Kerala
എറണാകുളം: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ. ഇക്കാര്യം മധ്യപ്രദേശ് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.
എന്നാൽ പെൺകുട്ടിക്ക് പോലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈറല്‍ താരത്തിന്റെ വിവാദ വിവാഹം അന്വേഷിക്കുന്ന മധ്യപ്രദേശ് പോലീസ് കൊച്ചിയില്‍ തുടരുന്നതായാണ് വിവരം.
പോലീസ് പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ കണ്ടെത്തി.
വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചതാണ്. 2009 ഡിസംബർ 30നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നുവെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്.
Kerala
കൊച്ചി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണി സംസ്ഥാനത്ത് അധികാരത്തിലെത്തിയാൽ രണ്ട് വർഷത്തിനുള്ളിൽ എയിംസിന്റെ പണി തുടങ്ങുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുന്നത്തുനാട്ടിൽ എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വരുന്ന തെരഞ്ഞെടുപ്പ് എൻഡിഎയെ കേരളത്തിൽ അധികാരത്തിലെത്തിക്കാനുള്ളതാണ്. സഖ്യം അധികാരത്തിലെത്തുന്നതോടെ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐക്ക് കൈമാറി രണ്ടു മാസത്തിനുള്ളിൽ കുറ്റവാളികളെ ജയിലിലടയ്ക്കും. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ അഴിമതിക്കാരാണ്.
കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം. കേരളത്തിനു പുറത്ത് കോൺഗ്രസും സിപിഎമ്മും പ്രണയിതാക്കളാണ്. എന്നാൽ കേരളത്തിൽ അവർ ശത്രുക്കളായി അഭിനയിക്കുകയാണ്. ഇവിടെ റോഡിലെ ബോർഡുകളിൽ പിണറായിയുടെ ചിത്രം മാത്രമാണുള്ളത്.
ഇത്തവണ കേരളത്തിലെ എ ടീം ബിജെപിയാണ്. കേരളത്തിന്റെ ചരിത്രം മാറ്റി എഴുതുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നത്. കേരളത്തിൽ സാക്ഷരത കൂടുതലാണ്. എന്നാൽ ജോലി വേണമെങ്കിൽ ഗൾഫിലേക്ക് പോകണം. ലോക്സഭാ തെരഞ്ഞെടുപ്പിൽ 2014ൽ എൻഡിഎയുടെ വോട്ട് ശതമാനം14 ആയിരുന്നു.
2019ൽ 16 ആയും 2024ൽ 20 ശതമാനവുമായി ഉയർന്നു. ഭാവിയിൽ കേരളം ബിജെപി ഭരിക്കുമെന്നതിന്റെ സൂചനയാണിതെന്നും അമിത് ഷാ പറഞ്ഞു.
Kerala
നെടുമ്പാശേരി: രോഗം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ കുവൈറ്റില്‍ മരിച്ച 20 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചു.
ചൊവ്വാഴ്ച രാത്രി കൊളംബോ വഴി പ്രത്യേക സര്‍വീസ് നടത്തിയ കുവൈറ്റ് എയര്‍വേസ് വിമാനത്തിലാണു മൃതദേഹങ്ങള്‍ എത്തിച്ചത്. ഇസ്രയേൽ- ഇറാൻ സംഘർഷത്തെത്തുടർന്ന് യാത്രക്കാരുടെയും മറ്റും സുരക്ഷ മുൻനിർത്തി കുവൈറ്റ് വിമാനത്താവളം താത്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ഇത് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയ്ക്കുന്നതിന് തടസമായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ കുവൈറ്റ് സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രത്യേക അനുമതി വാങ്ങിയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിച്ചത്.
20 മൃതദേഹങ്ങളില്‍ 15 എണ്ണം തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഉള്ളവരാണ് . ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം കുവൈറ്റിലെ ജലശുദ്ധീകരണ ശാലയ്ക്കുനേരേയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമനാഥപുരം സ്വദേശി സന്താനസെല്‍വം കൃഷ്ണന്റെ മൃതദേഹവും ഇതിലുള്‍പ്പെടുന്നു.
ബാക്കിയുള്ള അഞ്ചു മൃതദേഹങ്ങള്‍ കോഴിക്കോട്, ആലപ്പുഴ, കോട്ടയം ജില്ലകളിൽനിന്ന് ഉള്ളവരുടേതാണ്.
Kerala
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇന്നലെ ഗൾഫ് മേഖലയിലേക്ക് 34 വിമാന സർവീസുകൾ നടത്തി.
ഗൾഫ് മേഖലയിൽനിന്നു 17 വിമാനങ്ങളാണു വന്നത്. ഇതിൽ ഏഴെണ്ണവും അബുദാബിയിൽനിന്നായിരുന്നു. ജിദ്ദ, ദുബായ്, ഷാർജ, മസ്കറ്റ്, ദോഹ എന്നിവിടങ്ങളിൽനിന്നാണ് മറ്റു വിമാനങ്ങൾ വന്നത്.
കൊച്ചിയിൽനിന്ന് ഏഴു വിമാനങ്ങൾ അബുദാബിക്കാണു പോയത്. മറ്റു വിമാനങ്ങൾ ജിദ്ദ, ദുബായ്, ഷാർജ, മസ്കറ്റ്, ദോഹ, ദമാം എന്നിവിടങ്ങളിലേക്കാണു പോയത്.
Kerala
നെടുമ്പാശേരി: ഗൾഫ് മേഖലയിൽനിന്ന് ഇന്നലെ 20 വിമാനങ്ങൾ കൊച്ചിയിൽ വന്നിറങ്ങി. ഷാർജ, അബുദാബി, മസ്കറ്റ്, ദമാം, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽനിന്നാണ് വിമാനങ്ങൾ വന്നത്.
കൊച്ചിയിൽനിന്ന് 14 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടു. അബുദാബി, മസ്കറ്റ്, ദമാം, ഷാർജ, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണു വിമാനങ്ങൾ പുറപ്പെട്ടത്.
ദുബായിലേക്കുള്ള എമിറേറ്റ്സിന്റെ രണ്ടു വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
Kerala
കൊച്ചി: കളമശേരിയില്‍ 23കാരിയെ ആക്രമിച്ച് മൊബൈല്‍ ഫോണും സ്വര്‍ണവും കവര്‍ന്ന കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. അക്രമിയെ കണ്ടെത്താനായി സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു അന്വേഷണം നടത്തുകയാണ് പൊലീസ്.
എച്ച്എംടി ജംഗ്ഷന് മുതല്‍ യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. എച്ച്എംടി ജംഗ്ഷന് മുതല്‍തന്നെ പ്രതി യുവതിയെ പിന്തുടര്ന്നിരുന്നു എന്നാണ് പോലീസ് നിഗമനം. യുവതിയുടെ ഐഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെങ്കിലും അവസാന ലൊക്കേഷന്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
ആക്രമണത്തിന് ഇരയായ കണ്ണൂര്‍ പാപ്പിനിശേരി സ്വദേശിനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കളമശേരി എച്ച്എംടി ജംഗ്ഷനു സമീപം ഇന്നലെ രാത്രി 8.15 ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന യുവതിക്കു നേരെ ആക്രമണമുണ്ടായത്.
റെയില്‍വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില്‍ മുണ്ടിട്ടു മൂടി, റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച ശേഷം മുക്കാല്‍ പവന്റെ മാലയും സ്വര്‍ണ കമ്മലും ഐഫോണും കവര്‍ന്നു. തൃക്കാക്കര നോര്‍ത്ത് ഞാലകം സെന്റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം.
തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി അടുത്തു സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന വീട്ടിലെത്തി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും അക്രമത്തിന് ഇരയായതിന്റെ നടുക്കത്തിലാണ് യുവതി.
Business
കൊച്ചി: ബാത്റൂം ഫിറ്റിംഗ്സ്, സാനിറ്ററിവെയര്‍ രംഗത്തെ പ്രമുഖ ഗ്രൂപ്പായ സെറ സാനിറ്ററിവെയര്‍ ലിമിറ്റഡിന്റെ അത്യാധുനിക ഡിസ്പ്ലേ കേന്ദ്രം സെറ സ്റ്റൈൽ സ്റ്റുഡിയോ കൊച്ചി മറൈന്‍ ഡ്രൈവില്‍ പ്രവര്‍ത്തനമാരംഭിച്ചു.
കമ്പനിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സ്ക്ലൂസീവ് ഷോറൂം വൈസ് ചെയര്‍മാനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ദീപ്ശിഖ ഖൈത്തന്‍ ഉദ്ഘാടനം ചെയ്തു.
ലക്ഷ്വറി വിഭാഗമായ സെനറ്റര്‍, അത്യാധുനിക ഡിസൈനുകളിലുള്ള സെറ ലക്സ്, സെറയുടെ മറ്റ് ജനപ്രിയ ഉത്പന്നങ്ങള്‍ എന്നിവ ഒരൊറ്റ കുടക്കീഴിലാക്കി കേരളത്തിലെ സാന്നിധ്യം ശക്തമാക്കുകയാണ് പുതിയ സ്റ്റുഡിയോ തുറക്കുന്നതിലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്ന് ദീപ്ശിഖ ഖൈത്തന്‍ പറഞ്ഞു.
Kerala
കൊച്ചി: വൈറ്റില മേൽപ്പാലത്തിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
കോട്ടയം മൂലേടം സ്വദേശിനിയായ സുധ ബേബി ആണ് കൊല്ലപ്പെട്ടത്. കേസിൽ പിടിയിലായ ഷാജിയും സുധയുടെ അമ്മയും ഹൈക്കോടതിയിൽ സഹപ്രവർത്തകരായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
ഷാജിയും സുധാ ബേബിയും കുടുംബസുഹൃത്തുക്കളാണ്. അമ്മയുടെ ചികിത്സക്കായി ഇവർ കൊച്ചിയിലാണ് താമസം. അടുത്തിടെ ഇവരുടെ സൗഹൃദത്തിൽ ചില പ്രശ്നങ്ങളുണ്ടായി. ഇതാണ് തർക്കത്തിന് കാരണം. തുടർന്ന് രാത്രി ഇരുവരും റെയിൽവേ ട്രാക്കിനടുത്തേക്ക് പോവുകയും ഇവിടെ വച്ചാണ് കൊലപാതകം നടന്നതെന്നും പോലീസ് വ്യക്തമാക്കി. സുധയുടെ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം.
അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം വിവരങ്ങൾ പുറത്തുവന്ന ശേഷം പ്രതി ഷാജിയുടെ അറസ്റ്റ് രേഖപ്പെടുത്തും.
Kerala
കൊച്ചി: മുസ്ലിം എഡ്യുക്കേഷണല്‍ സൊസൈറ്റിയുടെ (എംഇഎസ്) ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകാന്‍ സംസ്ഥാനതല എംഇഎസ് യൂത്ത് ഫെസ്റ്റ് ഇന്നു മുതല്‍ 31 വരെ കൊച്ചിയില്‍ നടക്കും.
കേരളത്തിലെ വിവിധ എംഇഎസ് കോളജുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് മൂന്ന് ദിവസമായി നടക്കുന്ന കലാമേളയില്‍ മാറ്റുരയ്ക്കുന്നത്.
കൊച്ചി രാജേന്ദ്ര മൈതാനമാണ് പ്രധാന വേദി. കൂടാതെ എറണാകുളം ടൗണ്‍ഹാളിലെ നാല് വേദികളിലും മത്സരങ്ങള്‍ നടക്കും.
Kerala
കൊച്ചി: ലക്ഷദ്വീപിലെ അഗത്തിയില്‍നിന്ന് ഹൃദയാഘാതം സംഭവിച്ചയാളെ അടിയന്തര ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തിച്ച് കോസ്റ്റ് ഗാര്‍ഡിന്റെ ജീവന്‍രക്ഷാ ദൗത്യം. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് അതിവേഗ മെഡിക്കല്‍ ഇവാക്വേഷന് നടത്തിയത്.
തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍ണിയര്‍ വിമാനത്തിലാണ് അന്പത്തിയഞ്ചുകാരനായ രോഗിയെ കൊച്ചിയിലെത്തിച്ചത്. വിമാനത്തില്‍ മൊബൈല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്(എംഐസിയു) ക്രമീകരിച്ചായിരുന്നു നടപടികള്‍.
തിങ്കളാഴ്ച വൈകുന്നേരമാണ് ഹൃദയാഘാതമുണ്ടായത്. വിദഗ്ധ ചികിത്സ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ ലക്ഷദ്വീപിലെ രോഗികളെ കൊച്ചിയിലെത്തിക്കുന്നതിന് സാധാരണയായി ഹെലികോപ്റ്ററുകളോ എയര്‍ ആംബുലന്‍സുകളോ ആണ് ഉപയോഗിക്കാറുള്ളതെങ്കിലും അടിയന്തര സാഹചര്യം കണക്കിലെടുത്ത് സമയം ലാഭിക്കുന്നതിനായി കോസ്റ്റ് ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനം ഉപയോഗിക്കുകയായിരുന്നു.
വിമാനത്തിനുള്ളില്തന്നെ എംഐസിയു സജ്ജീകരിച്ചു. രാത്രികാലത്തെ കാലാവസ്ഥാ വെല്ലുവിളികളും കടലിനു മുകളിലൂടെയുള്ള യാത്രയും പരിഗണിച്ചാണ് ഹെലികോപ്റ്ററിനു പകരം വേഗമേറിയ ഡോണിയര്‍ വിമാനം തെരഞ്ഞെടുത്തതെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
കൊച്ചിയിലെത്തിച്ച രോഗിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഈ മാസം നടത്തുന്ന രണ്ടാമത്തെ മെഡിക്കല്‍ ഇവാക്വേഷന് ദൗത്യമാണിത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഗത്തിയില്‍നിന്ന് നടത്തുന്ന നാലാമത്തെ രാത്രികാല ദൗത്യവും.
Kerala
കൊച്ചി: എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച ട്വന്റി 20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് ജനങ്ങളോട് മാപ്പ് പറയണമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇഡി കേസിൽ നിന്ന് രക്ഷപെടാനാണ് പാർട്ടിയെ എൻഡിഎ പാളയത്തിൽ എത്തിച്ചതെന്ന് ഇതോടെ വ്യക്തമായി.
ആത്മാഭിമാനമുള്ളവർ ഇനിയും ട്വന്റി 20യിൽ അവശേഷിക്കുന്നുണ്ടെങ്കിൽ പാർട്ടി വിട്ട് പുറത്ത് വരണം. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചാക്കിട്ട് പിടിത്തവും ഭരണം പിടിച്ചെടുക്കലും നടത്തുന്ന ബിജെപി കേരളത്തിലും അതേ വഴികൾ പരീക്ഷിക്കുകയാണ്.
ജയിലിൽ കിടക്കുന്നത് ഒഴിവാക്കാനാണ് സാബു എം. ജേക്കബ് പാർട്ടിയെ ബിജെപിക്ക് അടിയറ വച്ചതെന്നും ഷിയാസ് ആരോപിച്ചു. പി.ടി.തോമസിനെതിരായ സാബുവിന്റെ ആരോപണങ്ങൾ കേരളത്തിലെ ജനങ്ങൾ പുച്ഛിച്ച് തള്ളുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Kerala
കൊച്ചി: ഇഡി നോട്ടീസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ചിലർ വ്യാജപ്രചാരണം നടത്തുകയാണെന്ന് കിറ്റക്സ് എംഡി സാബു എം.ജേക്കബ്. കേന്ദ്ര സർക്കാർ വിദേശ വിനിമയ ഇടപാടുകൾ കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ആയിരത്തിലധികം കയറ്റുമതിക്കാർക്ക് നോട്ടീസ് അയച്ചിരുന്നു.
ഇത്തരത്തിലാണ് തനിക്കും നോട്ടീസ് ലഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മേയിൽ ഇഡി ചില രേഖകൾ ആവശ്യപ്പെട്ടിരുന്നു. ഇഡി ആവശ്യപ്പെട്ടത് അഞ്ച് വർഷത്തെ ബാലൻസ് ഷീറ്റാണ്. ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും സാബു ജേക്കബ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
വിദേശ വ്യാപാരം നടത്തുന്നവർക്ക് ഒന്നോ രണ്ടോ ഡോളറിന്റെ വിനിമയ വ്യത്യാസം വന്നാൽ റിസർവ് ബാങ്ക് നിശ്ചയിക്കുന്ന പിഴയല്ലാതെ ഇതിൽ അറസ്റ്റ് ചെയ്യാനോ തടവിലിടാനോ നിയമമില്ല. വിദേശ പണം ഇടപാടുകൾ നൂറു ശതമാനവും ഇന്ത്യയിൽ എത്തിയെന്ന് ഉറപ്പുവരുത്താൻ കേന്ദ്രം ആരംഭിച്ച നടപടിയുടെ ഭാഗമായി കേരളത്തിലെ നൂറോളം എക്സ്പോർട്ടർമാർക്കും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
ഇത് കേവലം നിയമപരമായ ഒരു ട്രാൻസാക്ഷൻ മാത്രമാണെന്നും കള്ള ഡോക്യുമെന്റുകൾ ഉപയോഗിച്ച് ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തനിക്കെതിരെ വ്യാജവാർത്ത നൽകിയവർക്കെതിരെ ടെലികാസ്റ്റിംഗ് മന്ത്രാലയത്തിന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തി കെപിസിസി സംഘടിപ്പിക്കുന്ന വിജയോത്സവം ഇന്ന് കൊച്ചിയില്‍ നടക്കും. വിജയോത്സവം 2026 മഹാപഞ്ചായത്ത് എന്ന പേരില്‍ മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉച്ചയ്ക്ക് രണ്ടിന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45ന് ചാര്‍ട്ടേഡ് വിമാനത്തിലെത്തുന്ന രാഹുല്‍ ഗാന്ധിയെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് അടക്കം പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജിതര്ക്കുകൂടി ഉത്തരവാദിത്തം നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കെപിസിസിയുടെ സാഹിത്യ വിഭാഗമായ പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ സാഹിത്യ പുരസ്കാരം ഡോ. എം ലീലാവതിക്ക് തൃക്കാക്കരയിലെ വസതിയിലെത്തി രാഹുൽ സമ്മാനിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടിന് മറൈന്‍ ഡ്രൈവിലെ സമ്മേളന നഗരിയിലെത്തും.
വൈകുന്നേരം നാലിന് രാഹുൽ കൊച്ചിയിൽനിന്ന് മടങ്ങും. രാഹുൽഗാന്ധി വരുന്ന വഴികളിലും സമ്മേളന നഗരിയിലും കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി 500 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
Kerala
കൊച്ചി: കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലായി ആലപ്പുഴ തുറവങ്കര തെക്കേടത്ത് കിഴക്കേവീട്ടിൽ അഭിജിത്ത് (26), ആവിലകുന്ന് കണ്ണുകുഴിയിൽ എസ്.അതുൽ കുമാർ (24 ) എന്നിവരാണ് പിടിയിലായത്.
അഭിജിത്തിൽ നിന്നും 28 ഗ്രാമും അഖിൽ കുമാറിൽ നിന്നും 48 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ശനിയാഴ്ച രാത്രിയിൽ മുളവുകാട് പോലീസ് നടത്തിയ പട്രോളിങ്ങിനിടെ ബോൾഗാട്ടി ഭാഗത്ത് വച്ചാണ് ഇരുവരും പിടിയിലായത്.
Kerala
കൊച്ചി: എഐ അധിഷ്ഠിത ഡിജിറ്റല്‍ സാങ്കേതികസേവനങ്ങള്‍ നല്കുന്ന ഒറൈന്‍ ഇന്നോവേഷന്റെ അത്യാധുനിക ഒഐ എന്‍വിഷന്‍ സ്റ്റുഡിയോ സംവിധാനം കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ജെന്ഐ, ഡാറ്റ, ക്ലൗഡ്, എന്‍ജിനിയറിംഗ് മേഖലകളില്‍ നൂതന ഡിജിറ്റല്‍ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട ഇന്നോവേഷന്‍ ഹബ്ബാണ് ഇതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ക്ലൈന്റുകള്‍, എന്‍ജിനിയര്‍മാര്‍, ഡിസൈനര്‍മാര്‍, സാങ്കേതികവിദഗ്ധര്‍ എന്നിവര്‍ക്ക് ഡിജിറ്റല്‍ സേവനങ്ങള്‍ രൂപകല്പന ചെയ്യാനും പരീക്ഷിക്കാനും എന്‍വിഷന്‍ സ്റ്റുഡിയോ അവസരമൊരുക്കും.
രാജ്യത്തെ മികച്ച പ്രതിഭകളെ ഉപയോഗപ്പെടുത്തി ആഗോളതലത്തില്‍ സുസ്ഥിര എഐ ഇക്കോസിസ്റ്റം വികസിപ്പിക്കുകയാണു ലക്ഷ്യമെന്ന് ഒറൈന്‍ ഇന്നോവേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
Kerala
കൊച്ചി: കൊച്ചി നഗരത്തില്‍ അലഞ്ഞുനടന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയെ ഉടമയ്ക്ക് കൈമാറി. കൊച്ചി സ്വദേശിയായ സംഗീതിന് ആണ് നായയെ കൈമാറിയത്. നായയെ ഉപേക്ഷിച്ചതല്ല, വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു എന്നാണ് സംഗീത് പറഞ്ഞത്. ഇന്നലെ വൈകിട്ട് ഏഴിന് ആണ് സംഗീത് സൗത്ത് പോലീസ് സ്റ്റേഷനില്‍ എത്തിയത്.
നായയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് നായയെ കൈമാറാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് റെസ്ക്യൂ ഹോം അധികൃതര്‍ എത്തി നായയെ ഉടമയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ മതിയായ രേകള്‍ ഇല്ലാതെയാണ് നായയെ വിട്ടുകൊടുത്തത് എന്നാണ് ആനിമല്‍ റെസ്ക്യൂ ടീമിന്റെ ആരോപണം.
നായയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഇല്ലാതെയാണ് കൈമാറിയത് എന്ന് റെസ്ക്യൂ ഹോം അധികൃതര്‍ പറയുന്നത്. അപകടകാരിയായ അമേരിക്കന്‍ പിറ്റ്ബുള്‍ നായയെ ഞായറാഴ്ചയാണ് സുഭാഷ് പാര്‍ക്ക് പരിസരത്ത് കണ്ടെത്തിയത്.
രണ്ടു ദിവസമായി നായ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു. സുഭാഷ് പാര്‍ക്ക് അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ആനിമല്‍ റെസ്ക്യൂ ടീം എത്തി നായയെ കൊണ്ടുപോയത്.
Kerala
കൊച്ചി: ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഫിക്കിയുമായി സഹകരിച്ച് രാജ്യാന്തര കാർഗോ സമ്മിറ്റ് സംഘടിപ്പിക്കുന്നു.
31, ഫെബ്രുവരി ഒന്ന് തീയതികളിൽ സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റിൽ വാണിജ്യ കൂടിക്കാഴ്ചകൾ, എക്സിബിഷൻ, പാനൽ ചർച്ചകൾ എന്നിവ നടക്കും.
സിയാലിനെ ആഗോള എയർ കാർഗോ ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.
Kerala
കൊച്ചി: പ്ലംബിംഗ് ജോലിക്കെത്തിയ യുവാവിനെ കഴുത്ത് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ പുത്തൂർ വെട്ടിക്കാട് കല്ലടത്തില്‍ അഭിനവ് (18) ആണ് മരിച്ചത്. നെടുമ്പാശേരി അത്താണി കല്പക നഗറിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നാല് പേരാണ് ജോലിക്കായി ഉണ്ടായിരുന്നത്. ഇവരില്‍ മൂന്ന് പേർ ചായ കുടിക്കാൻ പുറത്ത് പോയി തിരികെ വന്നപ്പോഴാണ് അഭിനവിനെ കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജോലിക്കിടെ അപകടം സംഭവിച്ചതാണോ അതോ പ്ലംബിംഗ് ജോലിക്കായി ഉപയോഗിക്കുന്ന കട്ടർ ഉപയോഗിച്ച് സ്വയം കഴുത്ത് മുറിച്ചതാണോയെന്നും വ്യക്തമല്ല.
Kerala
കൊച്ചി/ആലപ്പുഴ: അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഒരു മാസത്തേക്കു ഗതാഗത നിയന്ത്രണം. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അരൂര്‍ ക്ഷേത്ര കവല മുതല്‍ വടക്കോട്ടുള്ള തൂണുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
തോപ്പുംപടി-അരൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ബൈപാസ് കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അരൂര്‍-കുമ്പളം പാലം വഴി ഇറങ്ങി പോകണം. വൈറ്റിലയില്‍നിന്നു ഇടക്കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് കവലയുടെ തെക്ക് ഭാഗത്തുനിന്നു യു ടേണ്‍ തിരിഞ്ഞു പോകണം.
അതേസമയം, 35 ഗര്‍ഡറുകളാണ് പില്ലര്‍ നമ്പര്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഇനി സ്ഥാപിക്കാനുള്ളത്. നിലവില്‍ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് ദേശീയപാതയിലുള്ളത്. ഹൈവേ പോലീസിന്റെയും അരൂര്‍, കുത്തിയതോട് പോലീസിന്റെയും മേല്‍നോട്ടത്തിലാണ് ഗതാഗത നിയന്ത്രണം.
ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് കവലയിൽ അരൂർ, കുത്തിയതോട് പോലീസിന്റെയും ഹൈവേ പോലീസിന്റെയും മേൽനോട്ടത്തിലാണ് ഗതാഗത നിയന്ത്രണം. ഇതിനായി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ രണ്ടു ഷിഫ്റ്റുകളിലായി 12 ഹോംഗാർഡുകളെയും ഉയരപ്പാത നിർമാണ കമ്പനി വിവിധയിടങ്ങളിലായി 15 മാർഷൽമാരെയും നിയമിച്ചിട്ടുണ്ട്.
ഇതുകൂടാതെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ ഹൈവേ പോലീസിന്റെയും അരൂർ പോലീസിന്റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്നത്.
Kerala
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി വയോധികന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30- ഓടെയാണ് അപകടമുണ്ടായത്. സാജുവിന് ഒപ്പമുണ്ടായിരുന്ന ബന്ധുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പട്ടാമ്പി സ്വദേശിയായ കാർ ഡ്രൈവർ നവാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
അമിത വേഗത്തിൽ എത്തിയ ടാക്സി ബൈക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ ബൈക്ക് മറ്റൊരു കാറിന് അടിയിൽ പെടുകയായിരുന്നു.
Kerala
കൊച്ചി: കൊച്ചിയില്‍ വായു ഗുണനിലവാരം അപകടകരമായ നിലയില്‍ തുടരുന്നു. രാവിലെ കാണപ്പെടുന്ന പുകമഞ്ഞ് വെയില് വീഴുന്നതോടെ കുറയുമെങ്കിലും വൈകുന്നേരത്തോടെ വീണ്ടും കൂടിവരുന്ന പ്രവണതയാണു നിലവിൽ.
ഇന്നലെ രാവിലെ ഏഴിന് വായു നിലവാരമൂല്യം 194 ആയിരുന്നു. ഉച്ചയ്ക്ക് 12ഓടെ ഇത് 136 ആയി താഴ്ന്നെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ഉയര്‍ന്നു. പുതുവത്സരാഘോഷം പൊടിപൊടിച്ച കൊച്ചിയില്‍ കരിമരുന്ന് പ്രയോഗങ്ങളടക്കം പൊതുസ്ഥലങ്ങളില്‍ നടന്നതിനു പിന്നാലെയാണ് വായു ഗുണനിലവാരത്തിലെ അപകടാവസ്ഥ.
വായു ഗുണനിലവാരം 101 മുതല്‍ 200 വരെ രേഖപ്പെടുത്തുന്ന അളവുകള്‍ രോഗങ്ങള്‍ക്കു വഴിവയ്ക്കുന്നവയാണ്. വായു ഗുണനിലവാരം മോശമായി തുടരുമ്പോഴും ശ്വസിക്കുന്ന വായുവിന്റെ ഗുണനിലവാരം ജനങ്ങളെ അറിയിക്കേണ്ട മലിനീകരണ നിയന്ത്രണ ബേര്‍ഡിന്റെ വൈറ്റിലയിലെയും അമ്പലമുകളിലെയും എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനരഹിതമായിട്ട് നാളുകളായി. അന്തരീക്ഷത്തിലും ഭൂമിശാസ്ത്രപരമായും വരുന്ന മാറ്റങ്ങളാണ് പുകമഞ്ഞ് തങ്ങിനില്ക്കാന് കാണമാകുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ പുതുവത്സരാഘോഷം അരങ്ങേറിയ ഫോര്‍ട്ട് കൊച്ചിയില്‍ ആഘോഷത്തിനു പിന്നാലെ മാലിന്യവും പൊടിശല്യവും രൂക്ഷമായിരുന്നു.
ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലെ വിവിധയിടങ്ങളില്‍ പതിവിനു വിപരീതമായി അനുഭവപ്പെട്ട വാഹനത്തിരക്ക് അന്തരീക്ഷവായു മോശമാകുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. വ്യവസായകേന്ദ്രമായ ഏലൂരിലും അമ്പലമുകളിലുമാണ് ഏറ്റവും മോശം സാഹചര്യം.
Business
കൊച്ചി: ഗോദ്റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ സെക്യൂരിറ്റി സൊല്യൂഷന്‍സ് വിഭാഗം ഇടപ്പള്ളിയില്‍ പുതിയ എക്സ്ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ചു.
ഇടപ്പള്ളിയിലെ എന്‍എച്ച് 66ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓവര്‍സീസ് ബ്രാഞ്ചിനു സമീപം കണയന്നൂര്‍ ജെ വാര്‍ഡ് നമ്പര്‍ 46ല്‍ ഡോര്‍ നമ്പര്‍ 2761ലാണ് ഈ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നതിനും ഹോം ലോക്കര്‍, സ്ഥാപന വിഭാഗങ്ങളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുമുള്ള ലക്ഷ്യത്തോടെയാണിത്.
സ്വര്‍ണാഭരണ വിനിമയത്തിന്റെയും വ്യാപാരത്തിന്റെയും പ്രധാന കേന്ദ്രമെന്ന നിലയില്‍ കൊച്ചി അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ക്കായുള്ള തന്ത്രപരമായ വിപണിയാണ്.
വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കുമായി വിപുലമായ അത്യാധുനിക സുരക്ഷാ ഉത്പന്നങ്ങള്‍ ഈ പുതിയ സ്റ്റോറില്‍ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Kerala
കൊച്ചി: ആട് മൂന്ന് ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തിൽ നടൻ വിനായകന് പരിക്ക്. ജീപ്പ് ഉപയോഗിച്ചുള്ള സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേറ്റത്.
തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. എംആര്‍ഐ സ്കാനിൽ പേശികള്‍ക്ക് സാരമായ ക്ഷതം കണ്ടെത്തിയതോടെ ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചു.
മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്യുന്ന ആട് മൂന്ന് എന്ന ബിഗ് ബജറ്റ് എപിക് ഫാന്റസി ചിത്രം 2026 മാർച്ച് 19ന് പ്രദർശനത്തിനെത്തും.
Kerala
കൊച്ചി: മേയർ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനു പിന്നാലെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്. മേയറോ എംഎൽഎയോ എംപിയോ ആകാനല്ല പാർട്ടിയിൽ വന്നത്. സ്ഥാനമാനങ്ങളല്ല പ്രസ്ഥാനമാണ് വലുത്.
വലിയ രാഷ്ട്രീയ പ്രസ്ഥാനമാകുമ്പോൾ തെറ്റുകളുണ്ടാകാം. അതു തിരുത്താൻ തയാറാകണം. മേയർ സ്ഥാനത്തേക്ക് ചിലർക്ക് ലഭിച്ച പിന്തുണയെപ്പറ്റി നേതൃത്വം പറയുന്നത് വിശ്വസിക്കേണ്ടവർക്ക് വിശ്വസിക്കാം.
അല്ലാത്തവർക്ക് വിശ്വസിക്കാതിരിക്കാം. കെപിസിസി എന്തു തീരുമാനമെടുത്താലും അംഗീകരിക്കുമെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. അതേസമയം ദീപ്തിയെ തഴഞ്ഞതിൽ പ്രതിഷേധം ശക്തമാകുകയാണ്.
Kerala
കൊച്ചി: തദ്ദേശതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ ബാലറ്റുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. കൊച്ചി കോർപറേഷനിൽ എൽഡിഎഫ് അഞ്ചു സീറ്റിലും യുഡിഎഫ് നാലു സീറ്റിലും ലീഡു ചെയ്യുകയാണ്. എൽഡിഎഫിന്റെ ശക്തികേന്ദ്രമായ പശ്ചിമ കൊച്ചിയിലാണ് ഇപ്പോൾ വോട്ടെണ്ണൽ നടക്കുന്നത്.
Business
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശക്തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്ത്രീകളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടു സംഘടിപ്പിക്കുന്ന ഷീ പവർ 2025 വനിതാ ഉച്ചകോടി 18ന് കൊച്ചി ഹോട്ടൽ റിനെയിൽ നടക്കും.രാവിലെ 9.30ന് ആരംഭിക്കുന്ന ഉച്ചകോടി വൈകുന്നേരം 5.30ന് സമാപിക്കും.
സംരംഭകർക്കും പ്രഫഷണലുകൾക്കും വീട്ടമ്മമാർക്കും പ്രയോജനപ്പെടുന്ന ഉച്ചകോടിയിൽ സാമ്പത്തിക ഭദ്രത, തൊഴിൽമേഖലയിലെ എഐ സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്തിഗത ആരോഗ്യം, സ്ത്രീകൾക്കു തുടങ്ങാവുന്ന സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
ആധുനികകാലത്തെ വെല്ലുവിളികളെ നേരിടാൻ സ്ത്രീകളെ പ്രാപ്തരാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് സംഘാടകയായ നിഷ കൃഷ്ണൻ അറിയിച്ചു. പങ്കെടുക്കാൻ shepower.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 9400816700.
Kerala
കൊച്ചി: അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ചു നാളെ കൊച്ചി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഫ്ലൈവിംഗ്സ് മെഗാഷോ നടക്കും.
കേരളം, തമിഴ്നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍നിന്നായി 200-ലേറെ ഭിന്നശേഷി കലാപ്രവർത്തകർ അവതരിപ്പിക്കുന്ന സംഗീത, നൃത്ത, ഹാസ്യപരിപാടികൾ വൈകുന്നേരം നാലിന് ആരംഭിക്കും.
കലയിലൂടെ പരിമിതികള്‍ മറികടക്കുക എന്നതാണ് പ്രമേയം. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്സ്, ലയണ്‍സ് ക്ലബ്, വിവിധ കോളജുകള്‍ എന്നിവയുടെ സഹകരണത്തോടെയാണു പരിപാടിയെന്നു മെഗാഷോ ഡയറക്ടർ സൈമണ്‍ ജോര്‍ജ് അറിയിച്ചു. പ്രവേശനം സൗജന്യം.
2010 മുതല്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷി സൗഹൃദ കലാ പ്ലാറ്റ്ഫോമാണ് ഫ്ലൈവിംഗ്സ്. മുത്തൂറ്റ് ഫിനാന്‍സ്, ആസ്റ്റര്‍ മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ പിന്തുണയും പരിപാടിക്കുണ്ട്. ഫോൺ- 73569 20695.
Kerala
കൊച്ചി: കളമശേരിയില്‍ ഷൺഡിംഗിനിടെ ചരക്ക് ട്രെയിനിന്റെ എന്ജിന് പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. എഫ്എസിടിയിലെ ചരക്ക് കൊണ്ടുപോകുന്ന ട്രെയിന്റെ എൻജിനാണ് നിയന്ത്രണം തെറ്റി ഇലക്ട്രിക് പോസ്റ്റിലിടിച്ചത്.
അപകടത്തെ തുടര്‍ന്ന് പല ട്രെയിനുകളും ഏറെ വൈകിയാണ് സ്റ്റേഷനുകളില്‍ എത്തിയത്. ഉച്ചയ്ക്ക് 2.30 ടെ കളമശേരിയില്‍ നിന്ന് സര്‍വീസ് തുടങ്ങുമ്പോഴായിരുന്നു അപകടം. ഷണ്‍ഡിംഗ് ചെയ്യുന്നതിനിടയില്‍ എന്ജിന് പാളം അവസാനിക്കുന്നതിനിടത്തുള്ള ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോയി ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
പിന്നാലെ തൃശൂരിലേക്കുള്ള റെയില്‍വേ ട്രാക്കില്‍ ഗതാഗതം നിലച്ചു. ഇതോടെ സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തളം തെറ്റി. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പണി പൂര്‍ത്തിയാക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവു കടത്തിയത് സുഖ്ലാലെന്ന് പോലീസ്. റെയില്‍വേ സ്റ്റേഷനില്‍ വില്പനയ്ക്കെത്തിച്ച 56 കിലോ കഞ്ചാവുമായി റെയില്‍വേയിലെ ഒരു കരാര്‍ ജീവനക്കാരനെയും രണ്ട് എറണാകുളം സ്വദേശികളെയും എറണാകുളം റെയില്‍വേ പോലീസാണ് പിടികൂടിയത്. കരാര്‍ ജീവനക്കാരനായ ആസാം സ്വദേശി സുഖ്ലാൽ, കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ സനൂപ്, ദീപക് എന്നിവരാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ടാറ്റ നഗര്‍ എക്സ്പ്രസില്‍ ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. വിജയവാഡയില്‍ നിന്ന് സുഖ്ലാല് എത്തിച്ച കഞ്ചാവ് വാങ്ങാൻ എത്തിയതായിരുന്നു സനൂപും ദീപക്കും. മുമ്പും സമാനരീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Kerala
കൊച്ചി: കനത്ത മഴയെ തുടർന്ന് കൊച്ചി നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഞായറാഴ്ച ഉച്ചയ്ക്കുശേഷം പെയ്ത മഴയിൽ എംജി റോഡ്, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം ഉൾപ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി.
പലയിടങ്ങളിലും വൈദ്യുതി വിതരണവും തടസപ്പെട്ടു. കടയ്ക്കുള്ളിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ വ്യാപാരികളും പ്രതിസന്ധിയിലായി. തൃശൂർ ചാലക്കുടിയിൽ ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.
അന്ന ജോൺസൺ (11) ഐറിൻ ബിജു (16) എന്നിവർക്ക് പരിക്കേറ്റത്. റോഡിലൂടെ സൈക്കൾ ചവിട്ടുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞ് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.
Kerala
കൊച്ചി: മസാജ് പാര്‍ലറില്‍നിന്നു മാല മോഷ്ടിച്ചെന്നാരോപിച്ചു സിവില്‍ പോലീസ് ഓഫീസറില്‍നിന്ന് നാലുലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ബൈജുവിനെതിരെ കേസ്. സ്പാ നടത്തിപ്പുകാരി രമ്യ, ഇവരുടെ സഹായി എ. ഹിഷാം എന്നിവര്‍ക്കെതിരെയും പാലാരിവട്ടം പോലീസ് കേസെടുത്തു.
പാലാരിവട്ടം മെഡിക്കല്‍ സെന്ററിന് സമീപം പ്രവര്‍ത്തിക്കുന്ന സ്വകാര്യ മസാജ് സെന്ററില്‍ ഈ മാസം എട്ടിനാണ് സിപിഒ എത്തിയത്. ഇയാളെ അടുത്ത ദിവസം രാവിലെ ഫോണില്‍ വിളിച്ച രമ്യ ആറര ലക്ഷം രൂപ ആവശ്യപ്പെട്ടു.
മസാജ് തുടങ്ങുന്നതിന് മുമ്പ് താന്‍ മേശപ്പുറത്ത് ഊരിവച്ച ആറര ലക്ഷം രൂപയുടെ താലിമാല കാണാതായെന്നും സിപിഒ ആണ് അതെടുത്തതെന്നും വിളിച്ചറിയിച്ചു. പണം തന്നില്ലെങ്കില്‍ ഭാര്യയോടും വീട്ടുകാരോടും പറയുമെന്നും ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് ഷിഹാമും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. പിന്നീട് എസ്ഐ മുഖേന പണം കൈമാറി. എസ്ഐ ബൈജുവിനു മസാജ് പാര്‍ലര്‍ നടത്തിപ്പുകാരുമായി ബന്ധമുണ്ടെന്നാണ് ആരോപണം. സംഭവത്തില്‍ ഇന്നലെ രാത്രിയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ബീഹാര്‍ സീതാമരി സ്വദേശികളായ സിറാജുദീന്‍ (35), ഫൈസല്‍ ഷേക്ക് (20) എന്നിവരാണ് പിടിയിലായത്.
ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലൈനിന് സമീപത്ത് നിന്നാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.
പിടിയിലായ പ്രതികളില്‍ നിന്ന് 4.084 ഗ്രാം കഞ്ചാവും 1.75 ഗ്രാം ബ്രൗണ്‍ ഷുഗറും 28,600 രൂപയും കണ്ടെടുത്തു.
Kerala
കൊച്ചി: വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എംപി. പൊതുസംവിധാനത്തെ കാവിവത്കരിക്കുന്നതിന്റെ ഭാഗമാണിത്.
വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയെന്നും എംപി പറഞ്ഞു. റെയിൽവേയെ രാഷ്ട്രീയ ആശയ പ്രദർശനത്തിന്റെ വേദിയാക്കിയത് ദൗർഭാഗ്യകരമാണ്. അടിയന്തര അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണം.
ദേശീയ സങ്കൽപ്പങ്ങളെ അപമാനിക്കുന്നതാണിതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. എറണാകുളം- ബംഗളൂരു വന്ദേഭാരത് സർവീസ് ഉദ്ഘാടനത്തിനിടെയാണ് വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയത്.
Kerala
കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു. 49-ാം വാര്‍ഡ് കൗണ്‍സിലറായ സുനിത ഡിക്സനാണ് ബിജെപിയില്‍ ചേര്‍ന്നത്.
കൊച്ചിയിൽ നടന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വമെടുത്തു. മുൻപ് കോൺഗ്രസിലായിരുന്ന സുനിത ഡിക്സൺ 2010 ൽ വൈറ്റിലയിൽ നിന്ന് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2015 ൽ ഇവർ കോൺഗ്രസ് വിമതയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ തവണ ആർഎസ്പി സ്ഥാനാർഥിയായാണ് ഇവർ നഗരസഭയിലേക്ക് ജയിച്ചത്. സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കണമെന്നതിന്റെ ഭാഗമായാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് സുനിത പറഞ്ഞു.
Sports
കൊച്ചി: ആയാസമുള്ളതിനെ അനായാസം കീഴടക്കുന്നതിലെ ത്രിൽ ഒന്നു വേറെ തന്നെ. ആ ത്രില്ലിനെ തൊട്ടറിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് കൊച്ചിയിലെ ഈ ഐആര്‍എസ് ഉദ്യോഗസ്ഥന്. ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കായിക ഇനങ്ങളിലൊന്നായ മലേഷ്യന്‍ ട്രയാത്തലണ്‍ നിശ്ചിതസമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയ ഇദ്ദേഹത്തിന് മലേഷ്യന്‍ അയണ്മാന് പട്ടം സ്വന്തം. കൊച്ചിയിലെ ജിഎസ്ടി ആന്‍ഡ് കസ്റ്റംസ് അഡീ. കമ്മീഷണര്‍ ജോമി ജേക്കബാണ് അപൂര്‍വനേട്ടം തന്റെ പേരിലാക്കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് 607 പേര് പങ്കെടുത്ത മത്സരത്തിലാണ് ഈ നേട്ടം.
മലഞ്ചെരിവിലൂടെ സൈക്കിളിൽ
കടലിലും മലഞ്ചെരിവിലും റോഡിലുമായി മൂന്നു ഘട്ടങ്ങളിലായാണ് ട്രയാത്തലണ്‍ പൂര്‍ത്തിയാക്കിയത്. കടലില്‍ 3.8 കിലോമീറ്റര്‍ നീന്തല്‍, 180 കിലോമീറ്റര്‍ മലഞ്ചെരുവിലൂടെ സൈക്കിളിംഗ്, 42.2 കിലോമീറ്റര്‍ ഫുള്‍ മാരത്തണ്‍ എന്നിവയായിരുന്നു മലേഷ്യന്‍ അയണ്മാന് കിരീടനേട്ടത്തിലേക്കുള്ള കഠിനവഴികള്‍. ഇത്രയും 17 മണിക്കൂറിനുള്ളിലാണ് പൂര്‍ത്തിയാക്കേണ്ടത്. എന്നാല്‍, ജോമിക്ക് ഇതിനു വേണ്ടിവന്നത് 14.19 മണിക്കൂര്‍ മാത്രം. മലേഷ്യന്‍ ട്രയാത്തലണ്‍ കേരളത്തില്‍നിന്നുള്ള മത്സരാര്‍ഥി ജോമി മാത്രമായിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയത് 705ല്‍ 35 പേരാണ്.
മൂന്നു മാസം പെരിയാറിൽ
സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ലങ്കാവിയില്‍ നടന്ന ട്രയാത്തലണിലേക്കെത്തിച്ചത്. നേരത്തെ ഡെന്മാര്ക്കില് നടന്ന ട്രയാത്തലണിലും മത്സരിച്ചു കോപ്പന്‍ഹേഗന്‍ അയണ്മാന് പട്ടം നേടിയിട്ടുണ്ട്. മൂന്നു മാസത്തോളം പെരിയാറിലും പുതുവൈപ്പിലെ കടലിലും കൂടാതെ, സൈക്കിളിംഗിലും തീവ്രപരിശീലനം പൂര്‍ത്തിയാക്കിയാണ് മലേഷ്യയിലേക്കു തിരിച്ചത്. റാന്നി സ്വദേശിയായ ജോമി കൊച്ചി കാക്കനാടാണ് സ്ഥിരതാമസം. ഡോ. അനു ഉണ്ണിയാണു ഭാര്യ. ജോ ആനും ജോര്‍ദനും മക്കളാണ്.
യൂറോപ്പിലെ അയണ്മാന് മത്സരങ്ങളേക്കാള്‍ കഠിനമാണ് മലേഷ്യയിലേതെന്നു ജോമി പറയുന്നു. കഠിനപരിശീലനവും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും കൃത്യമെങ്കില്‍ അസാധ്യമെന്നു കരുതുന്നതു പലതും നേടിയെടുക്കാമെന്നും അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍.
Kerala
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കൊച്ചിയിൽ സന്ദർശനം നടത്തും. എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നു മുഖ്യാതിഥിയാകും. കോട്ടയത്തുനിന്നു ഹെലികോപ്റ്ററിൽ 11.30ന് എത്തുന്ന രാഷ്ട്രപതിക്കു കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ സ്വീകരണം നൽകും.
തുടർന്ന് റോഡ് മാർഗം 11.55നു കോളജിലെത്തി ചടങ്ങിനു ശേഷം 1.20നു നാവികസേനാ ഹെലിപ്പാഡിൽ മടങ്ങിയെത്തുന്ന രാഷ്ട്രപതി ഹെലികോപ്റ്ററിൽ 1.45നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തും. ഇവിടെനിന്ന് 1.55നു പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്കു തിരിക്കും.
ഇന്നലെ ശിവഗിരിയിലെയും പാലായിലെയും പരിപാടികൾക്കുശേഷം കുമരകത്തെ താജ് റിസോർട്ടിലാണു രാഷ്ട്രപതി താമസിച്ചത്. രാജ്ഭവനിൽ രണ്ട് ദിവസം താമസിച്ച രാഷ്ട്രപതിക്ക് അയ്യപ്പവിഗ്രഹം സമ്മാനിച്ചാണു ഗവർണർ രാജേന്ദ്ര ആർലേക്കർ യാത്രയാക്കിയത്. രാജ്ഭവന്റെ ചിത്രമുള്ള ഉപഹാരവും സമ്മാനിച്ചു.
NRI
തിരുവനന്തപുരം: കേരളത്തിന് മൂന്നാം വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ച് റെയിൽവേ. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിനും തിരികെയുമാണ് പുതിയ സർവീസ്.
നവംബർ മധ്യവാരത്തോടെ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. സർവീസ് ആരംഭിക്കുന്ന വിവരം അശ്വിനി വൈഷ്ണവ് എക്സിൽ കുറിച്ചിട്ടുമുണ്ട്.
ഐടി മേഖലയിൽ അടക്കം ആയിരക്കണക്കിന് മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബംഗളൂരു. അവിടേക്ക് കേരളത്തിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് ഒരു മാസം മുമ്പ് മന്ത്രിയെ നേരിൽ കണ്ട് രാജീവ് ചന്ദ്രശേഖർ അഭ്യർഥന നടത്തിയിരുന്നു.
ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിൽ അദ്ദേഹം മന്ത്രിക്ക് നന്ദിയും അറിയിച്ചു. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് എറണാകുളം - ബംഗളൂരു റൂട്ടിലാണ്.
മാത്രമല്ല മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിതമായ യാത്രാക്കൂലിയും നൽകേണ്ടി വരുന്നു. പുതിയ വന്ദേ ഭാരത് സർവീപ് ബംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്നുണ്ടായ പരിസ്ഥിതി നാശത്തിന് 9,531 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
മുങ്ങിയ കപ്പലില്‍ നിന്ന് എണ്ണ ചോരുകയും കണ്ടെയ്നറുകളിലെ രാസ വസ്തുക്കളടക്കം സമുദ്രത്തില്‍ കലരുകയും ചെയ്തത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക യാഥാര്‍ഥ്യത്തിന് നിരക്കുന്നതല്ലെന്നാണ് കപ്പല്‍ കമ്പനിയുടെ വാദം.
അപകടം നടന്നിട്ടുള്ളത് സംസ്ഥാന സമുദ്രാതിര്‍ത്തിയില്‍ നിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെയായതിനാല്‍ കേരള സര്‍ക്കാറിന് അഡ്മിറാലിറ്റി സ്യൂട്ട് നല്കാന് അധികാരമില്ലെന്നും കമ്പനി വ്യക്തമാക്കി.
കപ്പല്‍ കമ്പനിയുടെ വാദം പൂര്‍ത്തിയായെങ്കിലും മറ്റ് കക്ഷികളുടെ വാദം തുടരാനായി ജസ്റ്റീസ് എം.എ. അബ്ദുല്‍ ഹക്കീം ഹര്‍ജി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Kerala
കൊച്ചി: കൊച്ചിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാലക്കാട് സ്വദേശിയായ യുവാവിനെയാണ് 57 ഗ്രാമിലേറെ എംഡിഎംഎയുമായി പിടികൂടിയത്. പാലക്കാട് ചെർപുളശേരി വാഴൂർ പാറക്കാടൻ വീട്ടിൽ അബ്ദുൾ മഹറൂഫ് (27) ആണ് പിടിയിലായത്.
ഓണാഘോഷമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ വ്യാപകമായി ലഹരി ഇടപാട് നടക്കാൻ സാധ്യതയുള്ളത് മുൻനിർത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കൊച്ചിയിലെ ഇടപാടുകാർക്ക് വിൽക്കാനായി കൊണ്ടുവന്നതാണ് എംഡിഎംഎ എന്നാണ് വിവരം. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.