താനേ വരുത്തിവച്ച വിന
Sunday, September 9, 2018 2:39 AM IST
അൻസു, ജോസഫെന്ന ജോയിച്ചന്റെയും സോഫിയുടെയും മകളാണ്. അൻസുവിനെ കൂടാതെ രണ്ട് മക്കൾകൂടിയുണ്ടിവർക്ക്. മക്കളിൽ ഏറ്റവും മൂത്തത് ആണും ഏറ്റവും ഇളയത് പെണ്ണുമാണ്. രണ്ടാമത്തവളായ അൻസു പി. ജി, എംഫിൽകാരിയാണ്. ഇരുപത്താറുകാരിയായ അവൾക്ക് വിവാഹാലോചന തുടങ്ങിയിട്ട് വർഷം ഒന്നായെങ്കിലും ഒരാലോചനയും അങ്ങോട്ടുറയ്ക്കുന്നില്ല. പെണ്ണ് കാണാൻ വരുന്ന പലർക്കും മുന്പിൽ ഒരുങ്ങിക്കെട്ടിനിന്ന് താൻ മടുത്തുവെന്നും തത്കാലം ഇനി ആലോചനയൊന്നും വേണ്ടെന്നുമാണ് അവളുടെ അഭിപ്രായം. വരുന്ന ആലോചനകളൊക്കെ മാറിപ്പോകുന്നത് തങ്ങളുടെ കുഴപ്പംകൊണ്ടല്ലെന്നും തന്നത്താൻ വരുത്തിവച്ച വിന ഒന്നുകൊണ്ട് മാത്രമാണെന്നുമാണ് ജോയിച്ചനും സോഫിയും പറയുന്നത്.
അൻസു ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് അവൾക്കും കുടുംബത്തിനും പേരുദോഷം ഉണ്ടാക്കിയ ആ സംഭവം ഉണ്ടായത്. വിഷയം പ്രണയംതന്നെ. അവൾ പഠിച്ചിരുന്ന അതേ കോളജിലെ പിജി വിദ്യാർഥിയായിരുന്നു കക്ഷി. കോളജ് ഇലക്ഷനോടു ബന്ധപ്പെട്ട് ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ബാക്കിപത്രമായാണ് പ്രേമം മൊട്ടിട്ടു തുടങ്ങിയത്. അന്ന് കാന്പസിൽ മുഴുവൻ അവരിരുവരുടെയും പ്രേമം സംസാര വിഷയമായിരുന്നു. അധികം താമസിയാതെ വീട്ടുകാരും നാട്ടുകാരും കാര്യങ്ങൾ അറിയുകയും ചെയ്തു. പിന്നീടെപ്പോഴോ ഏതോ വിഷയത്തിന്റെ പേരിൽ ഇരുവരും തമ്മിൽ ഉടക്കിയതോടെ പ്രേമ ബന്ധത്തിൽനിന്ന് പരസ്പരം പിൻവാങ്ങിയെങ്കിലും ഈയൊരു പ്രേമബന്ധത്തിന്റെ പേരിൽ അൻസു നാട്ടുകാരുടെയും പരിചയക്കാരുടെയും മുന്നിൽ സ്വഭാവദൂഷ്യം ഉള്ളവളായി ചിത്രീകരിക്കപ്പെട്ടു. ഈ വിഷയംതന്നെയാണ് പല കല്യാണാലോചനകളും മുടങ്ങിപ്പോകാൻ ഇപ്പോൾ കാരണമായിരിക്കുന്നത്.
നിങ്ങളുടെ മകനുവേണ്ടി വിവാഹാലോചന നടത്തുന്ന പെണ്‍കുട്ടിക്ക് ഇതുപോലൊരു പ്രണയബന്ധം എപ്പോഴോ ഉണ്ടായിരുന്നെന്ന് വിശ്വസനീയമായ വഴികളിൽ നിന്ന് നിങ്ങളറിഞ്ഞാൽ ആ ആലോചന മുന്നോട്ടു കൊണ്ടുപോകുന്ന കാര്യത്തിൽ നിങ്ങൾ ഒന്നറയ്ക്കില്ലേ? വിവാഹം ഉറപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾക്ക് വീണ്ടുവിചാരം ഉണ്ടാകില്ലേ? ഇക്കാലത്ത് കുട്ടികൾക്ക് പ്രേമബന്ധം ഉണ്ടാകുക സ്വാഭാവികവും സാധാരണവുമാണെന്ന് പറഞ്ഞ് ആ വിവാഹം നിങ്ങൾ ഉറപ്പിക്കുമോ? വായനക്കാരായ നിങ്ങളിൽ ഭൂരിഭാഗവും പിന്നെ ആ വഴിക്കേ പോകില്ല എന്നു പറയുമെന്ന് എനിക്കുറപ്പാണ്. ജീവിതത്തിൽ ഒന്ന് പ്രേമിച്ചവരാണ് നിങ്ങൾ എങ്കിൽപോലും എന്തൊക്കെയായാലും ഈയൊരു ബന്ധം തന്റെ മകനു വേണ്ടെന്നേ നിങ്ങൾ പറയൂ. ശരിയല്ലേ ഞാൻ പറയുന്നത്? അങ്ങനെയെങ്കിൽ ഓർക്കുക. നിങ്ങളുടെ പെണ്മക്കൾ ആരെങ്കിലുമൊക്കെ ഇതുപോലൊരു സാഹചര്യത്തിൽപ്പെട്ടാൽ പിടിച്ചുനിൽക്കാൻ വേണ്ടി ചില ന്യായവാദങ്ങളൊക്കെ നടത്താൻ പറ്റുമെന്നു വന്നാലും കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാൻ ഒരുക്കങ്ങളും ആലോചനകളും നടത്തുന്പോൾ മേൽക്കണ്ട തടസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമെന്നത് ഉറപ്പാണ്.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നേ ഇങ്ങനെയുളള കാര്യങ്ങളേ സംബന്ധിച്ച് പെണ്‍കുട്ടികളോടും അവരുടെ മാതാപിതാക്കളോടും പറയാനുള്ളൂ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിൽ അന്യോന്യം മിണ്ടണ്ടെന്നോ നോക്കണ്ടെന്നോ ഒരുമിച്ച് കാര്യങ്ങൾ ചെയ്യണ്ടന്നോ ഒന്നുമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. തിരിച്ചറിവോടെയും വിവേകത്തോടുമേ ഇടപഴകാവൂ എന്നാണ.് ഇക്കാര്യത്തിൽ കുട്ടികൾ അനുഭവവും പക്വതയുമുള്ള മാതാപിതാക്കളുടെയും അധ്യാപകരുടെയും നിർദേശങ്ങളെ ചെവിക്കൊള്ളുക എന്നത് പ്രധാനപ്പെട്ടതാണ്.
ജീവിതത്തിൽ എപ്പഴോ ഒന്ന് പ്രണയിച്ചു പോയി എന്നതിന്റെ പേരിൽ അത്തരത്തിലുള്ള പെണ്കുട്ടികൾക്കോ ആണ്കുട്ടികൾക്കോ ഇതുപോലൊരു ശിക്ഷ നൽകേണ്ടതുണ്ടോ എന്ന് ചോദിക്കുന്നവരുണ്ടാകാം. കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷണത്തിൽനിന്ന് മനസിലായിക്കഴിഞ്ഞാൽ പ്രണയബന്ധം ഉണ്ടായിരുന്നെങ്കിൽപോലും ചെറുപ്പ കാലത്തെ ചാപല്യമായി അതിനെ കണ്ടുകൊണ്ട് അന്യോന്യം തുറന്ന് സംസാരിച്ച് യാഥാർത്ഥ്യബോധത്തോടെ വിവാഹ ബന്ധത്തിലേക്ക് വരുന്നതിന് ഒരു തടസവുമില്ല. പക്ഷേ, അതിന്റെ പേരിൽ ആരോപിതയായ വ്യക്തിയെ വിവാഹശേഷം മാനസികമായി പീഡിപ്പിക്കുകയോ കുറ്റം ആരോപിക്കുകയോ ചെയ്യുന്ന സന്ദർഭങ്ങൾ പിന്നീട് ഉണ്ടാകരുതെന്നുമാത്രം. അപ്രകാരം കുറ്റം ആരോപിക്കാൻ ഇടയാകുംവിധം മുന്‍പ് ഉണ്ടായ വിധത്തിലുള്ള ചാപല്യങ്ങളിലേക്ക് ആരോപിതയായ ആൾ മടക്കയാത്ര നടത്താതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
സിറിയക് കോട്ടയിൽ