കാഷ്മീർ പാട്ടുകളുടെ പൂമൊട്ടുകൾ
Sunday, August 11, 2019 2:07 AM IST
ചിനാർ മരങ്ങൾ പൊഴിക്കുന്ന ഇലകൾ, മഞ്ഞുപുതച്ച മലനിരകളും താഴ്വരകളും, ദാൽ തടാകം, ഷിക്കാരകൾ, മുത്തുപൊഴിക്കുന്ന ചിരിയുള്ള മുഖങ്ങൾ... കണ്ണുകൾക്ക് കാഷ്മീർ ഒരുക്കുന്ന വിരുന്ന്. റഫി സാബ് പാടിയപോലെ താരീഫ് കരൂം ക്യാ ഉസ്കീ! ഇന്ദുമുഖിയും നീലത്തടാകക്കണ്ണുകളുമുള്ള നായികയെയല്ല, എങ്ങനെ പുകഴ്ത്തും ഈ നാടിനെ!! വാർത്തകളിലും വിവാദങ്ങളിലും നിറയുന്പോഴും കാഷ്മീർ സഹൃദയർക്കു വിരുന്നൊരുക്കി നിൽക്കുകയാണ്. കണ്ണിനു മാത്രമല്ല, കാതുകൾക്കും.
കാഷ്മീരിന്റെ ഭംഗി ലോകത്തിനു മുന്നിലെത്തിച്ചതിൽ ഹിന്ദി സിനിമാപ്പാട്ടുകൾക്ക് വലിയ പങ്കുണ്ട്. കശ്മീർ കി കലീ എന്ന ചിത്രത്തിലെ തുടക്കത്തിൽ പറഞ്ഞ താരീഫ് കരൂം ക്യാ ഉസ്കീ എന്ന പാട്ടുകേട്ടാൽ ആദ്യം മനസിൽ വിടരുക കാഷ്മീരി പൂക്കളായിരിക്കും. എസ്.എച്ച്. ബിഹാരിയുടെ വരികളും ഒ.പി. നയ്യാറിന്റെ സംഗീതവും കാഷ്മീരി പെണ്കുട്ടിയായെത്തുന്ന ശർമിള ടാഗോറിന്റെ സാന്നിധ്യവും സ്ക്രീനിൽ ആ പ്രകൃതിഭംഗി നിറയ്ക്കും, കാഴ്ചക്കാരുടെ മനസുകളിലും. മുഹമ്മദ് റഫിയുടെ ആലാപനംകൂടിയാകുന്പോൾ പൂർണം.
സമീപകാലത്ത് കാഷ്മീരിൽ സിനിമാ ചിത്രീകരണം തീരെക്കുറഞ്ഞു. എന്നാൽ തലമുറകളുടെ ഓർമകളിൽ ആ സൗന്ദര്യം പകർന്നുവയ്ക്കാൻ ഒട്ടേറെ പാട്ടുകളുണ്ട്. പർദേശിയോം സേ നാ (ജബ് ജബ് ഫൂൽ ഖിലേ), തേരേ ചെഹരേ സേ (കഭീ കഭീ), ചാഹേ കോയി മുജ്ഹേ ജംഗ്ലീ കഹേ (ജംഗ്ലീ) തുടങ്ങിയ നിത്യഹരിത സൂപ്പർഹിറ്റുകൾ മുതൽ യേ ഹസീൻ വാദിയാ (റോജാ), ചുപ്കേ സേ സുൻ (മിഷൻ കാഷ്മീർ), ബിസ്മിൽ (ഹൈദർ) തുടങ്ങിയവ വരെ കണ്ണിനും കാതിനും വിരുന്നേകുന്നു. പാട്ടുകളുടെ ഈ നിര ഒട്ടുനീളമുള്ളതാണ്.
സംഗീത പാരന്പര്യം
ജമ്മു കാഷ്മീരിന്റെ സംഗീത സംസ്കാരവും പാരന്പര്യവും സിനിമാപ്പാട്ടുകളിലൂടെ മാത്രം ഓർമിക്കപ്പെടേണ്ടവയല്ല. അവിടെയുള്ള ജമ്മു, കാഷ്മീർ, ലഡാക്ക് എന്നീ മൂന്നു മേഖലകൾക്കും സ്വന്തം സാംസ്കാരിക പാരന്പര്യമുണ്ട്. കാഷ്മീർ താഴ്വരയുടെ സംഗീതം മധ്യേഷ്യൻ സംഗീതത്തോടു ചേർന്നുനിൽക്കുന്നു. ജമ്മു മേഖലയുടെ സംഗീതം ഉത്തരേന്ത്യൻ സംഗീതത്തോടും ലഡാക്കിനന്റേത് ടിബറ്റൻ സംഗീതത്തോടും സാമ്യമുള്ളവയാണ്.
കാഷ്മീരി പണ്ഡിറ്റുകൾ അവരുടെ ഉത്സവ വേളകളിൽ അവതരിപ്പിക്കുന്ന ഹെൻസേ നാടോടി സംഗീതത്തിന്റെ ആദിമ രൂപങ്ങളിലൊന്നാണ്. ജമ്മു കാഷ്മീരിൽ ഏറ്റവും ജനപ്രിയമായ സംഗീതരൂപമാണ് ചക്രി. ചോദ്യോത്തര രൂപത്തിൽ ഇത് ആലപിക്കും. പാട്ടിലൂടെ കഥകളും പറയും. യൂസുഫ്-സുലൈഖ, ലൈലാ-മജ്നു പ്രണയകഥകൾ പ്രത്യേകിച്ചും. ഹാർമോണിയം, റുബാബ്, സാരംഗി, ടുംബ, ചിംട്ട തുടങ്ങിയ ഉപകരണങ്ങളുടെ അകന്പടിയോടെയാണ് ഇതിന്റെ ആലാപനം. ജാതിമതഭേദമില്ലെന്നതു ശ്രദ്ധേയം. വിവാഹങ്ങളുടെ ഭാഗമായുള്ള മൈലാഞ്ചിയിടൽ ചടങ്ങുകൾക്ക് ഈ സംഗീതം പ്രധാനമാണ്. ഒപ്പം റൗഫ് എന്ന പരന്പരാഗത നൃത്തരൂപവും അവതരിപ്പിക്കും.
തമാശയും പരിഹാസവും കലർന്ന സംഗീതരൂപമായ ലദിഷായും കാഷ്മീരിൽ ജനപ്രിയമാണ്. വിളവെടുപ്പുകാലങ്ങളിൽ ഗായകർ ഗ്രാമങ്ങൾതോറും സഞ്ചരിച്ചാണ് ഇത് അവതരിപ്പിക്കുന്നത്. ഓരോ നാടിന്റെയും പ്രശ്നങ്ങൾ അറിഞ്ഞ് തത്സമയം പാട്ടുണ്ടാക്കുന്നതാണ് രീതി.
കാഷ്മീരിയും ഹിന്ദുസ്ഥാനിയും
സൂഫിയാന കലാം ആണ് കാഷ്മീരിന്റെ ശാസ്ത്രീയസംഗീതരൂപം. മഖാം എന്നുപേരുള്ള സ്വന്തം രാഗങ്ങൾ ഈ സംഗീതത്തിനുണ്ട്. സന്തൂർ, കാഷ്മീരി സാസ്, വസൂൽ, ദോക്ര തുടങ്ങിയ ഉപകരണങ്ങളാണ് അകന്പടി. ഹാഫിസ് നഗ്മ എന്നപേരിൽ നൃത്തവും ഇതിനൊപ്പമുണ്ടാകും. ലോകപ്രശസ്ത സന്തൂർ വാദകനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് ശിവ്കുമാർ ശർമ ജമ്മുവിന്റെ പുത്രനാണ്. അവിടത്തെ വിശ്വാസമനുസരിച്ച് കലയുടെയും പഠനത്തിന്റെയും ദേവതയായ ശാരദ വായിക്കുന്ന സംഗീതോപകരണമാണ് ശതതന്ത്രിവീണയെന്ന സന്തൂർ. പുരാതന കാലംമുതൽക്കുതന്നെ നൃത്തത്തിനും സംഗീതത്തിനും ആ നാട് പ്രാധാന്യം നൽകിയിരുന്നു എന്നതിന്റെ രേഖകൾ ഒട്ടേറെയുണ്ട്. കാഷ്മീരി ചിന്തകനായ അഭിനവഗുപ്തയുടെ അഭിനവഭാരതി എന്ന കൃതിയിലും ഇതേക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം.
ലഡാക്കിലും തനതായ ഒട്ടേറെ നൃത്ത-സംഗീതരൂപങ്ങളുണ്ട്. സുർനയും (ഷെഹനായി) ദമാനും (ഡ്രം) നാടോടിസംഗീതത്തിൽനിന്ന് ഒഴിച്ചുകൂടാനാവാത്തവ. വിവാഹവേദികളിൽ നിറപ്പകിട്ടാർന്ന വേഷഭൂഷാദികളോടെയാണ് പാട്ട്. ഇവയിലും നിറയെ കഥകളുണ്ടാവും. ലഡാക്കി ബുദ്ധിസ്റ്റുകളുടെ ആഘോഷങ്ങൾക്കൊപ്പമുള്ള സംഗീതം ഹൃദയഹാരിയായ അനുഭവമാണ്.
രാഷ്ട്രീയത്തിനും വിവാദങ്ങൾക്കുമപ്പുറം മനസുകളെ ഒരുമിപ്പിക്കുകയാണ് സംഗീതം. കാഷ്മീർ ഹൃദയങ്ങളിൽ കുളിരുനിറച്ചുനിൽക്കും, എന്നെന്നും.
ഹരിപ്രസാദ്