ഇല്ലാതാകരുത് മലൂട്ടി വിസ്മയം
Sunday, November 5, 2023 4:56 AM IST
ചാര്ചല്ല എന്നു വിളിക്കുന്ന നാലു ചെരിവുകളോടു കൂടിയ മേല്‍ക്കൂരയാണ് ക്ഷേത്രങ്ങള്‍ക്കുള്ളത്. ഈ പ്രദേശത്ത് അസാധാരണമായ ഈ ശൈലിയുടെ ഉറവിടം നീളുന്നത് ബംഗാളില്‍നിന്നുള്ള കരകൗശല വിദഗ്ധരിലേക്കാണ്. ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമായ കൊത്തുപണികളാണുള്ളത്. ഇതെല്ലാം ഹിന്ദു പുരാണങ്ങളുടെ കഥ പറയുന്നതാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുകലാ വിസ്മയങ്ങൾ പലതും ഇന്ത്യയുടെ പല ഭാഗങ്ങളിലുണ്ടെങ്കിലും പലതും കാലാന്തരത്തിൽ അവഗണിക്കപ്പെടുകയോ നാശോന്മുഖമാവുകയോ ചെയ്തിട്ടുണ്ട്. ജാര്‍ഖണ്ഡിലെ മലൂട്ടി ക്ഷേത്രങ്ങള്‍ പറയുന്ന കഥയും മറ്റൊന്നല്ല. ശിക്കാരിപാറയിലെ മലൂട്ടി ഗ്രാമത്തിലാണ് ടെറാക്കോട്ടയില്‍ തീര്‍ത്ത ഈ അദ്ഭുത ക്ഷേത്രസമുച്ചയം.
108 ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതില്‍ 72 എണ്ണം മാത്രമേ ഇന്ന് അവശേഷിക്കുന്നുള്ളൂ. ബജ് ബസന്ത രാജവംശത്തിലെ രാജാക്കന്മാരുടെ കാലത്തു നിര്‍മിക്കപ്പെട്ടതാണ് ഈ ക്ഷേത്രങ്ങള്‍ എന്നു കരുതുന്നു. മധ്യം ബാരി, രാജ് ബാരി,സിക്കിര് ബാരി, ചായ് തരഫ് എന്നിങ്ങനെ നാലു ഭാഗങ്ങളായാണ് ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
അവഗണനയിൽ
17-ാം നൂറ്റാണ്ടില്‍ തുടങ്ങിയ ക്ഷേത്രങ്ങളുടെ നിര്‍മാണം 19-ാം നൂറ്റാണ്ടു വരെ നീണ്ടുവെന്നാണ് ഇന്ത്യന്‍ ട്രസ്റ്റ് ഓഫ് റൂറല്‍ ഹെറിറ്റേജ് നല്കുന്ന വിവരം. 108 എണ്ണത്തില്‍ 36 എണ്ണവും നശിച്ചുപോയി. ബാക്കിയുള്ള 72 എണ്ണമാകട്ടെ പുനരുദ്ധാരണമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഗ്രാമത്തിനു മലൂട്ടി എന്ന പേരു കിട്ടാന്‍ കാരണമായ മൗലിക്ഷ എന്ന ദേവതയ്ക്കുള്ള സമര്‍പ്പണമായാണ് ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മിച്ചത്.
എന്നാല്‍, 17-ാം നൂറ്റാണ്ടു മുതല്‍ ശിവന്, കൃഷ്ണന്, വിഷ്ണു, പാര്‍വതി, ദുര്‍ഗ, കാളി, ലക്ഷ്മി എന്നിങ്ങനെ നിരവധി ഹിന്ദു ദേവതകളെ ആരാധിക്കുന്ന ഇടമായി ഇവിടം മാറി.
രാമായണത്തെക്കൂടാതെ മഹാഭാരതം, ശ്രീകൃഷ്ണന്റെ യുദ്ധ ദൃശ്യങ്ങള്‍ എന്നിങ്ങനെയുള്ള കൊത്തുപണികളും ഇവിടെയുണ്ട്. സംസ്കൃതം, പ്രാകൃത്, ബംഗാളി ഭാഷകളില്‍ എഴുതപ്പെട്ടിരിക്കുന്ന ചില ശിലാശാസനങ്ങള്‍ ഈ മന്ദിരങ്ങളെയും അക്കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളെയുംപറ്റി സംസാരിക്കുന്നവയാണ്.
സപ്തഭുജ നിർമിതി
ചാര്ചല്ല എന്നു വിളിക്കുന്ന നാലു ചെരിവുകളോടു കൂടിയ മേല്‍ക്കൂരയാണ് ക്ഷേത്രങ്ങള്‍ക്കുള്ളത്. ഈ പ്രദേശത്ത് അസാധാരണമായ ഈ ശൈലിയുടെ ഉറവിടം നീളുന്നത് ബംഗാളില്‍നിന്നുള്ള കരകൗശല വിദഗ്ധരിലേക്കാണ്. ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമായ കൊത്തുപണികളാണുള്ളത്. ഇതെല്ലാം ഹിന്ദു പുരാണങ്ങളുടെ കഥ പറയുന്നതാണ്. മധ്യ ക്ലസ്റ്ററില്‍ കാണുന്ന രാമായണത്തിലെ ദൃശ്യങ്ങള്‍തന്നെ ഉദാഹരണം. രാജ്ബാരിയും സിക്കിര് ബാരിയും ചേര്‍ന്ന ക്ലസ്റ്ററാണ് ഇവിടെയുള്ളതില്‍ ഏറ്റവും വലുത്. മേല്‍ക്കൂരയില്ലാത്ത സപ്തഭുജ നിര്‍മിതി രാസ്മാഞ്ച ഒരു അദ്ഭുതമാണ്.
ഗ്രാമത്തിന്റെ തന്നെ പ്രതീകമായ ഈ മഹദ്നിര്മിതികളെ വേണ്ട രീതിയില്‍ സംരക്ഷിക്കാത്തതില്‍ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് സേവ് ഹെറിറ്റേജ് ആന്‍ഡ് എന്വിയോണ്മെന്റ് എന്ന സംഘടന ഈ ക്ഷേത്രങ്ങളെ സംരക്ഷിക്കാന്‍ മുന്നോട്ടുവരികയായിരുന്നു. ക്ഷേത്രപുനരുദ്ധാരണത്തിനുള്ള പഠനവും അവര്‍ നടത്തി.
ഇതേത്തുടര്‍ന്ന് ഗ്ലോബര്‍ ഹെറിറ്റേജ് ഫണ്ട്, ഇന്ത്യന്‍ ട്രസ്റ്റ് ഫോര്‍ റൂറല്‍ ആന്‍ഡ് ഹെറിറ്റേജ് ഡെവലപ്മെന്റ് എന്നിങ്ങനെ നിരവധി സംഘടനകള്‍ പുനരുദ്ധാരണത്തിനായി രംഗത്തുവന്നു. ലോകത്തിലെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന 12 പൈതൃക പ്രദേശങ്ങളിലൊന്നായി മലൂട്ടി ഗ്രാമത്തെയും ക്ഷേത്രങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അജിത് ജി. നായർ