50 പിന്നിട്ട് കുടുംബങ്ങളുടെ മംഗളഗീതം
Sunday, November 5, 2023 5:10 AM IST
ഒന്നാമതും രണ്ടാമതും മൂന്നാമതും ഒരേ ഗാനം... അതു കഴിഞ്ഞേ ബാക്കി ഏതും വരൂ!.. ലക്ഷ്മികാന്ത്- പ്യാരേലാൽ ദ്വയത്തിന്റെ, സ്വന്തം പാട്ടുകളിൽ ഏറ്റവുമിഷ്ടം ഏതാണെന്നു ചോദിച്ചപ്പോൾ പ്യാരേലാൽ പറഞ്ഞതാണിത്. ഏതായിരുന്നു ആ പാട്ടെന്നല്ലേ? ഏക് പ്യാർ കാ നഗ്മാ ഹേ...! സുദൃഢമായ കുടുംബ ബന്ധങ്ങളിലെ വാക്കുകൾക്കപ്പുറമുള്ള സന്തോഷത്തെക്കുറിച്ചു പാടുന്ന ആ പാട്ട് സുവർണജൂബിലിയും കടന്നു മുന്നോട്ട്...
സന്തോഷം, പ്രതീക്ഷ, യാതനകൾ, പ്രതികൂല കാലാവസ്ഥകൾ, രോഗങ്ങൾ, മരണംപോലും... ഒരു കുടുംബത്തിലെ അംഗങ്ങൾ ഇങ്ങനെ ഒട്ടേറെ സാഹചര്യങ്ങളിലൂടെ കടന്നുപോകാം. ഇതിലെല്ലാം അവർ ഒരു ചരടിൽ കോർത്ത പൂക്കൾപോലെ നിൽക്കണം. ആ ചരടായി മാറുകയാണ് ഒരു പാട്ട്- ഏക് പ്യാർ കാ നഗ്മാ ഹേ... ലക്ഷ്മി-പ്യാരേ ദ്വയം ഒരു സുന്ദര വയലിൻ മേളനത്തിൽ തുടങ്ങി അതിമനോഹരമായ വഴികളിലൂടെ കൈപിടിച്ചു നടത്തിയ പാട്ട്!
എന്താണീ പാട്ട് പകർന്നുതരുന്ന അനുഭവമെന്ന് തരംതിരിക്കുക എളുപ്പമല്ല. സന്തോഷമോ സങ്കടമോ അതോ മറ്റെന്തെങ്കിലുമോ? അതുമല്ലെങ്കിൽ ഈ പാട്ടിൽ എന്താണില്ലാത്തത്! സന്തോഷ് ആനന്ദ് എഴുതിയ വരികൾ കവിതാ പാണ്ഡിത്യം വെളിവാക്കുകയെന്നത് ഒരിക്കലും ലക്ഷ്യമാക്കിയിട്ടില്ല. സിനിമയിൽ പലേടങ്ങളിലായി സന്ദർഭം ആവശ്യപ്പെടുന്ന മട്ടിൽ ലക്ഷ്മി-പ്യാരേ ഒരുക്കിയ ഈണം ഒഴുകിയെത്തുന്നു. വരികൾ ലളിതമായൊരു ജീവിതസത്യം വെളിപ്പെടുത്തുന്നു- ചിലതു നേടുന്പോൾ മറ്റു ചിലതു നഷ്ടപ്പെടുത്തേണ്ടിവരും.. നേരേ തിരിച്ചും...
ഷോർ (1972)
ശങ്കർ (മനോജ് കുമാർ), അയാളുടെ ഭാര്യ (നന്ദ), സംസാരശേഷിയില്ലാത്ത മകൻ എന്നിങ്ങനെയുള്ള കുടുംബത്തിന്റെ കഥയാണ് 1972ൽ പുറത്തിറങ്ങിയ ഷോർ എന്ന ചിത്രത്തിലേത്. അവരുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ പാട്ടിൽ അനുരണനമുണ്ടാക്കുന്നു. ലതാ മങ്കേഷ്കറും മുകേഷുമാണ് ഗായകർ.
വയലിന്റെയും ലതയുടെയും സ്വരങ്ങൾ തമ്മിലുള്ള മത്സരത്തോടെയാണ് പാട്ടിന്റെ തുടക്കം. ലളിതമായവയാണ് ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കുന്നതു ശരിവച്ച്, ഹിന്ദിയിൽ മേജർ സ്കെയിലിൽ ഈണമിട്ട പാട്ടുകളിൽ ഏറ്റവും മികച്ചവയിൽ മുൻനിരയിലുണ്ട് ഈ പാട്ട്.
ലതയുടെ ശബ്ദം തെളിമയോടെ ഒഴുകുന്പോൾ, അല്പം വൈകി ചേരുന്ന മുകേഷ് കൊണ്ടുവരുന്നത് സാന്ദ്രമായ ദുഃഖത്തിന്റെ അലയാണ്. അപാരമായ ശ്വാസനിയന്ത്രണമാണ് മുകേഷ് പാട്ടിൽ കൊണ്ടുവന്നിരിക്കുന്നതെന്ന് ആസ്വാദകർ പറയുന്നു.
പാട്ടിന്റെ തുടക്കത്തിൽ കണ്ടതുപോലെ വയലിൻ ഹാർമണികളുടെ ആഘോഷമാണ് പാട്ടിൽ. ലക്ഷ്മി-പ്യാരേയുടെ പ്രിയങ്കരനായ ജെറി ഫെർണാണ്ടസാണ് വയലിനിസ്റ്റ്. വയലിനുകൾക്കൊപ്പം വോയസ് കോറൽ സൃഷ്ടിക്കുന്ന വികാരപ്രപഞ്ചം അനന്യം. പ്യാരേലാലിന്റെ സഹോദരനും പ്രഗല്ഭ ഗിറ്റാറിസ്റ്റുമായ ഗോരഖ് ശർമയാണ് ഗിറ്റാർ വായിച്ചിരിക്കുന്നത്.
പാട്ട്, ജീവിതം
സിനിമയിൽ സംസാരശേഷിയില്ലാത്ത മകനു സങ്കീർണമായ ശസ്ത്രക്രിയയിലൂടെ സംസാരിക്കാനാവുന്നുണ്ട്. അതേസമയം, ഫാക്ടറിയിലുണ്ടാകുന്ന അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് അച്ഛന് കേൾവിശക്തി നഷ്ടപ്പെടുന്നു. വിധിവൈപരീത്യം എന്ന വാക്കിന് ഇതിനേക്കാൾ വലിയ ഉദാഹരണം എവിടെക്കിട്ടാൻ! ചിലതു നേടുന്പോൾ മറ്റു ചിലതു നഷ്ടപ്പെടുത്തേണ്ടിവരുമെന്ന് പാട്ടിൽ പറയുന്നത് എത്ര സത്യം! ഒരു കുഞ്ഞിന്റെ സ്വരംപോലെ ലതാ മങ്കേഷ്കർ ഈ ഭാഗത്ത് വോയ്സ് മോഡുലേഷൻ കൊണ്ടുവന്നിരിക്കുന്നു.
വർഷങ്ങൾക്കിപ്പുറവും ഈ പാട്ട് കേൾവിക്കാരിൽ എന്തുമാത്രം സ്വാധീനമുണ്ടാക്കുന്നുവെന്നറിയാൻ യുട്യൂബ് വീഡിയോകളിലെ കമന്റുകൾ നോക്കിയാൽ മതി. ഈ ലോകംവിട്ടുപോയ അച്ഛനമ്മമാരെ ഓർത്തു കണ്ണീരണിയുന്നവർ നിരവധിയുണ്ട്. അല്ലെങ്കിലും ആർക്കാണ് കണ്ണുകൾ ഈറനണിയാതെ ഈ പാട്ടു കേട്ടിരിക്കാനാവുക...ഒരാൾ എഴുതുന്നു- ഇതൊരു പാട്ടല്ല, വികാരമാണ്.. ഇതിൽ ലക്ഷക്കണക്കിനു ജീവിത മുഹൂർത്തങ്ങളുണ്ട്.
ഹരിപ്രസാദ്