മനോഹരന്റെ അതിജീവനം
Sunday, October 6, 2019 2:04 AM IST
കാലഘട്ടത്തിനനുസരിച്ച് അപ്ഡേറ്റാകാൻ ശ്രമിക്കുന്ന മനോഹരൻ നമ്മുടെ ദൈനംദിന ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ പരിചിതനാണ്. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് എത്താൻ ശ്രമിക്കുന്ന മനു നേരിടുന്ന പ്രശ്നങ്ങളും അതിൽ നിന്നുള്ള അവന്റെ അതിജീവനവുമാണ് മനോഹരത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. - വിനീത് ശ്രീനിവാസൻ
തിയറ്ററിലെത്തിയ മനോഹരം പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് നായകൻ വിനീത് ശ്രീനിവാസൻ. തുടർച്ചയായി മൂന്നു ഹിറ്റുകളുടെ ഭാഗമായതിന്റെ ത്രില്ല് വിനീതിന്റെ വാക്കുകളിലുണ്ട്. നാട്ടിൻ പുറത്തുകാരനായി മനോഹരത്തിലൂടെ മലയാളികളുടെ മനസ് കീഴടക്കുന്പോൾ തണ്ണീർമത്തൻ ദിനങ്ങളിലും ലൗവ് ആക്ഷൻ ഡ്രാമയിലും വേറിട്ട പാത്രാവിഷ്കാരമായിരുന്നു വിനീതിൽ നിന്നും കണ്ടത്. ഗായകനായും നടനായും സംവിധായകനായും വിജയം നേടിയ വിനീത് ഇനി നിർമ്മാതാവ്, മറ്റൊരു സംവിധായകന്റെ ചിത്രത്തിൽ ക്രീയേറ്റീവ് ഡയറക്ടർ എന്നീ നിലകളിലും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.
മനോഹരം പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ എന്തു തോന്നുന്നു?
സംവിധായകൻ അൻവർ സാദിഖ് മനോഹരത്തിന്റെ കഥ പറഞ്ഞപ്പോൾതന്നെ എല്ലാവരും മനു എന്നു വിളിക്കുന്ന മനോഹരനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിരുന്നു. കാലഘട്ടത്തിനനുസരിച്ച് അപ്ഡേറ്റാകാൻ ശ്രമിക്കുന്ന മനുവിനെ ഞാനടങ്ങുന്ന യുവതലമുറയ്ക്കു ജീവിതത്തിൽ റിലേറ്റ് ചെയ്യാൻ സാധിക്കുന്നുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിൽ എവിടെങ്കിലുമൊക്കെ പരിചിതനാണ് മനു. ജീവിതത്തിന്റെ പുതിയ ഘട്ടത്തിലേക്ക് എത്താൻ ശ്രമിക്കുന്ന മനു നേരിടുന്ന പ്രശ്നങ്ങളും അതിൽ നിന്നുള്ള അവന്റെ അതിജീവനവുമാണ് ചിത്രത്തിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്.
അൻവർ സാദിഖിന്റെ രണ്ടാമത്തെ ചിത്രത്തിലും നായകനാകുന്നത്?
ഓർമയുണ്ടോ ഈ മുഖം എന്ന ചിത്രത്തിലാണ് മുന്പ് ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി അൻവർ ഈ ചിത്രത്തിന്റെ രചനയിലായിരുന്നു. അരവിന്ദന്റെ അതിഥികൾ കഴിഞ്ഞ് സംവിധാനം ചെയ്യാനുള്ള പ്രൊജക്ടിനെക്കുറിച്ച് ചിന്തിക്കുന്ന സമയത്താണ് ഇതിന്റെ കഥ അൻവർ പറയുന്നത്. 2018 നവംബറിലാണ് തിരക്കഥ വായിക്കുന്നത്. ഈ കഥാപാത്രം വിനീത് തന്നെ ചെയ്യണം, സംവിധാനം ചെയ്യുന്നതിനു മുന്പ് ഒരു സിനിമയിൽ അഭിനയിച്ചു കൂടെ എന്ന് അൻവർ ചോദിച്ചു. അങ്ങനെയാണ് മനോഹരത്തിലേക്ക് എത്തുന്നത്.
സഹോദരൻ ധ്യാൻ സംവിധാനം ചെയ്ത ലൗവ് ആക്ഷൻ ഡ്രാമയുടെ വിജയത്തെക്കുറിച്ച്?
ധ്യാൻ സംവിധാനം ചെയ്യുന്നതിനൊപ്പം തന്നെ അജു വർഗീസും വിശാഖും ചേർന്നു നിർമിക്കുന്ന, നിവിൻ പോളി നായകനാകുന്ന ചിത്രമെന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു. ഇവരൊക്കെ വർഷങ്ങളായി എന്റെ സുഹൃത്തുക്കളാണ്. രണ്ടര വർഷത്തോളം സമയമെടുത്ത് ഒരു കോന്പ്രമൈസിംഗും ഇല്ലാതെ നല്ല ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓണക്കാലത്ത് പ്രേക്ഷകർ അത് ഏറ്റെടുത്തപ്പോൾ വളരെ സന്തോഷം.
ധ്യാനിന്റെ ആദ്യ സംവിധാന സംരംഭത്തിൽ എത്രത്തോളം പ്രതീക്ഷ ഉണ്ടായിരുന്നു?
ധ്യാനിന്റെ തിരക്കഥ കേട്ടപ്പോൾ തന്നെ ആദ്യമധ്യാന്തം ചിരിക്കാനുള്ള വക അതിലുണ്ടായിരുന്നു. അതു ചെയ്യുന്നതാകട്ടെ നിവിനും അജുവുമാണ്. അവരുടെ ടൈമിംഗ് അടിപൊളിയാണ്. എന്റെ സിനിമകളിലായാലും മറ്റുള്ളവരുടെ സിനിമകളിലായാലും ഇലക്ട്രിഫൈയിംഗ് കെമിസ്ട്രിയാണ് അവരുടേത്. ഷാൻ റഹ് മാൻ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്യുന്ന സമയത്ത് പ്രിവ്യു കണ്ടപ്പോൾ തന്നെ അജു-നിവിൻ കോന്പോയുടെ ഹ്യൂമർ വർക്കൗട്ടാകും എന്ന വിശ്വാസമുണ്ടായിരുന്നു. അത് പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞപ്പോൾ ഇരട്ടി സന്തോഷം.
നടൻ എന്ന നിലയിൽ വേറിട്ട കഥാപാത്രങ്ങളായാണല്ലോ സമീപകാലത്ത് കാണുന്നത്?
അത് മനഃപൂർവമായി ചെയ്യുന്നതല്ല. ഒന്നാമത് അഭിനയിക്കുന്ന കാര്യത്തിൽ എനിക്ക് പ്ലാനിംഗ് ഒന്നുമില്ല. സംവിധാനം ചെയ്യുന്ന ചിത്രങ്ങളെക്കുറിച്ചാണ് കൂടുതൽ ആലോചിക്കാറുള്ളത്. അതിന്റെ ഇടവേളയിൽ നല്ല തിരക്കഥകൾ വരുന്പോഴാണ് അഭിനയിക്കുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളായി അടുത്തകാലത്ത് എത്തിയത് ലൗവ് ആക്ഷൻ ഡ്രാമയിലും തണ്ണീർമത്തൻ ദിനങ്ങളിലുമാണ്. മനോഹരത്തിൽ വന്നപ്പോളാകട്ടെ ആ കഥാപാത്രത്തോട് വളരെ ഇഷ്ടം തോന്നി.
തണ്ണീർമത്തനിലെ രവിമാഷ് വിനീതിൽ നിന്നും പുതുമയുള്ളതായിരുന്നല്ലോ?
ആ കഥാപാത്രത്തിൽ വളരെ വ്യത്യസ്തത എനിക്കു തോന്നിയിരുന്നു. ഒന്നെങ്കിൽ ആ കഥാപാത്രം നന്നായിട്ട് വർക്കാകും, അല്ലെങ്കിൽ ഇത് ഭയങ്കരമായി മോശമാകും എന്നാണു ചിന്തിച്ചത്. ബാക്കി എല്ലാവരും റിയലിസ്റ്റിക് പെർഫോമൻസ് ചെയ്യുന്പോൾ ഞാൻ മാത്രമാണ് ഓവർ ദി ടോപ്പായിട്ട് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്. പക്ഷേ, ആ കഥാപാത്രത്തെക്കുറിച്ച് സംവിധായകൻ ഗിരീഷിന്റെ മനസിൽ വ്യക്തമായ ഒരു മീറ്ററുണ്ടായിരുന്നു. ഞാനത് ഫോളോ ചെയ്തു എന്നേയുള്ളു. ചിത്രം തിയറ്ററിലെത്തുന്നതുവരെ എനിക്ക് ടെൻഷനായിരുന്നു. ഞാൻ ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്തത് ചെയ്തു കണ്ടപ്പോൾ പല സംശയങ്ങളുമുണ്ടായി. പ്രേക്ഷകർ ഏറ്റെടുത്തപ്പോൾ ആശ്വാസമായി.
ആനന്ദത്തിനു ശേഷം വീണ്ടും നിർമാതാവായി എത്തുകയാണല്ലോ?
ഞാൻ നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ. മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്പ് നിർമിച്ച ആനന്ദത്തിൽ നിന്നും തീർത്തും വിഭിന്നമായ പശ്ചാത്തലമുള്ള ഒരു ചെറിയ സിനിമയാണത്. കുന്പളങ്ങി നൈറ്റ്സ് ഫെയിം ആൻ ബെന്നാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഇതിനിടയിൽ കുഞ്ഞെൽദോയിൽ ക്രിയേറ്റീവ് ഡയറക്ടറായി മാറുന്നത്?
മാത്തുക്കുട്ടിയുമായി വളരെ നാളത്തെ സൗഹൃദമുണ്ട്. ആനന്ദം റിലീസ് ചെയ്യുന്ന സമയത്താണ് മാത്തുക്കുട്ടി നൽകിയ കുഞ്ഞെൽദോയുടെ തിരക്കഥ വായിക്കുന്നത്. മാത്തുവിന്റെ ഉള്ളിൽ ആ സിനിമ ഉണ്ടെന്നെനിക്കു മനസിലായി. മാത്തുക്കുട്ടി തന്നെ ഈ ചിത്രം സംവിധാനം ചെയ്താൽ നന്നാകും എന്നു ഞാൻ പറഞ്ഞു. സംവിധാനത്തിലെ എക്സ്പീരിയൻസ് കുറവായിരുന്നു മാത്തുവിന്റെ പ്രശ്നം. അവന്റെ സുഹൃത്തുക്കളും ഞാനും ഒപ്പമുണ്ടാകും എന്ന് ആത്മവിശ്വാസം നൽകി. അങ്ങനെയാണ് ഞാൻ ക്രിയേറ്റീവ് ഡയറക്ടറാകുന്നത്.ഒരു അസോസിയേറ്റീവ് ഡയറക്ടറുടെ പണിയാണ് ഞാൻ ചെയ്തത്. മാത്തു അവന്റെ സന്തോഷത്തിന് ഒരു ഫാൻസി വാക്ക് ഇട്ടതാണ് ക്രിയേറ്റീവ് ഡയറക്ടർ എന്ന്. പിന്നെ, എനിക്ക് വളരെ എൻജോയ് ചെയ്യാൻ സാധിച്ചു. ഡയലോഗ് പറയേണ്ടതില്ല, കോസ്റ്റ്യൂം മാറേണ്ടതില്ല, ഡയറക്ടറുടെ ടെൻഷനുമില്ല.
കുഞ്ഞെൽദോയെക്കുറിച്ച് പറയാനുള്ളത്?
വളരെ ലളിതമായ കഥയിൽ കുറച്ചു തമാശയും കാര്യങ്ങളുമായി പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലത്തെ ഒരു സിനിമയാണ് കുഞ്ഞെൽദോ. ട്രാഫിക്കിനു ശേഷം ഞാനും ആസിഫും ഒന്നിച്ച് വർക്കു ചെയ്യുകയാണ് ഈ ചിത്രത്തിലൂടെ.
പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾ?
ഹെലൻ, കുഞ്ഞെൽദോ എന്നീ പ്രൊജക്ടുകളാണ് ഇനി തിയറ്ററിലെത്തുന്നത്. ഞാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷനിലേക്ക് കടക്കുകയാണ്. അതിന്റെ എഴുത്ത് പൂർത്തിയാക്കിയിട്ടുണ്ട്. താരനിർണയം പുരോഗമിക്കുന്നു.
ലിജിൻ കെ. ഈപ്പൻ