കൊച്ചി: കലൂരിൽ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ യുവാക്കൾ മർദിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. സംഭവത്തിലെ മുഖ്യപ്രതി പാലക്കാട് സ്വദേശിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കലൂർ ചക്കാലപ്പാടം റോഡിൽ ഇന്ന് പുലർച്ചെ 4.30 ഓടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന പെൺകുട്ടികളാണ് മർദനത്തിന് ഇരയായത്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പെൺകുട്ടി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
പാർട്ട്ടൈം ആയി ജോലി ചെയ്യുന്ന പെൺകുട്ടികൾ പുലർച്ചെ റൂമിലേക്ക് നടന്നുപോകുമ്പോഴാണ് വഴിയിൽ തങ്ങിനിന്ന സംഘം ലൈംഗികച്ചുവയോടെ സംസാരിക്കുകയും അശ്ലീല പരാമർശങ്ങൾ നടത്തുകയും ചെയ്തത്. ഇത് ചോദ്യം ചെയ്ത പെൺകുട്ടികൾ അക്രമികളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിച്ചു.
ഇതോടെ അക്രമിസംഘം പെൺകുട്ടിയുടെ കൈ തിരിച്ചുപിടിച്ച് ഫോൺ തട്ടിയെടുത്ത് നിലത്തടിച്ചുടച്ചു. തുടർന്ന് പെൺകുട്ടികളിൽ ഒരാളുടെ മുടിയിൽ കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുകയും നെഞ്ചിലും വയറിലും ബൂട്സിട്ട് ചവിട്ടുകയും ചെയ്തു. ആക്രമണത്തിനിടെ പോൺകുട്ടികളുടെ
വസ്ത്രം വലിച്ചുകീറാനും ശ്രമമുണ്ടായിരുന്നു.
അതേസമയം ആശുപത്രിയിൽ പെൺകുട്ടിയുടെ മൊഴിയെടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളുടെ പെരുമാറ്റം ബുദ്ധിമുട്ടുണ്ടാക്കിയെന്നും പരാതിയുണ്ട്. പുലർച്ചെ പുറത്തുപോയത് എന്തിനാണെന്നും ധരിച്ച വസ്ത്രത്തെക്കുറിച്ചുമാണ് പോലീസ് ചോദിച്ചതെന്നും പെൺകുട്ടിയുടെ സുഹൃത്ത് പറഞ്ഞു.
Tags : 3 arrested kochi girls assaulted