പിഴവുകളിൽനിന്ന് പാഠമുൾക്കൊള്ളാതെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ 19-ാം സീസണിലും ദയനീയ യാത്ര തുടരുന്നു. തോൽവിയിൽനിന്ന് മുക്തി നേടാനാൻ ചെന്നൈക്ക് കഴിയുന്നില്ല. അവസാന 22 മത്സരത്തിൽ 14 തോൽവി. ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിൽ തുടർച്ചയായ ഏഴാം തോൽവി.
കഴിഞ്ഞ സീസണിലെ വന്പൻ തിരിച്ചടി തിരുത്താൻ വൻതുകയ്ക്ക് യുവ താരങ്ങളെ സ്വന്തമാക്കി. താരങ്ങളെ ട്രാൻസ്ഫർ ചെയ്ത് വലിയ നേട്ടത്തിന് ശ്രമിച്ചെങ്കിലും സർവതും പിഴച്ചു. നിസാര തുകയ്ക്ക് ടീമിലെത്തിച്ച സർഫറാസ് ഖാൻ മാത്രമാണ് 2026 ഐപിഎൽ സീസണിൽ ആദ്യ മൂന്നു മത്സരങ്ങൾ പിന്നിട്ടപ്പോൾ ടീമിന് ആശ്വാസം പകരുന്ന ഏക താരം. ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈക്ക് എല്ലാ മേഖലയിലും താളംതെറ്റി.
തോൽവിയാണ് മുഖ്യം!
അഞ്ച് തവണ ഐപിഎൽ ചാന്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ദയനീയത 2026ലും തുടർക്കഥയാണെന്നതാണ് വാസ്തവം. ഐപിഎല്ലിൽ അവസാനം കളിച്ച 22 മത്സരങ്ങളിൽ 14ലും പരാജയം രുചിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് എതിരായ 43 റൺസ് തോൽവി, ഋതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയിലെ ഏഴാം പരാജയമാണ്. ക്യാപ്റ്റനെന്ന നിലയിൽ ഗെയ്ക്വാദിന്റെ മികവിൽ ചോദ്യങ്ങൾ ഉയർന്നു കഴിഞ്ഞു. 2025 സീസണിൽ ഏറ്റവും പിന്നിലായിരുന്ന സിഎസ്കെ, 2026 സീസണിലും അതേ സ്ഥാനത്തുതന്നെ.
സഞ്ജു എവിടെ?
ഇന്ത്യയുടെ ലോകകപ്പ് ഹീറോ സഞ്ജു സാംസണെതിരേ ആരാധകരോഷം ഉയരുന്നു. ലോകകപ്പിലെ മിന്നും പ്രകടനം ഐപിഎല്ലിലും തുടരുമെന്ന പ്രതീക്ഷ തെറ്റിയത് ആരാധകരുടെ രൂക്ഷ വിമർശനത്തിനിടയാക്കി. ഫോം കണ്ടെത്താനും പുതിയ ടീമിനൊപ്പം പൊരുത്തപ്പെടാനും സാധിക്കുന്നില്ലെങ്കിൽ മാറിനിൽക്കൂ എന്നാണ് ഒരു വിഭാഗം ആരാധകരുടെ പ്രതികരണം.
ചെന്നൈക്കൊപ്പമുള്ള ആദ്യ മൂന്നു മത്സരങ്ങളിലും സഞ്ജുവിനു രണ്ടക്കം കടക്കാൻ സാധിച്ചിട്ടില്ല. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ 2026 സീസണിനു മുന്‍പ് ചെന്നൈ സ്വന്തമാക്കിയത് രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകിയാണ്. 6, 7, 9 എന്നതാണ് ഈ ഐപിഎൽ സീസണിൽ സഞ്ജുവിന്റെ പ്രകടനം.
28.4 കോടി പാഴായോ..?
2026 ഐപിഎൽ താര ലേലത്തിൽ ചെന്നൈ വരുത്തിയ വലിയ പിഴവും ചോദ്യം ചെയ്യപ്പെടുന്നു. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി എത്തിയ ഉത്തർപ്രദേശിന്റെ 20കാരൻ ഇടം കൈയൻ സ്പിന്നർ പ്രശാന്ത് വീർ ഇതിൽ ഒന്നാമനാണ്. ദേശീയ ടീമിൽ കളിച്ചിട്ടില്ലാത്ത താരത്തെ 14.2 കോടിക്ക് ചെന്നൈ സ്വന്തമാക്കി. ആദ്യ മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന താരത്തിന് പിന്നീട് രണ്ടു മത്സരത്തിലും അവസരം ലഭിച്ചു. എന്നാൽ, ഒരു ഓവർ പോലും പന്തെറിയാൻ ഗെയ്ക്വാദ് പ്രശാന്ത് വീറിനെ ഏൽപ്പിച്ചില്ല. 49 റണ്‍സാണ് താരത്തിന്റെ സന്പാദ്യം.
മറ്റൊരു നിക്ഷേപ പരാജയം വിക്കറ്റ് കീപ്പർ ബാറ്ററായ കാർത്തിക് ശർമയാണ്. 19കാരനെ 14.2 കോടി മുടക്കിയാണ് ചെന്നൈ സ്വന്തമാക്കിയത്. 18 റണ്‍സാണ് താരത്തിന്റെ ഇതുവരെയുള്ള സന്പാദ്യം.
സർഫറാസ് @ 75 ലക്ഷം
രണ്ട് യുവ താരങ്ങൾക്കായി ചെന്നൈ സൂപ്പർ കിംഗ്സ് മുടക്കിയ വന്പൻ തുകയ്ക്ക് ഫലമുണ്ടായില്ലെങ്കിലും 75 ലക്ഷത്തിനു സ്വന്തമാക്കിയ സർഫറാസ് ഖാനാണ് ടീമിന്റെ നിലവിലെ ടോപ് സ്കോറർ. ലേലത്തിൽ ആദ്യം ആരും സ്വന്തമാക്കാൻ മുതിരാതിരുന്ന സർഫറാസ് ഖാൻ ഒരു അർധസെഞ്ചുറിയടക്കം 99 റൺസ് ഇതുവരെ നേടി. 202.04 ആണ് സ്ട്രൈക്ക് റേറ്റ്.
Tags : Chennai Super Kings miserable situation IPL T20 cricket