ട എന്നു പറയുന്നതുപോലെ, എനിക്കു വേണ്ട പാട്ടുകേൾക്കാൻ ഒരു ഷെഫിന്റെയും, ശ്ശേ, ഒരു സംഗീത സംവിധായകന്റെയും സഹായം വേണ്ട എന്ന നിലയിലായി കാര്യങ്ങൾ. വാക്കുകൾകൊണ്ടു വിവരണങ്ങൾ നൽകിയാൽ അതു സംഗീതമാക്കാൻ ശേഷിയുള്ള ഗൂഗിൾ മ്യൂസിക്എൽഎം എന്ന സംവിധാനം ഇപ്പോൾ പൊതുജനത്തിന് ഉപയോഗിക്കാൻ തുറന്നു കൊടുത്തിരിക്കുന്നു. പാട്ടിലെ ചാറ്റ് ജിപിടിയാണ് മ്യൂസിക്എൽഎം എന്നു പറയാം.
എന്ത്, എങ്ങനെ?
ലോകത്ത് ഇന്നുവരെയുള്ള സംഗീതസംബന്ധമായ അറിവുകളും സംഗീതശകലങ്ങളുമെല്ലാം ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്നു എന്നു കരുതുക. അതിൽനിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു സംഗീതശകലം, ഇഷ്ടമുള്ള ഉപകരണങ്ങളുടെ പശ്ചാത്തലത്തിൽ സ്വന്തമായി വേർതിരിച്ച് എടുക്കാം. ഗിറ്റ്ഹബിൽ ഗൂഗിൾ പറയുന്നതിങ്ങനെ: വാക്കുകൾകൊണ്ട് വിശദീകരിക്കുന്പോൾ ഹൈ-ഫിഡെലിറ്റി സംഗീതം സൃഷ്ടിക്കുന്ന മോഡലാണ് മ്യൂസിക്എൽഎം. ഉദാഹരണത്തിന് ""ശാന്തമായ വയലിൻ മെലഡി, ഡിസ്റ്റോർട്ട് ചെയ്യപ്പെട്ട ഗിറ്റാർ റിഫിന്റെ പശ്ചാത്തലത്തിൽ'' എന്നു കമാൻഡ് നൽകിയാൽ കൃത്യം അത്തരമൊരു സംഗീതശകലം നിങ്ങൾക്കു തിരികെ ലഭിക്കും.
ശബ്ദത്തിന്റെ നിലവാരത്തിലും, കമാൻഡുകൾ തിരിച്ചറിഞ്ഞ് സംഗീതം സൃഷ്ടിക്കുന്ന കാര്യത്തിലും മുന്പുള്ള മോഡലുകളേക്കാൾ വളരെ മുന്നിലാണ് മ്യൂസിക്എൽഎം എന്നും ഗൂഗിൾ അവകാശപ്പെടുന്നു. ഇത്തരത്തിൽ ജെനറേറ്റ് ചെയ്ത 5,500 സംഗീതശകലങ്ങൾ ഗൂഗിൾ നൽകിയിട്ടുണ്ട്.
റെക്കോർഡ് ചെയ്യപ്പെട്ട ഏതാണ്ടു മൂന്നുലക്ഷം മണിക്കൂർ സംഗീതം കേൾപ്പിച്ചു പരിശീലിപ്പിച്ചാണ് മ്യൂസിക്എൽഎം സൃഷ്ടിച്ചതെന്നു പറയുന്നു. ഉപയോക്താവു നൽകുന്ന ടെക്സ്റ്റ് കമാൻഡ് അനുസരിച്ച് വിവിധ ഉപകരണങ്ങളും വിഭാഗങ്ങളും സങ്കല്പങ്ങളും അടങ്ങുന്ന സംഗീതം അതിനു സൃഷ്ടിക്കാനാവും. ഒരു മെലഡി പാടിക്കൊടുത്തു പരിശീലിപ്പിച്ചാൽ അതുപോലെ മറ്റൊന്നു സൃഷ്ടിക്കാനുള്ള സാധ്യതയും ഉണ്ട്.
എങ്ങനെ പരീക്ഷിക്കാം?
ഗൂഗിളിന്റെ എഐ ടെസ്റ്റ് കിച്ചൻ ആപ്പ് വഴി നമുക്കും മ്യൂസിക്എൽഎം പരീക്ഷിക്കാം. ടെസ്റ്റ് കിച്ചനിൽ ആക്സസ് ലഭിച്ചാൽ ഒരു ടെക്സ്റ്റ് ബോക്സ് ലഭിക്കും. ഇവിടെ പാട്ടിനെക്കുറിച്ച് വിശദീകരണം നൽകാം. സിസ്റ്റം പാട്ടിന്റെ രണ്ടു വ്യത്യസ്ത പതിപ്പുകളാണ് തിരികെ നൽകുക. ഇവ ഡൗണ്ലോഡ് ചെയ്ത് കേൾക്കാനും കഴിയും. രണ്ടിൽ ഏതു വേർഷനാണ് നല്ലതെന്ന് തംപ്സ് അപ് ചെയ്ത് അറിയിക്കാൻ ഗൂഗിൾ ആവശ്യപ്പെടുന്നുണ്ട്. എഐയ്ക്ക് കൂടുതൽ മികവു നൽകാനാണ് ഇത്.
മ്യൂസിക്എൽഎം സൃഷ്ടിക്കുന്ന പാട്ടുകളിൽ ഗുണവും ദോഷവുമുണ്ടെന്ന് ഇത്തരത്തിൽ പരീക്ഷണം നടത്തിയവർ സാക്ഷ്യപ്പെടുത്തുന്നു. ചിലത് നന്നായി തുടങ്ങിയശേഷം ഒരു പ്രത്യേക ഇടത്ത് എത്തുന്പോൾ ഒട്ടും സംഗീതാത്മകമല്ലാതാകുന്നു. ചിലത് മനോഹരമായ മെലഡികളാകുന്പോൾ മറ്റു ചിലത് ഡിജിറ്റൽ ഓഡിയോ വർക്സ്റ്റേഷനിൽ ഒരു നാലുവയസുകാരൻ കളിച്ച കളിപോലെയാകുന്നു. ഇങ്ങനെയെല്ലാമാണെങ്കിലും ജ്യൂക്ബോക്സ് പോലുള്ള മുൻഗാമികളേക്കാൾ പാടേ മുന്നിലാണ് മ്യൂസിക്എൽഎം എന്നാണ് വിദഗ്ധരുടെ പക്ഷം.
എന്താവും ഭാവി?
ഗൂഗിൾ മ്യൂസിക്എൽഎം അവതരിപ്പിച്ചകാലത്ത് സംഗീതജ്ഞരുടെ പണി പോകുമോ എന്നതായിരുന്നു വാർത്താ തലക്കെട്ടുകൾ. എന്നാൽ ഇത് പെട്ടെന്നൊന്നും സംഭവിക്കില്ലെന്നുറപ്പ്. കുറവുകളെല്ലാം പരിഹരിക്കപ്പെട്ട് അത്യുഗ്രൻ ട്രാക്കുകൾ എഐ ബോട്ട് ഒരുക്കിത്തന്നാലും നിയമക്കുരുക്കുകൾക്ക് വലിയ സാധ്യതയുണ്ട്. സംഗീതലോകത്ത് പണ്ടുമുതൽക്കേ കോപ്പി റൈറ്റ് എന്നത് വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിമരുന്നിട്ടിട്ടുണ്ട്. അവ ഒന്നുകൂടി ശക്തമാകാൻ മ്യൂസിക്എൽഎം കാരണമാകുമെന്നുറപ്പ്.
മ്യൂസിക്എൽഎം സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഉടമ ആരാണ് എന്നതാവും ഏറ്റവും വലിയ ചോദ്യം. കമാൻഡ് നൽകുന്ന ഉപയോക്താവാണോ അതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണോ ഉടമ? ഇന്റർനെറ്റിൽ ലഭ്യമായ, എഐയിൽ ശേഖരിക്കപ്പെട്ട എല്ലാത്തരം സംഗീതവും സംയോജിപ്പിച്ചാവും മ്യൂസിക്എൽഎം പുതിയതൊന്ന് ജെനറേറ്റ് ചെയ്യുക. ഇതുവരെയുള്ള എല്ലാ സംഗീതകാരന്മാരുടെയും പ്രതിഭ അതിലുണ്ടാവും. അവരുടെ അറിവോ സമ്മതമോ കൂടാതെയാവും എഐ സിസ്റ്റങ്ങളെ പരിശീലിപ്പിച്ചിരിക്കുക. അപ്പോൾ അവകാശം ആർക്കു നൽകും? ചോദ്യങ്ങൾ അവധിയുണ്ട്. സംഗീതജ്ഞരും മ്യൂസിക് കന്പനികളും വക്കീൽനോട്ടീസുകളുമായി കാത്തിരിക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
എന്തായാലും ഈ രംഗത്ത് സാങ്കേതികമായും ധാർമികമായും ഒട്ടേറെ മാറ്റങ്ങൾ വന്നേക്കാം. കാത്തിരുന്നു കേൾക്കാം എന്നല്ലാതെ എന്തു പറയാൻ!
ഇൻ ഹാർമണി/ഹരിപ്രസാദ്