പല്ലിൽ കന്പിയിടുന്ന ചികിത്സ
Sunday, December 8, 2019 2:13 AM IST
പല്ലിൽ കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ് വളരെ വ്യത്തിയായി സൂക്ഷിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം.
പല്ലിൽ കന്പിയിടുന്ന ചികിൽസ ഇന്ന് വളരെ സാധാരണമാണ്. പല്ലിന്റെ കന്പിയിടൽ ചികിൽസ രണ്ടു തരത്തിൽ ഉണ്ട്.
1. എടുത്തു മാറ്റുന്ന തരത്തിലുള്ള കന്പിയിടൽ
2. ഉറപ്പിച്ചു വയ്ക്കുന്ന തരത്തിലുള്ള ചികിൽസ
കന്പിയിടാൻ വരുന്നവരിൽ കൂടുതലും ഭയപ്പെടുന്നത് പല്ല് എടുത്തിട്ടുള്ള ചികിത്സയെയാണ്. പല്ലിനെ നിരയിൽ എത്തിക്കുവാനും താക്കുവാനും സ്ഥലം ആവശ്യമാണ്. ഇങ്ങനെയുള്ള അവസരങ്ങളിലാണ് അണപ്പല്ലുകളുടെ തൊട്ടു മുന്പുള്ള ചെറിയ അണപ്പല്ലുകൾ എടുത്ത് കളഞ്ഞ് താഴുവാനുള്ള സ്ഥലം ഉണ്ടാക്കുവാൻ ഡോക്ടർ നിർദ്ദേശിക്കുന്നത്.
ചികിത്സ കഴിയുന്പോൾ പല്ലെടുത്തു കളഞ്ഞ സ്ഥലം പൂർണ്ണമായും അടഞ്ഞിരിക്കും.
പല്ലിന്റെ കന്പിയിടുന്നതിനും മുന്പ് വായ്ക്കുള്ളിൽ പൂർണ്ണമായ പരിശോധന ആവശ്യമാണ്.
1. പല്ലുകൾ ക്ലീൻ ചെയ്യണം.
2. പോടുകൾ അടയ്ക്കണം.
3. മോണരോഗം ഉണ്ടാകാനുള്ള സാധ്യത ഇല്ലാതെ ആകുന്നു.
4. എല്ലിനുള്ളിൽ കുടുങ്ങി പുറത്തുവരാതിരിക്കുന്ന പല്ലുകൾ പരിശോധിച്ച് ആവശ്യമെങ്കിൽ എടുത്തുമാറ്റണം.
5. നിലവിൽ അണപ്പല്ലുകൾ ഏതെങ്കിലും എടുത്തുകളഞ്ഞിട്ടുണ്ടെങ്കിൽ ഈ സ്ഥലം സംരക്ഷിക്കാൻ പ്രത്യേകം രൂപകൽപന ചെയ്ത രീതിയിലുള്ള ചികിത്സ ആവശ്യമാണ്.
6. പല്ലുകൾ പുറത്തുവരുന്പോൾ മുതൽ ഉള്ള പരിശോധനയും ചികിത്സകളും പല്ലിൽ കന്പിയിടുന്നതിന്റെ സങ്കീർണ്ണത കുറയ്ക്കുന്നു.
7. ഡോക്ടറുടെ ട്രീറ്റ്മെന്റ് പ്ലാനിംഗ് പ്രകാരം ഉള്ള ചികിത്സ ചെയ്യാൻ സഹകരിക്കുക.
ഉദാ: ചികിത്സ തീർക്കുവാൻ രണ്ടുവർഷമാണ് ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്നതെങ്കിൽ ഇതിനു മുന്പായി തീർക്കണം എന്ന ആവശ്യം ചികിത്സ തുടങ്ങിയതിനുശേഷം ആവശ്യപ്പെടാതിരിക്കുക.
വിവാഹം, ദൂരയാത്ര, പഠനം ഈ ആവശ്യങ്ങൾക്കായി ദൂരെ പോകേണ്ടതായി വരുന്പോൾ ഡോക്ടറുടെ നിർദ്ദേശം സ്വീകരിച്ച് ചികിത്സയ്ക്ക് തീരുമാനം എടുക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ് വളരെ വ്യത്തിയായി സൂക്ഷിക്കേണ്ടത് ആവശ്യമാണ്. ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യണം. ചില ഭക്ഷണസാധനങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കണം. കട്ടിയുള്ള ഐസ് ചവയ്ക്കുക, മിഠായി കടിച്ചുചവച്ചു കഴിക്കുക, ഒട്ടിപ്പിടിക്കുന്ന ആഹാരം, എല്ല്, ആപ്പിൾ പോലെയുള്ള പഴങ്ങൾ കടിച്ചു ചവയ്ക്കുന്നത്. ഇവ പൂർണ്ണമായും ഒഴിവാക്കണം- ഭക്ഷണത്തിനുശേഷം വായ വൃത്തിയാക്കി കഴുകണം. കാലത്തും വൈകിട്ടും പ്രത്യേകം രൂപകല്പന ചെയ്ത ബ്രഷ് ഉപയോഗിച്ച് പല്ലുതേക്കണം. (ഓർത്തോഡോണ്ടിക് ബ്രഷ്).
- ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മൗത്ത് വാഷ് ഉപയോഗിക്കണം.
- കന്പിയും അനുബന്ധ സാധനങ്ങളും പൊട്ടിച്ചാൽ ഉദ്ദേശിക്കുന്ന സമയത്ത് ചികിത്സ പൂർത്തിയാക്കാൻ കഴിയില്ല.
വദന സൗന്ദര്യത്തിനുള്ള പ്രാധാന്യത്തോടൊപ്പം പല്ലുകളുടെ മൊത്തത്തിലുള്ളആരോഗ്യവും ബലവും ഉറപ്പുവരുത്തി മാത്രം ചികിത്സ നടത്തുക.ഡോക്ടറുടെ നിർദ്ദേശം പൂർണ്ണമായി പാലിച്ചാൽ പൂർണ്ണമായ പ്രയോജനം ലഭിക്കുന്ന ചികിത്സയാണ് ഇത്.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല)
ഫോണ് - 94472 19903