വിധുവിന്റെ രണ്ടാമൂഴം
Sunday, September 15, 2019 2:44 AM IST
“കുറച്ചു കാലം മുന്‍പുവരെയുണ്ടായിരുന്ന നമ്മുടെ സിനിമ സംസ്കാരം ഇന്നു മാറി. പുതിയ കാറ്റും വെളിച്ചവും ഇവിടേക്ക് കടന്നു വരുന്നുണ്ട്. ലിംഗവ്യത്യാസമില്ലാതെ ഒന്നിച്ചു പ്രവർത്തിക്കുന്നു. എങ്കിലും, എല്ലാം നന്നായി എന്നു ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, ഒരു പെണ്‍കുട്ടിക്കു മോശം സാഹചര്യം ഉണ്ടായാൽ അതിനെ ചോദ്യം ചെയ്യാൻ അവൾ ഇന്നു ധൈര്യം കാണിക്കുന്നുണ്ട്. ആ ധൈര്യമാണ് പുതിയ മുന്നേറ്റങ്ങൾക്ക് പിന്നിൽ’’
ആദ്യ ചിത്രം മാൻഹോളിലൂടെ മികച്ച സംവിധായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ഐഎഫ്എഫ്കെ പുരസ്കാരവും സ്വന്തമാക്കിയാണ് വിധു വിൻസെന്റ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. പ്രശംസയേറ്റു വാങ്ങിയ മാൻഹോളിനു ശേഷം തന്റെ രണ്ടാമത്തെ ചിത്രം സ്റ്റാൻഡ് അപ്പിന്റെ പണിപ്പുരയിലാണ് ഈ വനിതാ സംവിധായിക ഇപ്പോൾ. രണ്ടാമൂഴത്തിലും തന്റെ ചുറ്റമുള്ള ലോകത്തിൽ നിന്നുമാണ് വിധു സിനിമയ്ക്കുള്ള വിഷയം കണ്ടെത്തിയിരിക്കുന്നത്. തന്റെ നിലപാടുകളും പുതിയ സിനിമ വിശേഷങ്ങളുമായി വിധു വിൻസെന്റ് മനസ് തുറക്കുന്പോൾ...
ആദ്യ ചിത്രത്തിൽ നിന്നും തീർത്തും വിഭിന്നമായ പശ്ചാത്തലമാണല്ലോ രണ്ടാമൂഴത്തിൽ?
സ്റ്റാൻഡ് അപ് കോമഡിയുടെ പശ്ചാത്തലത്തിൽ വികസിക്കുന്ന ഒരു കഥയാണ് പുതിയ ചിത്രം പറയുന്നത്. സ്റ്റാൻഡ് അപ് കോമഡി ചെയ്യുന്ന ഒരു പെണ്‍കുട്ടിയും അവരുടെ സൗഹൃദങ്ങളും അവർക്കിടയിൽ പ്രണയം ഉണ്ടാകുന്പോഴുള്ള സംഘർഷങ്ങളും സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്.
വ്യത്യസ്ത കഥാപാത്രങ്ങളായ രണ്ടു നായികമാരാണു ചിത്രത്തിൽ ഉള്ളത്. നിമിഷ സജയൻ സ്റ്റാൻഡ് അപ് കൊമേഡിയനായിട്ടും രജീഷ വിജയൻ സുഹൃത്തായും ചിത്രത്തിൽ എത്തുന്നു. ചിത്രത്തിൽ സ്റ്റാൻഡ് അപ് കൊമേഡിയൻ പറയുന്നത് ഒരു ക്രൈം സംഭവത്തെക്കുറിച്ചാണ്. ഒപ്പം വളരെ സാമൂഹികമായ പശ്ചാത്തലവുമുണ്ട് ഈ ചിത്രത്തിന്.
യുവ നായികമാരായ രജീഷയും നിമിഷയും താരനിരയിലേക്ക് എത്തുന്നത്?
സ്റ്റാൻഡ് അപ് കോമഡി റോൾ നിമിഷയ്ക്കു നന്നായി അവതരിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു. മുംബൈയിൽ ജനിച്ച് വളർന്ന ഒരാളാണ് നിമിഷ. അവരുടെ ലൈഫ് വളരെ അർബനേജാണ്. പക്ഷേ, സിനിമയിൽ ഇതുവരെ നിമിഷയെ കണ്ടിരിക്കുന്നത് മറ്റൊരു രൂപത്തിലാണ്. അപ്പോൾ യഥാർത്ഥ നിമിഷയുടെ രൂപം ഈ സിനിമയിൽ ഉപയോഗപ്പെടുത്താം എന്നു കരുതി. വളരെ കഴിവുറ്റ അഭിനേത്രിയാണ് രജീഷ. വ്യത്യസ്തമായ ഒരു പ്രകടനം രജീഷയിൽ നിന്നും ഈ ചിത്രത്തിൽ കാണാനാകും.
സ്റ്റാൻഡ് അപ് കോമഡി പശ്ചാത്തലം മലയാള സിനിമയിൽ ആദ്യമായി അവതരിപ്പിക്കുന്നതിനെക്കുറിച്ച്?
തുള്ളൽകലയിലൂടെ രാജാവിനെ പോലും പരിഹസിക്കുന്ന കാര്യങ്ങൾ രസകരമായി അവതരിപ്പിക്കാറുള്ളതു പോലെ നമുക്ക് പറയാനുള്ള കഥയെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ഒരു മാർഗമായിട്ടാണ് സ്റ്റാൻഡ് അപ് കോമഡി തെരഞ്ഞെടുക്കുന്നത്. അത് അവതരിപ്പിക്കുന്നയാൾ ഒരു സൂത്രധാരയാണ്. സീരിയസായ വിഷയം പോലും രസാവഹമായാണ് അവതരിപ്പിക്കുന്നത്. അതു കേട്ടു ചിരിച്ചതിനു ശേഷമാകും നമ്മൾ ചിന്തിക്കാനും സ്വയം വിമർശിക്കാനും തുടങ്ങുന്നത്.
ഇവിടെ നമ്മുടെ കഥാപരിസരവുമായി ബന്ധിപ്പിച്ചു കഥ പറയാനുള്ള ഇടമായിട്ടാണ് സ്റ്റാൻഡ് അപ് കോമഡിയെ കൊണ്ടു വന്നിരിക്കുന്നത്. പുതുമ തേടാം എന്ന ചിന്തയും ഇതിനു പിന്നിലുണ്ട്. ഈ ചിത്രത്തിനായുള്ള അന്വേഷണത്തിൽ മനസിലാക്കിയ ഒരു കാര്യമുണ്ട്. ഇവിടെ ഫലിതം പറയുന്ന സ്ത്രീകൾ കുറവാണ്. സ്ത്രീകൾ പറയുന്ന ഫലിതങ്ങളെക്കുറിച്ച് ആരും ചിന്തിക്കാറില്ല. അതൊരു ചലഞ്ചായിരുന്നു ഞങ്ങൾക്ക്. ഒരു സ്ത്രീക്കു മാത്രമേ അവർ പറയുന്ന ഫലിതത്തെക്കുറിച്ച് ആലോചിക്കാൻ പറ്റുകയുള്ളു. സ്ത്രീകൾ എങ്ങനെയാണ് ഫലിതം അവതരിപ്പിക്കുന്നത്, അത് കേൾക്കുന്നവരിലേക്ക് എങ്ങനെയാകും എത്തുക എന്നതൊക്കെ ചിന്തിച്ചാണ് ഈ ചിത്രത്തിലേക്ക് എത്തിയത്.
ഡബ്ല്യൂസിസിയിലെ സജീവ പ്രവർത്തകയായ വിധുവിന്റെ പുതിയ ചിത്രത്തിനു നിർമാതാവായി സിനിമ മേഖലയിലെ തന്നെ രണ്ടു പ്രമുഖരാണല്ലോ എത്തിയിരിക്കുന്നത് ?
സിനിമയിൽ ലിംഗ നീതി നടപ്പാകണം, എല്ലാവർക്കും തുല്യവേതനം വേണം എന്നീ ആവശ്യങ്ങളാണ് ഡബ്ല്യുസിസിക്കുള്ളത്. അതിലെ ഒരു അംഗമായ എനിക്കൊപ്പം നിൽക്കാൻ സിനിമയിലെ രണ്ടു പ്രധാന സംഘടനകളുടെ തലപ്പത്തുള്ള ആന്റോ ജോസഫും ബി. ഉണ്ണികൃഷ്ണനും വന്നത് നല്ല മാറ്റത്തിന്റെ തുടക്കമായാണ് ഞാൻ കാണുന്നത്. മലയാള സിനിമയിലെ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു എന്ന സന്ദേശത്തിന് ഇന്നു വളരെ പ്രസക്തിയുണ്ട്. സിനിമ ഒരുക്കുന്നതിനൊപ്പം ഒപ്പമുള്ളവരെ ബഹുമാനിക്കാനും അംഗീകരിക്കാനുമുള്ള സംസ്കാരമാണ് ഇവിടെ വേണ്ടത്. പിന്നെ, നിർമ്മാതാക്കളായി ഇരുവരും എത്തിയതോടെ നമ്മുടെ സിനിമയും വലുതായി.
മലയാളത്തിൽ വനിതാ സംവിധായകർ ഇപ്പോൾ നിരവധി എത്തുന്നുണ്ട്. ആ മുന്നേറ്റത്തെക്കുറിച്ച്?
സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വർക്കു ചെയ്യാൻ പുതിയ തലമുറ സജ്ജരാണ്. അതുകൊണ്ടു തന്നെ സിനിമയുടെ എല്ലാ മേഖലകളിലേക്കും നിരവധി പെണ്‍കുട്ടികൾ ഇന്നു കടന്നു വരുന്നുണ്ട്. കുറച്ചു കാലം മുന്‍പുവരെയുണ്ടായിരുന്ന നമ്മുടെ സിനിമാ സംസ്കാരം ഇന്നു മാറി. പുതിയ കാറ്റും വെളിച്ചവും ഇവിടേക്ക് കടന്നു വരുന്നുണ്ട്. ലിംഗവ്യത്യാസമില്ലാതെ ഒന്നിച്ച് പ്രവർത്തിക്കുന്നു. എങ്കിലും, എല്ലാം നന്നായി എന്നു ഞാൻ വിശ്വസിക്കുന്നില്ല. പക്ഷേ, ഒരു പെണ്‍കുട്ടിക്കു മോശം സാഹചര്യം ഉണ്ടായാൽ അതിനെ ചോദ്യം ചെയ്യാൻ അവൾ ഇന്നു ധൈര്യം കാണിക്കുന്നുണ്ട്. ആ ധൈര്യമാണ് പുതിയ മുന്നേറ്റങ്ങൾക്ക് പിന്നിൽ.
ഒരു വനിതാ സംവിധായികയ്ക്കു സജീവമായി നിലനിൽക്കുന്നതിൽ വെല്ലുവിളികളുണ്ടാകുമോ?
വർഷങ്ങൾ പത്രപ്രവർത്തന ജോലി ചെയ്തതിനു ശേഷം സിനിമ സംവിധാനത്തിലേക്കു വന്നയാളാണ് ഞാൻ. ഒരു സിനിമ ചെയ്യുക എന്നാൽ മൂന്നു വർഷം ഞാൻ ചെയ്ത ജോലി ഒരുമിച്ച് ചെയ്യുന്നതുപോലെയാണ്. അത്രയും പ്രയത്നം ഇതിനു പിന്നിലുണ്ട്. ഇതിനൊപ്പം തന്നെ ഭർത്താവും മകളുമുള്ള കുടുംബത്തിന്റെ കാര്യങ്ങളുമുണ്ട്. അപ്പോൾ സ്ത്രീകൾ ഈ ജോലി ചെയ്യുന്പോൾ അവരുടെ ശേഷിയുടെ ഇരട്ടിയെടുത്താണ് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് അതെനിക്ക് ഉൗർജം നൽകുന്ന കാര്യമാണ്. നന്നായി കുടുംബം പരിപാലിക്കുന്ന ഒരു സ്ത്രീക്ക്, നന്നായി ഒരു സിനിമ ചെയ്യാനും സാധിക്കുമെന്നാണ് തോന്നുന്നത്. അതിനു കുടുംബത്തിന്റെ പിന്തുണ വലിയൊരു കാര്യമാണ്.