ദിനപത്രങ്ങളുടെ പ്രസക്തി കുറയുന്നില്ല
Sunday, May 28, 2023 1:21 AM IST
ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതിപ്രസരത്തിലും അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതായി തോന്നുന്നില്ല. സ്കൂൾ പഠനകാലം മുതൽ മുടക്കം വരുത്താത്ത പത്രംവായന സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്കിൽ വിജയിക്കാൻ എന്നെ ഏറെ സഹായിച്ചു.
പൊതുവിജ്ഞാനം നേടാനും ആനുകാലികസംഭവങ്ങൾ കൃത്യതയോടെ മനസിലാക്കാനും പരീക്ഷാഗൈഡുകളെയോ മറ്റ് പ്രസിദ്ധീകരണങ്ങളെയോ ആശ്രയിച്ചില്ല. സിവിൽ സർവീസ് ഉൾപ്പെടെ ഏതു മത്സരപരീക്ഷയ്ക്കും ഒരുങ്ങാൻ ദിനപത്രങ്ങളോളം വിജ്ഞാനം പകരുന്ന മറ്റൊരു മാധ്യമവുമില്ല, സാധ്യതയുമില്ല. പത്രം വായിക്കാൻ മാത്രമല്ല പഠിക്കാൻകൂടിയുള്ളതാണ്.
കോച്ചിംഗ് സെന്ററുകളെ ആശ്രയിക്കാതെ തനിച്ചുള്ള പരിശീലനത്തിലും പഠനത്തിലുമാണ് എനിക്കു സിവിൽ സർവീസ് നേടാനായത്. പത്രങ്ങളുടെ പ്രാദേശിക പേജു മുതൽ അന്താരാഷ്ട്ര വാർത്തകൾ വരെ നന്നായി വായിച്ചിരുന്നു. ഓരോ ദിവസത്തെയും വാർത്തകൾ തലേന്നുവരെ സംഭവിച്ചതിന്റെ തുടർച്ചയാണ്. ഒരു ദിവസം പത്രം വായിക്കാതിരുന്നാൽ വാർത്തയുടെ കണ്ണി നഷ്ടപ്പെടും.
സ്കൂൾ കാലഘത്തിൽ തുടങ്ങിയ പത്രം വായനയിൽനിന്നാണ് ലോകത്തിന്റെ ചെറുതും വലുതുമായ മാറ്റങ്ങളും സംഭവങ്ങളും ഹൃദിസ്ഥമാക്കിയത്. വീട്ടിൽ മലയാളത്തിലും ഇംഗ്ളീഷിലുമുള്ള ഓരോ പത്രങ്ങൾ വരുത്തുന്നതിനൊപ്പം ലഭ്യമായ മലയാളം, ഇംഗ്ളീഷ് ഇ പേപ്പറുകളും ഓണ്ലൈൻ എഡിഷനുകളും വായിച്ചിരുന്നു. വാർത്തകൾ ഓർമയിൽ സൂക്ഷിക്കുകയല്ലാതെ കുറിപ്പെഴുതുകയോ കട്ടിംഗ് സൂക്ഷിക്കുകയോ ഓണ്ലൈൻ വാർത്തകൾ കോപ്പി ചെയ്യുകയോ ചെയ്തിരുന്നില്ല.
ദേശീയ, അന്തർദേശീയ സംഭവങ്ങളെല്ലാം എനിക്ക് ഏറെക്കുറെ മനപാഠമാണ്. ഞാൻ ഐശ്ചികമായി പഠിച്ച ഹിസ്റ്ററി, പൊളിറ്റിക്സ് വിഷയങ്ങളെല്ലാം വാർത്തകളും ലോകസംഭവങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. അത് സിവിൽ സർവീസ് മെയിൻ പരീക്ഷയിലും അഭിമുഖത്തിലും വലിയ നേട്ടമായി.
2021 ൽ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിലും പ്രിലിമിനറി കടക്കാൻ സാധിച്ചിരുന്നില്ല. അതിൽ തെല്ലും നിരാശ ഉണ്ടായതുമില്ല. തനിയെ നടത്തിയ രണ്ടാമത്തെ ശ്രമത്തിൽ ഉയർന്ന റാങ്കിൽ വിജയിക്കുകയും ചെയ്തു. മെയിൻ പരീക്ഷ എഴുതിയശേഷം ഇന്റർവ്യൂവിന് വിളിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.
ഇന്റർവ്യൂവിനു മുന്നോടിയായി ബിഎ ഹിസ്റ്ററിക്കു പഠിക്കുന്ന അനുജൻ ഗൗരവുമായി ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്തിരുന്നതല്ലാതെ പരിശീലനകേന്ദ്രളെ ആശ്രയിച്ചില്ല. ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന അഞ്ചു പേരും ഞാൻ പഠിച്ച പൊളിറ്റിക്കൽ സയൻസും സാന്പത്തിക വിഷയങ്ങളും അന്താരാഷ്ട്ര സംഭവങ്ങളുമൊക്കെയാണ് സംസാരിച്ചത്.
അര മണിക്കൂർ അഭിമുഖത്തിൽ വിവിധ വിഷയങ്ങളിൽ എന്റെ നിലപാടും അഭിപ്രായങ്ങളും അവർ ആരാഞ്ഞതുമാത്രമേയുള്ള. നിർമിത ബുദ്ധി ഉൾപ്പെടെ ആനുകാലികവിഷങ്ങളും ചർച്ചയിലുണ്ടായി. തുറന്ന ആശയവിനിമയം എന്നല്ലാതെ നേരിട്ടുള്ള ചോദ്യങ്ങളൊന്നും ബോർഡിൽനിന്നുണ്ടായില്ല.
എസ്എസ്എസ്എൽസിക്കും പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിരുന്നെങ്കിലും പ്ലസ് ടു മുതൽ ഹ്യൂമിനിറ്റീസിലാണ് പഠനം തുടർന്നത്.പാലാ അൽഫോൻസാ കോളജിൽ നിന്ന് ബിഎ ഹിസ്റ്ററിയും പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസും എംജി യൂണിവേഴ്സിയിൽ ഒന്നാം റാങ്കോടെ പാസായി. യുജിസി റിസർച്ച് ഫെലോഷിപ്പ് നേടിയതിനൊപ്പം എംജി വാഴ്സിറ്റി കാന്പസിൽ പിഎച്ച്ഡി ചെയ്തുവരികയാണ്.
സിവിൽ സർവീസ് പരീക്ഷയിൽ മെയിൻ വിഷയമായി എടുത്തതും പൊളിറ്റിക്കൽ സയൻസ് അൻഡ് ഇന്റർനാഷണൽ റിലേഷൻസ് തന്നെ. സിവിൽ സർവീസ് പരീക്ഷയിൽ ഇന്ത്യൻ ഫോറിൻ സർവീസാണ് ഫസ്റ്റ് ചോയ്സ് വച്ചത്. നിലവിൽ ആറാം റാങ്ക് ലഭിച്ചതിനാൽ എനിക്ക് ഐഎഫ്എസ് തന്നെ ലഭിക്കാനാണ് സാധ്യത. സെക്കൻഡ് ഓപ്ഷൻ ഐഎഎസാണ്. നിലവിൽ ഫോറിൻ സർവീസിൽ നിരവധി ഒഴിവുകളുള്ളതിനാൽ ഐഎഫ്എസിലേക്കുതന്നെയാകും സെലക്ഷൻ എന്നുതോന്നുന്നു. ജപ്പാനിലെ അംബാസിഡറായ എന്റെ അങ്കിൾ സിബി ജോർജിന്റെ പ്രോത്സാഹനം സിവിൽ സർവീസിലേക്ക് കടക്കാൻ കരുതലായി.
അധ്യാപകരായ പിതാവ് പ്രഫ.സി.കെ. ജെയിംസിന്റെയും അമ്മ ദീപാ ജോർജിന്റെയും പ്രോത്സാഹനം ഏറെ വലുതായിരുന്നു. വായിക്കാനും പഠിക്കാനുമുള്ള നല്ല അന്തരീക്ഷം അവർ വീട്ടിൽ ഒരുക്കിത്തന്നു. എപ്പോഴും വായിക്കുകയോ നിശ്ചിതസമയത്ത് വായിക്കുകയോ ചെയ്യുന്ന ശീലം എനിക്കുണ്ടായിരുന്നില്ല. സ്കൂൾ, കോളജ് പഠനത്തിലും അങ്ങനെ തന്നയായിരുന്നു.
സാഹിത്യകൃതികളെക്കാൾ പത്രവായനയായിരുന്നു ഏറെ ഇഷ്ടം. പത്രങ്ങളിലെ ഓരോ വാർത്തയും വലിയ അറിവാണ് നൽകുന്നത്. പ്രാദേശിക വാർത്തയിൽപോലുമുണ്ട് എന്തെങ്കിലുമൊരു അറിവ്. ഓരോ വാർത്തയും നമ്മെ ചിന്തിപ്പിക്കാനും പ്രചോദിപ്പിക്കാനും സഹായിക്കും. ഇതിനൊപ്പം സിനിമയും സംഗീതമൊക്കെ എനിക്ക് താൽപര്യവിഷയങ്ങളാണ്. കലോത്സവങ്ങളിൽ ഉപന്യാസം, പ്രസംഗം, പദ്യോച്ചാരണം തുടങ്ങിയവയിലൊക്കെ പങ്കെടുത്തിരുന്നു. പത്രവായന ആയാസമായി എനിക്കു തോന്നാറില്ല. എത്ര വായിച്ചാലും അതിലുള്ള കന്പം കുറയുന്നുമില്ല.
ഗഹന നവ്യ ജയിംസ്