സിദ്ദിഖ് ഇല്ലാത്ത ലാൽ !
Sunday, August 13, 2023 2:29 AM IST
കലാഭവനിൽ മുഴുനീള ഹാസ്യപരിപാടി ആരംഭിക്കുന്നതിന് ആബേലച്ചൻ ആലോചന തുടങ്ങിയ ഘട്ടത്തിലായിരുന്നു സിദ്ദിഖും ലാലും ആദ്യം ഒന്നിച്ചത്.
“കറ പുരളാത്ത ലളിതമായ സംവിധാന മികവുമായി മലയാളസിനിമയിലേക്ക് രണ്ടു യുവ സംവിധായകർ’.
1989 ഓഗസ്റ്റ് നാലിനു റിലീസ് ചെയ്ത ‘റാംജിറാവു സ്പീക്കിംഗ്’ തീയറ്ററുകളിൽ 200 ദിവസം പിന്നിട്ടപ്പോൾ അണിയറക്കാർ പുറത്തുവിട്ട പോസ്റ്ററുകളിലൊന്നിലെ പരസ്യവാചകമായിരുന്നു ഇത്. ഈ കൂട്ടുകെട്ടിൽ പിറന്നതെല്ലാം ഹിറ്റുകൾ. അല്ലെങ്കിൽ ഹിറ്റുകൾക്കായി സൗഹൃദം കോർത്തിണക്കിയവർ.
സിദ്ദിഖ് ലാൽ ഒറ്റ പേരാണെന്ന് വിശ്വസിച്ചുവന്നവർ നിരവധിയായിരുന്നു. അവർ രണ്ടാണെന്ന് ഇരുവരും പറഞ്ഞതുമില്ല. അവരെ അറിയുന്നവരും പറഞ്ഞില്ല. അതെ, ഇരുവരുടെയും ചുവടുവയ്പുകളിലോരോന്നിലും ഒരേ താളമായിരുന്നു, ഒരേ ഈണമായിരുന്നു.
കലാഭവനിൽ മുഴുനീള ഹാസ്യപരിപാടി ആരംഭിക്കുന്നതിന് ആബേലച്ചൻ ആലോചന തുടങ്ങിയ ഘട്ടത്തിലായിരുന്നു സിദ്ദിഖും ലാലും ആദ്യം ഒന്നിച്ചത്. ആബേലച്ചനെ കാണാൻ ഇരുവരും ഒരുമിച്ച് കലാഭവനിലേക്ക്.
കലാഭവനിലെ തബല ആർട്ടിസ്റ്റായിരുന്ന ലാലിന്റെ പിതാവ് വഴിയാണ് ആബേലച്ചനെ കാണാൻ അവസരമൊരുങ്ങിയത്. ലാലിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് സിദ്ദിഖ് കലാഭവനിലേക്കു വന്നതും.
1980ൽ ഇരുവരും കലാഭവന്റെ ഭാഗമായി. ഗാനമേളകളുടെ ഇടവേളകളിലെ മിമിക്രി പ്രോഗ്രാമുകളിൽ നിന്നു മാറി മുഴുനീള കോമഡി എന്ന ആശയം ആബേലച്ചൻ മുന്നോട്ട് വച്ചു. മിമിക്സ് പരേഡ് എന്ന പദം ലാലിന്റെ സംഭാവനയായിരുന്നു.
സിദ്ദിഖ് സ്ക്രിപ്റ്റുകളെഴുതി. പിന്നീടു സംഭവിച്ചതെല്ലാം ചരിത്രം.പതിനാറാം വയസിൽ ഞാനും സിദ്ദിഖും ഒപ്പമായിരുന്നു കലാരംഗത്ത് യാത്ര തുടങ്ങിയതെന്നു ലാൽ. മിമിക്രി വേദികളും സ്റ്റേജ് ഷോകളും പിന്നിട്ട് സിനിമയിലേക്കെത്തുന്പോഴും ഒരുമിച്ചു തന്നെ.
ഞങ്ങൾക്കിടയിൽ ഈഗോ ഉണ്ടായിരുന്നില്ല. ഇണക്കത്തിനൊപ്പം പിണക്കവും ഉണ്ടായിരുന്നെങ്കിലും അതൊന്നും കലഹങ്ങളായില്ല. ശരിയും ചിരിയും ചേരുന്പോൾ എല്ലാ പിണക്കങ്ങളും മാറും. തർക്കങ്ങൾ പൊട്ടിച്ചിരികൾക്കു വഴിമാറും.
സിനിമയിൽ കൂട്ടു പിരിഞ്ഞത് ഒരുമിച്ചെടുത്ത തീരുമാനവുമായിരുന്നു. വഴക്കിട്ടു പിരിയാനാവില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഇത്രയും നാളത്തെ സൗഹൃദത്തിനിടയിൽ സിദ്ദിഖ് ആരുടെയും കുറ്റങ്ങൾ പറയുന്നതു കേട്ടിട്ടില്ല. ഇത്രയും ശുദ്ധതയുള്ളൊരാൾ അധികമുണ്ടാകാനിടയില്ല- ലാൽ അനുസ്മരിച്ചു.
പേരു മാറി, തലവരയും
സിദ്ദിഖ്- ലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രം റാംജിറാവ് സ്പീക്കിംഗ് വൻ ഹിറ്റുകളിലൊന്നായിരുന്നു.
‘നൊന്പരങ്ങളെ സുല്ല് സുല്ല്’ എന്നായിരുന്നു ഈ ചിത്രത്തിന് ആദ്യം കണ്ടുവച്ച പേര്. എന്നാൽ സംവിധായകൻ ഫാസിൽ ആണ് ‘റാംജി റാവു സ്പീക്കിംഗ്’ എന്ന് നിർദേശിച്ചത്.
‘ഇൻ ഹരിഹർ നഗർ’എന്ന പേരിട്ടതും ഫാസിൽതന്നെ. മാരത്തോണ് എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. കാബൂളിവാല ഒഴികെ എല്ലാ സിനിമകൾക്കും ഇംഗ്ലീഷ് പേരുകളായിരുന്നുവെന്നതും സവിശേഷതയായി.
സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർമാരായിരുന്ന സിദ്ദിഖിനെയും ലാലിനെയും സംവിധാനത്തിലേക്കു ക്ഷണിച്ചത് ഫാസിലും ഒൗസേപ്പച്ചനുമായിരുന്നു. ഹിറ്റ്്ലർ ഉൾപ്പടെ സിദ്ദിഖ് ഒറ്റയ്ക്കു ചെയ്ത മിക്ക സിനിമകളുടെയും നിർമാണം ഒൗസേപ്പച്ചനായിരുന്നു.
ഫാസിലിനൊപ്പം 1984ൽ നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് നിർമിച്ചാണ് ഒൗസേപ്പച്ചൻ സിനിമയിലേക്കെത്തിയത്. സിദ്ദിഖ് ആദ്യമായി അസിസ്റ്റന്റ് ഡയറക്ടറായതും ഈ സിനിമയിലാണ്. റാംജിറാവ് സ്പീക്കിംഗ് ഇറങ്ങി വർഷങ്ങൾക്കുശേഷം ലാലുമൊത്തുള്ള കൂട്ടുവിട്ടു സിദ്ദിഖ് സ്വന്തമായി സംവിധാനം ചെയ്ത ഹിറ്റ് പടം ഹിറ്റ്്ലറിന്റെയും നിർമാതാവായി ഒൗസേപ്പച്ചനുണ്ടായിരുന്നു.
20 വർഷങ്ങൾക്കുശേഷം സിദ്ദിഖും ലാലും വീണ്ടും ഒരുമിച്ചു സംവിധാനം ചെയ്ത കിംഗ് ലയറിന്റെ നിർമാതാവായും ഒൗസേപ്പച്ചൻ ഉണ്ടായിരുന്നു.
സിജോ പൈനാടത്ത്