Sports
അഹമ്മദാബാദ്: ഐപിഎല്‍ കിരീടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഇന്ന് നടന്ന ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റിന് വീഴ്ത്തിയാണ് ആര്‍സിബി കിരീടം നിലനിര്‍ത്തിയത്. സ്കോര്‍: ഗുജറാത്ത് 20 ഓവറില്‍ 155-8, ബംഗളൂരു 18 ഓവറില്‍ 161-5.
വിരാട് കോഹ്ലിയുടെ വെടിക്കെട്ട് പ്രകടനമാണ് ആര്‍സിബിയെ കിരീടത്തിലെത്തിച്ചത്. 42 പന്തില്‍ മൂന്ന് സിക്സും ഒന്‍പത് ഫോറും ഉള്‍പ്പെടെ 75 റണ്‍സുമായി കോഹ്ലി പുറത്താകാതെ നിന്നു.
ഓപ്പണറായ വെങ്കിടേഷ് അയ്യര്‍ 16 പന്തില്‍ 32 റണ്‍സും നേടി. രജത് പടിദാര്‍ 15 റണ്‍സും ടിം ഡേവിഡ് 24 റണ്‍സും നേടി. ജിതേഷ് ശര്‍മ പുറത്താകാതെ 11 റണ്‍സുമെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാന് രണ്ട് വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ വാഷിംഗ്ടണ്‍ സുന്ദറിന്റെ അര്‍ധ സെഞ്ചുറി പ്രകടനമാണ് വലിയ തകര്‍ച്ചയില്‍നിന്നും രക്ഷപ്പെടുത്തിയത്. 37 പന്തില്‍ നാല് ഫോറുകളുടെ അകമ്പടിയോടെ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്താകാതെ 50 റണ്‍സെടുത്തു.
നിഷാന്ത് സിന്ധു 18 പന്തില്‍ 20 റണ്‍സും നേടി. ഓപ്പണറുമാരായ സായി സുദര്‍ശനും (12 പന്തില്‍ 12) ശുഭ്മാന്‍ ഗിലും (എട്ട് പന്തില്‍ 10) പരാജയപ്പെട്ടപ്പോള്‍ ജോസ് ബട്ട്ലറും (23 പന്തില്‍ 19) നിരാശപ്പെടുത്തി.
രാഹുല്‍ തെവാട്ടിയ (7), ജേസണ്‍ ഹോള്‍ഡര്‍ (7), റാഷിദ് ഖാന് (7) എന്നിവര്‍ക്കും തിളങ്ങാനായില്ല.
ബംഗളൂരുവിനായി റാസിഖ് സലാം ദാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭൂവന്വേശര്‍ കുമാറും ജോഷ് ഹസില്‍വുഡും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Sports
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ തുടര്‍ച്ചയായി നാല് സീസണുകളില്‍ 600ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ബാറ്ററായി റണ്‍മെഷീന്‍ വിരാട് കോഹ്ലി.
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ക്വാളിഫയര്‍ ഒന്നില്‍ 25 പന്തില്‍ 43 റണ്‍സ് നേടിയതോടെയാണ് റോയല്‍ ചലഞ്ചേഴസ് ബംഗളൂരു താരമായ കോഹ്ലി ഈ നാഴികക്കല്ല് പിന്നിട്ടത്.
ആറാം തവണയാണ് കോഹ്ലി ഐപിഎല്ലില്‍ 600 റണ്‍സ് മറികടക്കുന്നത്. ഈ സീസണില്‍ 15 ഇന്നിംഗ്സില്‍നിന്ന് 164.38 സ്ട്രൈക് റേറ്റും 50.00 ശരാശരിയിലുമായി കോഹ്ലി അടിച്ചെടുത്തത് 600 റണ്‍സ്. ഒരു െസഞ്ചുറിയും നാല് അര്‍ധ സെഞ്ചുറിയുമടങ്ങുന്നതാണ് കോഹ്ലിയുെട 2026 സീസണ്.
പ്രായം കളിക്കളത്തിന് പുറത്തുനിര്‍ത്തി യുവത്വം തുളുമ്പുന്ന എനര്‍ജിയുമായി മാത്രമേ കോഹ്ലിയെ ഗ്രൗണ്ടില്‍ കാണാറുള്ളൂ. 37 വയസും ആറ് മാസവും പിന്നിട്ട കോഹ്ലി ക്രീസില്‍ തകര്‍ത്തടിക്കുമ്പോള്‍ അരങ്ങേറ്റത്തിലെ യൗവനക്കാരന്റെ അതേ എനര്‍ജി ഇന്നും കാണാം. ട്വന്റി-20 ക്രിക്കറ്റില്‍ ദേശീയ ടീമില്‍നിന്നും വിരമിച്ചെങ്കിലും മറ്റ് താരങ്ങള്‍ക്ക് മാതൃകയാണ് കോഹ്ലി; ഫിറ്റ്നസ് നിലനിര്‍ത്തുന്നതിലും സ്വയം മെച്ചപ്പെടുന്നതിലും സമ്മര്‍ദത്തെ അതിജീവിക്കുന്നതിലും.
റിയല്‍ റണ്‍മെഷീന്‍
കരിയറിന്റെ അവസാന കാലത്തേക്ക് നീങ്ങുമ്പോഴും റണ്‍സ് നേടുന്നതില്‍ കോഹ്ലിയുടെ ദാഹം ശമിച്ചിട്ടില്ല. 33 മുതല്‍ 37 വയസുവരെയുള്ള കാലഘട്ടത്തിലാണ് ഈ നേട്ടം. കരിയറിന്റെ തുടക്കത്തിലും മധ്യത്തിലുമല്ലെന്നത് ഈ നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
2023 സീസണില്‍ 639 റണ്‍സ്, 2024ല്‍ 741, 2025ല്‍ 657, 2026ല്‍ ഒരു മത്സരം ബാക്കി നില്‍ക്കേ 600 റണ്‍സ് എന്നതാണ് കോഹ്ലിയുടെ ഐപിഎൽ റൺ വേട്ട. ഐപിഎല്‍ ആദ്യ സീസണ് മുതല്‍ ആര്‍സിബിക്കൊപ്പം നിന്ന കോഹ്ലി രണ്ടാം കിരീടം ലക്ഷ്യമിട്ട് 31ന് ഫൈനല്‍ മത്സരത്തിനിറങ്ങും.
ക്രിസ് ഗെയ്്ല്‍ (2011, 2012, 2013), ഡേവിഡ് വാര്‍ണര്‍ (2016, 2017, 2019), കെ.എല്‍. രാഹുല്‍ (2020, 2021, 2022) എന്നിവരുടെ തുടര്‍ച്ചയായി മൂന്ന് സീസണുകളിലെ 600+ സ്കോര്‍ എന്ന റിക്കാര്‍ഡാണ് കോഹ്ലി മറികടന്നത്.
Sports
ഗുവാഹത്തി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് റോയൽ പോരാട്ടം. ഈ സീസണിൽ തോൽവി അറിയാത്ത ടീമുകളെന്ന റിക്കാർഡുമായിട്ടാണ് രാജസ്ഥാനും ബംഗളൂരുവും നേർക്കുനേർ പോരിനിറങ്ങുന്നത്.
വൈകുന്നേരം ഏഴരയ്ക്ക് ഗുവാഹത്തിയിലാണ് മത്സരം. സൺറൈസേഴ്സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു എത്തുന്നത്. വിരാട് കോഹ്ലി, ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ.
വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരാണ് രാജസ്ഥാന്റെ കരുത്ത്. പോയിന്റ് പട്ടികയിൽ രാജസ്ഥാന് ഒന്നാമതും ബംഗളൂരു മൂന്നാമതുമാണ്.
Sports
പിഴവുകളിൽനിന്ന് പാഠമുൾക്കൊള്ളാതെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണിലും ദയനീയ യാത്ര തുടരുന്നു. തോൽവിയിൽനിന്ന് മുക്തി നേടാനാൻ ചെന്നൈക്ക് കഴിയുന്നില്ല. അവസാന 22 മത്സരത്തിൽ 14 തോൽവി. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിൽ തുടർച്ചയായ ഏഴാം തോൽവി.
കഴിഞ്ഞ സീസണിലെ വന്പൻ തിരിച്ചടി തിരുത്താൻ വൻതുകയ്ക്ക് യുവ താരങ്ങളെ സ്വന്തമാക്കി. താരങ്ങളെ ട്രാൻസ്ഫർ ചെയ്ത് വലിയ നേട്ടത്തിന് ശ്രമിച്ചെങ്കിലും സർവതും പിഴച്ചു. നിസാര തുകയ്ക്ക് ടീമിലെത്തിച്ച സർഫറാസ് ഖാൻ മാത്രമാണ് 2026 ഐപിഎൽ സീസണിൽ ആദ്യ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ടീമിന് ആശ്വാസം പകരുന്ന ഏക താരം. ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈക്ക് എല്ലാ മേഖലയിലും താളംതെറ്റി.
തോൽവിയാണ് മുഖ്യം!
അഞ്ച് തവണ ഐപിഎൽ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ദയനീയത 2026ലും തുടർക്കഥയാണെന്നതാണ് വാസ്തവം. ഐപിഎല്ലിൽ അവസാനം കളിച്ച 22 മത്സരങ്ങളിൽ 14ലും പരാജയം രുചിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരായ 43 റൺസ് തോൽവി, ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിലെ ഏഴാം പരാജയമാണ്. ക്യാപ്റ്റനെന്ന നിലയിൽ ഗെയ്ക്വാദിന്റെ മികവിൽ ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. 2025 സീസണിൽ ഏറ്റവും പിന്നിലായിരുന്ന സിഎസ്കെ, 2026 സീസണിലും അതേ സ്ഥാനത്തുതന്നെ.
സഞ്ജു എവിടെ?
ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണെതിരേ ആരാധകരോഷം ഉയരുന്നു. ലോകകപ്പിലെ മിന്നും പ്രകടനം ഐപിഎല്ലിലും തുടരുമെന്ന പ്രതീക്ഷ തെറ്റിയത് ആരാധകരുടെ രൂക്ഷ വിമർശനത്തിനിടയാക്കി. ഫോം കണ്ടെത്താനും പുതിയ ടീമിനൊപ്പം പൊരുത്തപ്പെടാനും സാധിക്കുന്നില്ലെങ്കിൽ മാറിനിൽക്കൂ എന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതികരണം.
ചെന്നൈക്കൊപ്പമുള്ള ആദ്യ മൂന്നു മത്സരങ്ങളിലും സഞ്ജുവിനു രണ്ടക്കം കടക്കാൻ സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ 2026 സീസണിനു മുന്‍പ് ചെന്നൈ സ്വന്തമാക്കിയത് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകിയാണ്. 6, 7, 9 എന്നതാണ് ഈ ഐപിഎൽ സീസണിൽ സഞ്ജുവിന്റെ പ്രകടനം.
28.4 കോടി പാഴായോ..?
2026 ഐപിഎൽ താര ലേലത്തിൽ ചെന്നൈ വരുത്തിയ വലിയ പിഴവും ചോദ്യം ചെയ്യപ്പെടുന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി എത്തിയ ഉത്തർപ്രദേശിന്റെ 20കാരൻ ഇടം കൈയൻ സ്പിന്നർ പ്രശാന്ത് വീർ ഇതിൽ ഒന്നാമനാണ്. ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത താരത്തെ 14.2 കോടിക്ക് ചെന്നൈ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന താരത്തിന് പിന്നീട് രണ്ടു മത്സരത്തിലും അവസരം ലഭിച്ചു. എന്നാൽ, ഒരു ഓവർ പോലും പന്തെറിയാൻ ഗെയ്ക്വാദ് പ്രശാന്ത് വീറിനെ ഏൽപ്പിച്ചില്ല. 49 റണ്‍സാണ് താരത്തിന്റെ സന്പാദ്യം.
മറ്റൊരു നിക്ഷേപ പരാജയം വിക്കറ്റ് കീപ്പർ ബാറ്ററായ കാർത്തിക് ശർമയാണ്. 19കാരനെ 14.2 കോടി മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയത്. 18 റണ്‍സാണ് താരത്തിന്റെ ഇതുവരെയുള്ള സന്പാദ്യം.
സർഫറാസ് @ 75 ലക്ഷം
രണ്ട് യുവ താരങ്ങൾക്കായി ചെന്നൈ സൂപ്പർ കിംഗ്സ് മുടക്കിയ വന്പൻ തുകയ്ക്ക് ഫലമുണ്ടായില്ലെങ്കിലും 75 ലക്ഷത്തിനു സ്വന്തമാക്കിയ സർഫറാസ് ഖാനാണ് ടീമിന്റെ നിലവിലെ ടോപ് സ്കോറർ. ലേലത്തിൽ ആദ്യം ആരും സ്വന്തമാക്കാൻ മുതിരാതിരുന്ന സർഫറാസ് ഖാൻ ഒരു അർധസെഞ്ചുറിയടക്കം 99 റൺസ് ഇതുവരെ നേടി. 202.04 ആണ് സ്ട്രൈക്ക് റേറ്റ്.
Sports
കൊളംബോ: 2026 സീസണ് ഐപിഎല്‍ ട്വന്റി-20 കളിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ തുഷാര കോടതിയെ സമീപിച്ചു.
ശ്രീലങ്ക ക്രിക്കറ്റ് (എസ്എല്‍സി) എന്‍ഒസി (നൊ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ്) നല്‍കാത്തതിനാലാണ് തുഷാരയ്ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ സാധിക്കാത്തത്. നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 1.60 കോടി രൂപയ്ക്ക് നുവാന്‍ തുഷാരയെ നിലനിര്‍ത്തിയിരുന്നു.
ഫിറ്റ്നസ് തെളിയിക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് തുഷാരയ്ക്ക് എന്‍ഒസി ലഭിക്കാതിരുന്നത്.
എന്നാല്‍, തന്റെ ഫിറ്റ്നസ് ഇപ്പോള്‍ കുഴപ്പമില്ലെന്നു വ്യക്തമാക്കി ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരെ പ്രതികളാക്കിയാണ് തുഷാര കൊളംബോ ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് ഒമ്പതിനു പരിഗണിക്കും.
ഐപിഎല്ലില്‍ ആകെ എട്ട് മത്സരങ്ങള്‍ കളിച്ച നുവാന്‍ തുഷാര ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
Sports
ന്യൂഡൽഹി: ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ പാക്കിസ്ഥാൻ ലെഗ് സ്പിന്നർ അബ്രാർ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിസിസിഐ.
സണ്‍റൈസേഴ്സ് ലീഡ്സിന്റെ തീരുമാനത്തിൽ ബിസിസിഐക്ക് ഇടപെടാനാകില്ല. ഇക്കാര്യം ഐപിഎല്ലുമായി ബന്ധപ്പെട്ടതല്ല. ഇതൊരു വിദേശ ലീഗാണ്, അതിനാൽ ബിസിസിഐയുടെ പരിധിയിൽ വരുന്നതല്ല.
ഫ്രാഞ്ചൈസി തന്നെയാണ് ഇതിൽ തീരുമാനമെടുക്കേണ്ടതെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി.
ഇന്ത്യൻ ഉടമസ്ഥതയിലുള്ള ടീം പാക് താരത്തെ സ്വന്തമാക്കിയതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ വിശദീകരണം.
ട്വന്റി20 റാങ്കിംഗിൽ മൂന്നാം സ്ഥാനത്തുള്ള അബ്രാർ അഹമ്മദിനെ ഏകദേശം 2.35 കോടി രൂപയ്ക്കാണ് (190,000 പൗണ്ട്) കാവ്യ മാരന്റെ ഉടമസ്ഥതയിലുള്ള സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയത്.
NRI
ഹൂസ്റ്റൺ: ദൈവം തന്റെ ആത്മാവിനെ മനുഷ്യന്റെ ഉള്ളിലേക്കു ഊതിയപ്പോൾ മനുഷ്യന് ജീവൻ ലഭിച്ചെന്നും എന്നാൽ പാപം വന്നപ്പോൾ മനുഷ്യൻ ആത്മാവിൽ നിന്നും പിന്മാറി തുടങ്ങിയെന്നും ഡോ. ലീന കെ. ചെറിയാൻ.
ആത്മാവില്ലാത്ത ശരീരം ജീവിച്ചിരിപ്പില്ലാത്തതുപോലെ, ആത്മീയ ബന്ധം നഷ്ടമായ മനുഷ്യനും ശൂന്യതയിലായി. "ദൈവത്തിന്റെ ആത്മാവും മനുഷ്യന്റെ ആത്മീയാവസ്ഥയും' തമ്മിലുള്ള ബന്ധത്തെ അപഗ്രഥിച്ച് ഇന്റർനാഷണൽ പ്രയർലെെൻ സംഘടിപ്പിച്ച 600-ാമത് സമ്മേളനത്തില്‍ മുഖ്യ സന്ദേശം സന്ദേശം നല്‍കുകയായിരുന്നു ഡോ. ലീന.
നമ്മുടെ ഹൃദയം ദൈവത്തിന്റെ ആത്മാവിനായി തുറക്കാം. നമുക്കുള്ളിൽ ദാഹം ഉണ്ടാവട്ടെ, പ്രാർഥനയിലൂടെ, വിശ്വാസജീവിതത്തിലൂടെ, കൂട്ടായ്മകളിലൂടെ നാം ആത്മാവിനാൽ നിറയട്ടെ. നമ്മുടെ ഓരോ വാക്കും പ്രവൃത്തിയും ദൈവത്തിന്റെ മഹത്വത്തിനായിരിക്കട്ടെ എന്ന് ലീന കൂട്ടിച്ചേർത്തു.
എബ്രഹാം കെ. ഇഡിക്കുളയുടെ (ഹൂസ്റ്റൺ) പ്രാരംഭ പ്രാർഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവേൽ ആമുഖ പ്രസംഗം ചെയ്തു. കഴിഞ്ഞ 600 ആഴ്ചകളിൽ മുടങ്ങാതെ പ്രാർഥന നടത്തുവാൻ കഴിഞ്ഞുവെന്നത് ദൈവീക കൃപ ഒന്ന് മാത്രമാണെന്നു സി.വി.എസ് പറഞ്ഞു.
ഐപിഎൽ കോഓർഡിനേറ്റർ ടി.എ. മാത്യു (ഹൂസ്റ്റൺ) മുഖ്യാതിഥി ഡോ. ലീന കെ. ചെറിയാനെ (അസിസ്റ്റന്റ് പ്രഫസർ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് കൊമേഴ്സ് ആൻഡ് റിസർച്ച് സെന്റർ, സെന്റ് തോമസ് കോളജ്, കോഴഞ്ചേരി, ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ പള്ളി വികാരി റവ. ജിജോ എം. ജേക്കബിന്റെ ഭാര്യ) പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു.
ഗ്രേസി വട്ടക്കുന്നേൽ ഹൂസ്റ്റൺ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വൽസ മാത്യു (ഹൂസ്റ്റൺ) മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി. തുടർന്ന് ഡോ. ലീന കെ. ചെറിയാൻ മുഖ്യ സന്ദേശം നൽകി.
ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോഓർഡിനേറ്റർ ടി.എ. മാത്യു പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി.
സമാപന പ്രാർഥനയും ആശീർവാദവും റവ. ജിജോ എം. ജേക്കബ് (ഹൂസ്റ്റൺ) നിർവഹിച്ചു. ഷിബു ജോർജ് (ഹൂസ്റ്റൺ), ജോസഫ് ടി. ജോർജ് (രാജു, ഹൂസ്റ്റൺ) എന്നിവർ ടെക്നിക്കൽ കോഓർഡിനേറ്ററായിരുന്നു.
ഈ മാസം 18ന് നടക്കുന്ന 601-ാമത് സെഷനിൽ റവ. ടിറ്റി യോഹന്നാൻ (വികാരി, ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, പിഎ) മുഖ്യ പ്രഭാഷകനായിരിക്കും.