തേക്കിൻകാട്ടിൽ കടമറ്റത്തു കത്തനാർ
Sunday, May 21, 2023 1:54 AM IST
വിഷക്കാറ്റ് എന്ന നാടകം ഞാനെഴുതിയത് 1965 ലാണ്. ഇതേ കാലത്താണ് തൃശൂർ തേക്കിൻകാട് മൈതാനത്ത് കലാനിലയം കൃഷ്ണൻനായരുടെ ഉടസ്ഥതയിലുള്ള സ്ഥിരം നാടകവേദി നാടകങ്ങൾ അവതരിപ്പിച്ചുകൊണ്ടിരുന്നത്. കായംകുളം കൊച്ചുണ്ണി, ഇളയിടത്തു റാണി, കുഞ്ഞാലിമരക്കാർ തുടങ്ങിയ നാടകങ്ങൾ ഞാൻ കണ്ടിരുന്നു. വിസ്മയം ജനിപ്പിക്കുന്ന സെറ്റിംഗ്സും ലൈറ്റിംഗും മികച്ച അവതരണവും. ജഗതി എൻ.കെ. ആചാരിയാണ് രചയിതാവ്. ഇതിനിടെ കലാനിലയം കൃഷ്ണൻ നായരുമായി ഞാൻ പരിചയപ്പെട്ടു.
കൃഷ്ണൻനായർ എന്നോട് പറഞ്ഞു: “അടുത്ത ഞായറാഴ്ച മുതൽ പുതിയ നാടകം ഞങ്ങൾ അവതരിപ്പിക്കുകയാണ്. കടമറ്റത്ത് കത്തനാർ. അരങ്ങേറ്റം ഇവിടെയാണ്. താങ്കൾ നാടകം കണ്ട് അഭിപ്രായം പറയണം. ഇതൊരു ക്രിസ്ത്യൻ കഥയാണല്ലോ.’’
ഞാൻ ഓഫീസ് വിട്ടുവന്ന് ഏകാഗ്രതയോടെ ഒരു നാടകം എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ വേറെ നാടകമോ സിനിമയോ കാണുക പതിവില്ല. എന്തായാലും കൃഷ്ണൻനായർ ആവശ്യപ്പെട്ടതല്ലേ. പോകാൻ തീരുമാനിച്ചു.
1965 ജൂലൈയിലായിരുന്ന അവരുടെ നാടകത്തിന്റെ അരങ്ങേറ്റം. ഞാൻ എത്തുന്പോൾ അവിടെ ഒരു സ്റ്റേറ്റ്കാർ ശ്രദ്ധയിൽപ്പെട്ടു. ഗവർണർ ഭരണകാലത്ത് മന്ത്രിസഭയില്ലാതിരിക്കെ സ്റ്റേറ്റ് കാറിൽ ആരാണ് വന്നതെന്ന് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞു, പത്രാധിപരും വാഗ്മിയുമായ കെ. ബാലകൃഷ്ണനാണെന്ന്.
മന്ത്രിസഭയില്ലാത്ത കാലമായതിനാൽ സ്റ്റേറ്റ് കാറുകൾ വാടകയ്ക്ക് കിട്ടുമത്രെ. ആ സൗകര്യം ഉപയോഗിച്ചാണ് അദ്ദേഹം നാടകം കാണാൻ എത്തിയിരിക്കുന്നത്.എന്നെ കണ്ടപ്പോൾ കൃഷ്ണൻ നായർ എന്നെ പരിചയപ്പെടുത്തി. ഉടനെ ബാലകൃഷ്ണൻ പറഞ്ഞു, ഇദ്ദേഹത്തിന്റെ തീപിടിച്ച ആത്മാവ് എന്ന നാടകം ഞാൻ വായിച്ചിട്ടുണ്ട്.
കടമറ്റത്തു കത്തനാരായി വേഷമിട്ടത് വി.ടി. അരവിന്ദാക്ഷമേനോൻ. നാടകം വിജയമായിരുന്നു. നല്ല നിലവാരം പുലർത്തി.നാടകം കഴിഞ്ഞു പുറത്തുകടന്നപ്പോൾ കൃഷ്ണൻനായർ എന്നെ കാത്തുനിൽക്കുന്നു. കൂടെ ബാലകൃഷ്ണനും മറ്റൊരു പത്രപ്രവർത്തകനും ചെറുകഥാകൃത്ത് കെ.വി. തോമസും.
നാടകത്തെക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞിട്ട് പെട്ടെന്നു മടങ്ങാനും വീട്ടിലെത്തി വിഷക്കാറ്റിലേക്ക് തിരിയാനുമായിരുന്നു ആഗ്രഹം. കൃഷ്ണൻ നായർ പറഞ്ഞു.
“നമുക്ക് സൗകര്യമായി ഒരിടത്തിരുന്നു സംസാരിക്കാം.”
ഞങ്ങൾ നാലുപേരും കാറിൽ വലിയൊരു ഹോട്ടലിൽ എത്തി. വൈകാതെ മുറിയിൽ ലിക്കർ ബോട്ടിലും സോഡായും ഗ്ലാസുകളും എത്തി. തോമസ് ബോട്ടിൽ പൊട്ടിച്ചു ഗ്ലാസുകളിൽ പകർന്നു. കുപ്പി എന്റെ അടുത്തേക്ക് നീണ്ടപ്പോൾ ഞാൻ ഗ്ലാസ് പൊത്തിപ്പിടിച്ചിട്ടു പറഞ്ഞു, ‘എനിക്ക് സോഡ മതി.’ ഞാൻ മദ്യം കഴിക്കില്ല.
‘സ്വല്പം കഴിക്കാം ഒരു കന്പനിക്ക്.
’‘വേണ്ട’ എന്റെ ഉറച്ച മറുപടി.
പൊടുന്നനെ ബാലകൃഷ്ണന്റെ ഭാവം മാറി. അദ്ദേഹം പൊട്ടിത്തെറിച്ച് കൃഷ്ണൻ നായരുടെ നേരെ തട്ടിക്കയറി.
‘കന്പനി കൂടാൻ ഇത്തരക്കാരെയാണോ വിളിച്ചുകൊണ്ടുവരുന്നത്.’
കൃഷ്ണൻനായർ ബാലകൃഷ്ണനെ ഭയപ്പെടുന്നതുപോലെ തോന്നി. ഞാൻ നീരസത്തോടെ പറഞ്ഞു. ‘നാടകത്തെക്കുറിച്ചുള്ള അഭിപ്രായം പറയാനാണ് വന്നത്. അതും കൃഷ്ണൻ നായർ ക്ഷണിച്ചിട്ട്.’
‘ഞങ്ങളും അതിനുതന്നെയാണ് വന്നിരിക്കുന്നത്.’ ശുണ്ഠിയോടെ ബാലകൃഷ്ണൻ.
‘കുടിച്ചാലെ അഭിപ്രായം വരൂ എന്നുണ്ടെങ്കിൽ താങ്കൾ കുടിച്ചിട്ട് പറഞ്ഞോളൂ. ഞാൻ കുടിക്കാതെ എന്റെ അഭിപ്രായം കൃഷ്ണൻനായരെ അറിയിക്കാം. ഞാൻ പോകുന്നു.’
പ്രതിഷേധത്തോടെ ഞാനെഴുന്നേറ്റപ്പോഴേക്കും കൃഷ്ണൻ നായർ രംഗം ശാന്തമാക്കി എന്നെ പിടിച്ചിരുത്തി.
‘ഞാൻ ഇന്നുവരെ മദ്യപിച്ചിട്ടില്ല. അത് ഒരാദർശത്തിന്റെ പേരിലാണ്. താങ്കൾക്കുവേണ്ടി ഞാനത് തെറ്റിക്കാനും പോകുന്നില്ല.’
ബാലകൃഷ്ണൻ ചൂടായ സ്പീഡിൽതന്നെ തണുത്തു.
‘എന്താണ് കാരണം’, ബാലകൃഷ്ണൻ ആരാഞ്ഞു.
‘ഭാരിച്ച ഒരു കുടുംബമാണ് എന്റേത്. വീട്ടിലെ ഒൻപതു മക്കളിൽ മൂത്തവനാണ് ഞാൻ. എന്റെ അപ്പൻ ചിലപ്പോഴൊക്കെ മദ്യപിക്കാറുണ്ട്. അതിന്റെ ശല്യവുമുണ്ട്. അപ്പനെ അനുകരിച്ചു ഞാനും മദ്യപാനം തുടങ്ങിയാൽ ദരിദ്രമായ എന്റെ കുടുംബം തകരും. സഹോദരങ്ങളെ ഒരു നിലയിലെത്തിക്കാനാവില്ല.’
വിസ്മയഭാവത്തിൽ ബാലകൃഷ് ണൻ അതു കേട്ടു. മൂകമായ നിമിഷങ്ങൾ. തുടർന്നു ബാലകൃഷ്ണൻ എന്റെ കൈപിടിച്ചു കുലുക്കി സോറി പറഞ്ഞു.
താങ്കൾക്കിപ്പോൾ എത്ര വയസായി ?
‘മുപ്പത്തിമൂന്ന്’.
ഒരു പൊട്ടിച്ചിരിയോടെ അദ്ദേഹം പറഞ്ഞു.
‘എന്റെ അച്ഛൻ മുപ്പത്തി മൂന്നാം വയസിൽ കുടി നിർത്തി. ഞാൻ മുപ്പത്തിമൂന്നാം വയസിൽ കുടി തുടങ്ങി.’ എല്ലാവരും പൊട്ടിച്ചിരിച്ചു. ഒപ്പം നാടകത്തെക്കുറിച്ചുള്ള ചർച്ചയും നടന്നു. തിരിച്ചു ഞാൻ വീട്ടിലെത്തിയപ്പോൾ പാതിരാത്രി.
സി.എൽ. ജോസ്