ചരിത്രദുരന്തത്തെ ചിരിയാക്കിയ ചാപ്ലിൻ
Sunday, November 5, 2023 5:42 AM IST
ഈ കാലഘട്ടത്തിൽ നാം കാണുന്ന മഹാപ്രതിഭകൾക്കിടയിൽ അഗ്രഗണ്യനായി കരുതപ്പെടുന്ന ബഹുമുഖ പ്രതിഭയാണ് ചാർളി ചാപ്ലിൻ. നിശബ്ദകാലത്തെ ചെറുകോമഡികളിൽനിന്ന് 1930കളിൽ മുഴുനീള കഥാചിത്രങ്ങളിലേക്കു ചാപ്ലിൻ ചുവടുമാറ്റിയത് അല്പം മടിച്ചുമടിച്ചായിരുന്നു.
രണ്ടു മഹായുദ്ധങ്ങൾക്കിടയിലാണ് ചലച്ചിത്രകല വളർച്ച പൂർത്തിയാക്കിയത്. നിശബ്ദതയിൽനിന്നു ശബ്ദത്തിലേക്കും ബ്ലാക്ക് ആൻഡ് വൈറ്റിൽനിന്നു വർണ ചിത്രങ്ങളിലേക്കും വളർന്ന കാലം. വൻ സ്റ്റുഡിയോകളും അവയ്ക്കൊപ്പം താരങ്ങളും ഉയർന്നുവന്നു.
ഈ കാലഘട്ടത്തിൽ നാം കാണുന്ന മഹാപ്രതിഭകൾക്കിടയിൽ അഗ്രഗണ്യനായി കരുതപ്പെടുന്ന ബഹുമുഖ പ്രതിഭയാണ് ചാർളി ചാപ്ലിൻ. നിശബ്ദകാലത്തെ ചെറുകോമഡികളിൽനിന്ന് 1930കളിൽ മുഴുനീള കഥാചിത്രങ്ങളിലേക്കു ചാപ്ലിൻ ചുവടുമാറ്റിയത് അല്പം മടിച്ചുമടിച്ചായിരുന്നു.
ചാപ്ലിൻതന്നെ കഥയും സംഭാഷണവും രചിച്ചു സംവിധാനവും അഭിനയവും നിർവഹിച്ച ശബ്ദചിത്രങ്ങൾക്കിടയിൽ ’ദ ഗ്രേറ്റ് ഡിക്ടേറ്റർ’ പല കാരണങ്ങളാൽ ഇന്നും സ്മരിക്കപ്പെടുന്നു.
ആക്ഷേപഹാസ്യം
രാഷ്ട്രീയ ആക്ഷേപഹാസ്യമെന്ന് വിശേഷിക്കപ്പെടുന്ന ഈ ചിത്രത്തിൽ ചാപ്ലിൻ പ്രേക്ഷകർക്കു ചിരപരിചിതനായ ‘കുള്ളൻ കോമാളി’യെ ഇരട്ട റോളിലാണ് അവതരിപ്പിക്കുന്നത്. അതിലുപരി രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ തിയറ്ററുകളിലെത്തിയ ’ഡിക്ടേറ്റർ’ അന്നു നിലനിന്നിരുന്ന രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിയോടു ചാപ്ലിൻ നടത്തിയ പ്രതികരണവുമായിരുന്നു.
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചത് ഇരുപതു വർഷത്തിനുള്ളിൽ വരാനുള്ള രണ്ടാം യുദ്ധത്തിനു വഴിമരുന്നിട്ടുകൊണ്ടാണ്. ഇറ്റലിയിൽ ഫാസിസവും ജർമനിയിൽ നാസിസവും പിടിമുറുക്കി. ജർമനയിൽ ജനാധിപത്യം അട്ടിമറിച്ച ഹിറ്റ്ലർ വംശവെറിയിൽ അധിഷ്ഠിതമായ തന്റെ ഭരണമുറപ്പിക്കാൻ യഹൂദവിരോധം മുഖ്യ ആയുധമാക്കി. കോണ്സൻട്രേഷൻ ക്യാന്പുകൾ പിറന്നു. 1938ൽ ഹിറ്റ്ലർ ഓസ്ട്രിയ പിടിച്ചെടുത്തു. ഈ സമയത്താണു വരാനിരിക്കുന്ന ദുരന്തം മുന്നിൽകണ്ട് ചാപ്ലിൻ ’ദ ഗ്രേറ്റ് ഡിക്ടേറ്റർ’ നിർമിക്കാൻ തുടങ്ങിയത്.
യുദ്ധവിരുദ്ധ സന്ദേശം
1940ൽ അമേരിക്കയിൽ ചിത്രം റിലീസ് ചെയ്യുന്പോൾ പോളണ്ടും ഹിറ്റ്ലർ കീഴടക്കിക്കഴിഞ്ഞിരുന്നു. അതോടെ ബ്രിട്ടനും യുദ്ധരംഗത്തായി. എന്നാൽ, യൂറോപ്യൻ രാഷ്ട്രീയത്തിൽ ഇടപെടാതെ നിഷ്പക്ഷമായി നിന്ന റൂസ്വെൽറ്റ് ഭരണത്തിൽ ഈ വിഷയം കത്തിനിന്നു. അവിടെയും ഹിറ്റ്ലർക്കു പിന്തുണക്കാർ ഉണ്ടായിരുന്നുതാനും. അമേരിക്കൻ നിഷ്പക്ഷത പൊടുന്നനെ അവസാനിച്ചത് 1941 ഡിസംബറിലെ പേൾ ഹാർബർ സംഭവത്തോടെയാണ്.
മേല്പറഞ്ഞ ചരിത്രസന്ധിയിലാണ് ചാപ്ലിന്റെ ചിത്രം പ്രസക്തമാകുന്നത്. രണ്ടു മഹായുദ്ധങ്ങൾക്കിടയിൽ സംഭവിച്ച സുപ്രധാന രാഷ്ട്രീയ സംഭവങ്ങളും അവയുടെ നടുനായകരായ ഹിറ്റ്ലർ, മുസോളനി എന്നിവരെയും കഥാവിഷയമാക്കിക്കൊണ്ട് ശക്തമായ ഒരു യുദ്ധവിരുദ്ധ സന്ദേശം ചാപ്ലിൻ ലോകത്തിനു നൽകി.
തന്റെ സ്വതസിദ്ധമായ ശൈലിയിൽ പ്രഹസനരൂപത്തിൽ പാരഡിയും ആക്ഷേപഹാസ്യവും സങ്കേതങ്ങളാക്കി സമകാലിക സംഭവങ്ങളുടെ ദുരന്തമുഖത്തെ മറയ്ക്കാതെതന്നെ ചിരി പടർത്തുകയാണ് ഡിക്ടേറ്റർ. അഡോൾഫ് ഹിറ്റ്ലർ റ്റൊമേനിയയിലെ അധികാരഭ്രാന്തനായ അഡിനോയ്ഡ് ഹിങ്കൽ ആയി മാറുന്നു. തൊട്ടടുത്തുള്ള ഓസ്ട്രിച്ച് എന്ന നാടു പിടിച്ചടക്കി ലോകാധിപത്യത്തിനുള്ള തയാറെടുപ്പിലാണ് ഹിങ്കൽ.
ഒപ്പംതന്നെ നാട്ടിലെ യഹൂദരെ വംശനാശം വരുത്തുകയും വേണം. ഇതേ ലക്ഷ്യമാണ് ഹിറ്റ്ലറിന്റെ അയൽക്കാരൻ നാപ്പളോണിക്ക്. ഇയാൾ ബാക്ടീരിയ എന്ന തന്റെ രാജ്യം വിസ്തൃതമാക്കാൻ ഓസ്ട്രിച്ചിൽ കണ്ണുവച്ചിരിക്കുകയാണ്. ഇവരുടെ സംഘർഷങ്ങൾക്കു സമാന്തരമായ കഥാഗതിയിൽ ഹിങ്കലിന്റെ അപരനായ മുൻ പട്ടാളക്കാരനായ യഹൂദ ബാർബറാണ് ചാപ്ലിൻ.
അപരൻ പിടിയിൽ
ഒന്നാം മഹായുദ്ധത്തിൽ വിമാനാപകടത്തിൽ ഓർമ നഷ്ടപ്പെട്ട ഇയാൾ പിന്നീട് ഒരു യദൂഹ ഗെട്ടോ (യഹൂദരെ വേർതിരിച്ചു പാർപ്പിച്ചിരുന്ന ഇടം)യിൽ, ഹന്ന എന്ന സ്ത്രീയുടെ സഹായത്തോടെ ബാർബറായി ജീവിക്കുന്പോഴാണ് ഹിങ്കൽ യഹൂദരെ വംശനാശം വരുത്താൻ കോണ്സൻട്രേഷൻ ക്യാന്പുകളിലേക്ക് അവരെ തെളിക്കുന്നത്. ഹിങ്കലിന്റെ കിങ്കരനായിരുന്ന ഷൂൾട്സ് രാജ്യദ്രോഹിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ബാർബറുടെ വീട്ടിൽ ഒളിച്ചുകഴിയുന്പോൾ ഹിങ്കലിന്റെ പട്ടാളം എത്തുന്നു.
ബാർബറും ഹന്നയുംകൂടി അയാളെ രക്ഷപ്പെടുത്തി. അവർ ഓസ്ട്രിച്ചിലേക്കു പലായനം ചെയ്യുന്പോൾ ഹിങ്കലിന്റെ സൈന്യം ഓസ്ട്രിച്ച് പിടിക്കാൻ എത്തുകയാണ്. അവരെ നയിക്കാൻ എത്തിയ ഹിങ്കൽ കാട്ടിൽ വേട്ടയ്ക്കിടെ വെള്ളത്തിൽ വീണ് അപ്രത്യക്ഷനായി. ഹിങ്കലിനെ തേടിവരുന്ന സൈനിക മേധാവികളുടെ മുന്പിൽ ഹിങ്കലിന്റെ അപരനായ ബാർബർ ചെന്നുപെടുന്നു.
ഹിങ്കലെന്നു കരുതി അവർ ഷൂൾട്സിനെയും ഒപ്പംകൂട്ടി സൈനികരെ യുദ്ധസജ്ജരാക്കാൻ ബാർബറെ കൊണ്ടുപോകുന്നു. സൈനിക വേഷത്തിലായിരുന്ന ബാർബറോടു പ്രസംഗം പറയാൻ ആവശ്യപ്പെടുന്നു. ഭയന്നുപോയ അയാളെ ഷുൾട്സ് ധൈര്യപ്പെടുത്തുന്നു.
മൂന്നു മിനിറ്റ് പ്രസംഗം
എന്നാൽ, യുദ്ധാഹ്വാനത്തിനു പകരം അവർ കേൾക്കുന്നത് ഹിങ്കൽ പ്രതിനിധീകരിക്കുന്ന പൈശാചികതയ്ക്കെതിരേയുള്ള അതിശക്തമായ ഒരു മൂന്നു മിനിറ്റ് പ്രസംഗമാണ്. സമാധാനത്തിനുവേണ്ടിയുള്ള ഒരു ആഹ്വാനം. ഒപ്പംതന്നെ അപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മഹായുദ്ധത്തിന്റെ പരിണാമം എന്തായിരിക്കുമെന്ന കൃത്യമായ ഒരു പ്രവചനവും അതിലുണ്ട്.
വിശ്വസിനിമയിലെ അവിസ്മരണീയമായ ഈ മൂന്നു മിനിറ്റ് സീക്വൻസിൽ ഹിങ്കലിന്റെയോ ബാർബറുടെയോ ശബ്ദമല്ല നാം കേൾക്കുന്നത്. രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്ന ചാർളി ചാപ്ലിൻ എന്ന സമാധാനവാദിയുടെ നേരിട്ടുള്ള ആഹ്വാനമാണ്. കോളിളക്കം സൃഷ്ടിച്ച ഈ ചിത്രം അഞ്ച് ഓസ്കർ നോമിനേഷനുകൾ നേടി. വൻ പ്രദർശന വിജയവും. അമേരിക്കയിൽ പോലും ചിലേടങ്ങളിൽ ഇതിന്റെ പ്രദർശനം തടയപ്പെട്ടിരുന്നു.
ജിജി ജോസഫ് കൂട്ടുമ്മേൽ