സംഗീത ഇതിഹാസം ഇളയരാജ
Sunday, May 28, 2023 1:49 AM IST
മാന്ത്രികസംഗീതംകൊണ്ട് തെന്നിന്ത്യയെ മുഴുവൻ കീഴടക്കിയ ഇളയരാജയ്ക്ക് എണ്‍പതിന്റെ തിരുമധുരം. തമിഴ്നാട്ടിലെ തേനി പണ്ണെപുരത്ത് 1943 ജൂണ്‍ രണ്ടിനു രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മൂന്നാമത്തെ പുത്രനായി ജനിച്ച ജ്ഞാനദേശികനാണ് പിൽക്കാലത്ത് ചലച്ചിത്രസംഗീതത്തിലെ അദ്ഭുതമായി മാറിയ ഇളയരാജ.
1991 ൽ സംഗീതം നിർവഹിച്ച ദളപതിയിലെ രാക്കമ്മ കയ്യെ തട്ട് എന്ന ഗാനം ലോകത്തിലെ ഏറ്റവും മികച്ച പത്തു ഗാനങ്ങൾക്കായി ബി.ബി.സി നടത്തിയ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തെത്തി.
2023 മാർച്ചിൽ പുറത്തുവന്ന വിടുതലൈ എന്ന സിനിമയിൽ ഇദ്ദേഹം ഈണമിട്ട കാട്ടുമല്ലി.... എന്ന ഗാനം വൻ തരംഗമാവുകയാണ്. ഇളരാജയും അനന്യഭട്ടും ചേർന്നാണ് ഗാനം പാടിയിരിക്കുന്നത്. ഈയിടെ റിലീസായ ‘മോഡേണ്‍ ലവ് ചെന്നൈ’യിലെ ഗാനങ്ങളും ചർച്ചയാവുകയാണ്. ഇതേ സിനിമയിലെതന്നെ ‘നെഞ്ചിൽ ഒരു മിന്നൽ’ എന്ന ഗാനം പാടിയിരിക്കുന്നതും ഇളയരാജ തന്നെ.
പ്രണയവും ഉന്മാദവും വിരഹവും നിറഞ്ഞു തുളുന്പുന്ന ഗാനങ്ങൾ ചിട്ടപ്പെടുത്തി സംഗീത ചക്രവർത്തിയായി വാഴുന്പോഴും ഒരു ഋഷിവര്യന്റെ മനസാണ് ഇളയരാജയ്ക്ക്. ഓരോ ഈണം പിറക്കുന്നതും ഓരോ അനുഗ്രഹ നിമിഷങ്ങളിലാണെന്ന് രാജ വിശ്വസിക്കുന്നു. ഇളയരാജയുടെ വീടു സന്ദർശിച്ചപ്പോൾ ഒരു ക്ഷേത്രം സന്ദർശിച്ച അനുഭവമാണ് ഉണ്ടായതെന്ന് അമിതാഭ് ബച്ചൻ പറഞ്ഞിട്ടുണ്ട്.
1976 ൽ ഇറങ്ങിയ അന്നക്കിളി മുതൽ വിടുതലൈ വരെ നീളുന്ന സംഗീതത്തിന്റെ മാന്ത്രികത ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ‘തെൻട്രൽ വന്ത് തീണ്ടും പോത്’ എന്ന പാട്ട് വെറും അരമണിക്കൂർ കൊണ്ടാണ് സംഗീതം നൽകിയത്. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി കന്നട, ഇംഗ്ലീഷ് ഭാഷകളിൽ ഏഴായിരത്തോളം ഗാനങ്ങൾക്ക് സംഗീതം പകർന്ന മഹാപ്രതിഭയുടെ നേട്ടങ്ങൾ നീളുകയാണ്. തീക്കനൽപോലെ പൊള്ളിച്ച ജീവിതാനുഭവങ്ങളാണ് രാജയെ ലോക അദ്ഭുതമാക്കി മാറ്റിയത്.
“ജന്മനാ ഞാനൊരു പ്രതിഭാശാലിയല്ല. കുഞ്ഞുനാൾ മുതൽ ഞാനറിയാതെതന്നെ സംഗീതത്തോട് ഒരടുപ്പം. ആ വാസന ജ്വലിപ്പിച്ചത് ജ്യേഷ്ഠൻ. തെരുവുകളിലും ഓടകളിലും മാന്തോപ്പുകളിലും പള്ളികളിലുമൊക്കെ ഞാൻ എത്രമാത്രം അലറിവിളിച്ചിട്ടുണ്ട്! മുളങ്കുഴലിൽ ഞാൻതന്നെ സുഷിരങ്ങളുണ്ടാക്കി, അവ തമ്മിലുള്ള അകലം എത്രത്തോളം ആകാം എന്നു പോലുമറിയാതെ! ആ കുഴലിലൂടെ ഉതിർത്ത ജീവശ്വാസമെല്ലാം കാറ്റോടുകാറ്റായി അലിഞ്ഞു പോയി.”
ഇസൈജ്ഞാനിയെന്ന് വിളിച്ച് ലോകം ആദരിക്കുന്ന ഇളയരാജയുടെ വാക്കുകളാണിത്. 1958 കാലത്ത് സംഗീത പരിപാടി നടത്തിയിരുന്ന ജ്യേഷ്ഠൻ വരദരാജന് അസുഖം വന്നപ്പോൾ സഹായിയായി പോകാൻ അമ്മ പറഞ്ഞതോടെ തുടങ്ങുന്നു ഇളയരാജയുടെ സംഗീത ജീവിതം.
എട്ടാം ക്ലാസിൽ പഠിക്കുന്പോൾ സഹോദരനോടൊപ്പം യുഗ്മഗാനങ്ങൾ പാടിയിരുന്നു ഇളയരാജ. ചെറിയ കുട്ടിയായിരുന്നതിനാൽ സ്ത്രീശബ്ദമായിരുന്നു രാജയ്ക്ക്. പട്ടിണിയും, അവഗണനയും സഹിച്ച കാലത്തും തന്റെ ഇല്ലായ്മകൾ പുറത്താരും അറിഞ്ഞിരുന്നില്ലെന്ന് ഇളയരാജ പറയും. പാട്ടിനു പിന്നാലെ പോയതോടെ എട്ടാം ക്ലാസിൽ പഠനം അവസാനിച്ചു. വെറുതെ ഇരുന്ന് മടുത്തപ്പോൾ കർക്കശക്കാരനായ ജ്യേഷ്ഠന്റെ ഹാർമോണിയം എടുത്ത് വായിച്ചു തുടങ്ങി.
ഹാർമോണിയത്തിൽ ആരെയും തൊടാൻ അനുവദിക്കാതിരുന്ന ജ്യേഷ്ഠൻ ഇളയരാജയെ പൊതിരെ തല്ലുമായിരുന്നു. ചൂരൽകൊണ്ടുള്ള അടികൊണ്ട് കുട്ടിയായ ഇളയരാജ ബോധംകെട്ടു വീണിട്ടുണ്ട്. സംഗീതത്തോടുള്ള അടങ്ങാത്ത ആവേശത്തിൽ വീണ്ടും ഹാർമോണിയം വായന തുടർന്നു.
ഒരു ദിവസം ജ്യേഷ്ഠനും ഹാർമോണിസ്റ്റ് ശങ്കർദാസുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിൽ ഒരു സംഗീതപരിപാടിക്കു ഹാർമോണിസ്റ്റ് വരാതെയിരുന്നപ്പോൾ അമ്മ പറഞ്ഞു. “നീ രാജയെക്കൊണ്ടു പോ. അവൻ തരക്കേടില്ലാതെ വായിക്കുന്നുണ്ടല്ലോ...’ അങ്ങനെ ജ്യേഷ്ഠൻ രാജയെയുംകൊണ്ട് പരിപാടിക്കു പോയി. വേദിയിൽ രാജ അന്ന് വായിച്ചതിൽ തെറ്റുകളേറെയുണ്ടായിരുന്നെങ്കിലും ചെറിയ കുട്ടിയായതുകൊണ്ട് ജനം കൈയടിച്ചു.
അന്നു തെറ്റു വായിച്ച കൊച്ചു ഹാർമോണിസ്റ്റ് രാജ ഒരു സത്യം തിരിച്ചറിഞ്ഞു. ‘ശരിയായി വായിച്ചാൽ എത്രമാത്രം അംഗീകാരമായിരിക്കും ജനം നൽകുക. അതിനാൽ നന്നായി പഠിച്ചു വളരണം’. സംഗീതം പഠിക്കാൻ മദ്രാസിലേക്കു പോകാനുള്ള തീരുമാനം ഇതിൽ തുടങ്ങുന്നു. വീട്ടിലുണ്ടായിരുന്ന റേഡിയോ വിറ്റും കരുതലായി സൂക്ഷിച്ചിരുന്ന പണവും ചേർത്ത് 400 രൂപ ഇളയരാജയുടെ കൈയിൽ കൊടുത്ത് അമ്മ പറഞ്ഞു - ‘പോയി നന്നായി വാ’.
മധുരയിൽ കൂട്ടുകാർക്കൊപ്പം മാറിമാറി താമസിച്ച് ജീവിതം പഠിച്ചു എന്ന് ഇളയരാജ. പണമുണ്ടെങ്കിലെ കൂട്ടുകാരും ഒപ്പം കാണൂ എന്നും തിരിച്ചറിഞ്ഞു. മദ്രാസിൽ ഇളയരാജ എത്തുന്നത് അവിടെ ഭാരതിരാജ എന്ന കൂട്ടുകാരൻ ഉണ്ടല്ലോ എന്ന ആശ്വാസത്തിലാണ്. അന്ന് ഇളയരാജയെപ്പോലെ തന്നെയുള്ള അവസ്ഥയിലാണ് ഭാരതിരാജയും. കലശലായ സിനിമാമോഹവും പേറിയാണ് അയാളുടെ ജീവിതം.
തമിഴ് സിനിമാലോകം അക്ഷരാർത്ഥത്തിൽ കീഴടക്കിയ സംവിധായകൻ. ഭാരതിരാജയും ഇളയരാജയും തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ തുടക്കം ഇവിടെയാണ്. ഗിറ്റാറും പിയാനോയും ഉൾപ്പെടുന്ന പാശ്ചാത്യസംഗീതം പഠിക്കാൻ രാജ ധനരാജ് മാസ്റ്ററുടെ അടുത്തെത്തുന്ന രംഗം ഹൃദയാർദ്രമാണ്. തീവെയിലിൽ ഭക്ഷണമില്ലാതെ കിലോമീറ്ററുകൾ നടന്നാണ് പഠനം.
ബസ്കൂലി പോയിട്ട് മാസ്റ്റർക്കു ഫീസും കൊടുക്കാനില്ല. എങ്കിലും ഒരിക്കൽ ധൈര്യം സംഭരിച്ച് ഇളയരാജ ചോദിച്ചു. ‘മാസ്റ്റർ, എനിക്ക് ഒന്നും തരാനില്ല. പക്ഷേ എനിക്കു പഠിക്കണമെന്നുണ്ട്.’ മാസ്റ്ററുടെ കണ്ണുകൾ നനഞ്ഞു. തനിക്കു കരയാനുള്ള കണ്ണുനീരും കൂടി ഉണ്ടായിരുന്നില്ലെന്ന് ഇളയരാജ.
മദ്രാസിൽ ഭാരതിരാജ ഉൾപ്പെടെയുള്ളവരുടെ നാടകത്തിലെ ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ടാണ് ഇളയരാജയുടെ തുടക്കം. ആ വഴിയാണ് സിനിമയിൽ സംഗീതം നൽകാൻ അവരമൊരുങ്ങിയത്. അന്നക്കിളിയാണ് ആദ്യ തമിഴ് സിനിമ. തിരക്കഥാകൃത്ത് പഞ്ചു അരുണാചലമാണ് അതിന് അവസരമൊരുക്കിയത്. അന്നക്കിളിയിലെ ‘മച്ചാനെ പാത്തികളാ’.... ‘അടിരാക്കയ്’.... തുടങ്ങിയ ഗാനങ്ങൾ ഹിറ്റായി.
രാജയുടെ സംഗീതത്തിൽ എസ്. ജാനകി പാടിയ ‘പൂവാടികളിൽ അലയും തേനിളം കാറ്റിൽ’ ഇന്നും മലയാളികൾ നെഞ്ചേറ്റുന്നു. ആദ്യ മലയാള സിനിമയ്ക്കു പക്ഷേ പ്രതിഫലം കിട്ടിയില്ല. മലയാളികൾക്കുവേണ്ടി നാനൂറോളം ഗാനങ്ങൾ ഇളയരാജ സൃഷ്ടിച്ചു. ഉണരുമീഗാനം, ആറ്റിറന്പിലെ കൊന്പിലെ, കോടമഞ്ഞിൻ താഴ്വരയിൽ, പുഴയോരത്തിൽ പൂന്തോണിയെത്തീലാ, തുന്പീവാ തുന്പക്കുടത്തിൽ, ദേവസംഗീതം നീയല്ലെ, ആദിയുഷസന്ധ്യ പൂത്തതിവിടെ.... അങ്ങനെ അങ്ങനെ.....
മൂന്നുതവണ മികച്ച സംഗീതസംവിധാനത്തിനും രണ്ടു തവണ മികച്ച പശ്ചാത്തലസംഗീതത്തിനും ദേശീയ അവാർഡുകൾ ഇളയരാജയ്ക്ക് ലഭിച്ചു. പത്മഭൂഷണ്‍ ബഹുമതിക്കും ഇളയരാജ അർഹനായി. ഭാര്യ ജീവ. കാർത്തിക് രാജ, യുവാൻ ശങ്കർരാജ, ഭവതരണി എന്നീ മൂന്നു മക്കളും സംഗീത മേഖലയിലുണ്ട്.
എസ്. മഞ്ജുളാദേവി