National
ചത്രപതി സംഭാജിനഗർ: ജെൻ സി യുവാക്കളെ സംബന്ധിച്ച കാര്യത്തിൽ ബിജെപി, ‘ഗോഡ്ഫാദർ’ ആയ ആർഎസ്എസ് ചീഫ് മോഹൻ ഭാഗവതിനെ കേൾക്കാൻ തയാറാകണമെന്ന് കോക്രോച്ച് ജനതാ പാർട്ടി(സിജെപി) കൺവീനർ അഭിജിത് ദീപ്കെ.
മുംബൈയിൽ ജെൻ സി യുവാക്കളോടു സംവദിച്ചുകൊണ്ട് ഭാഗവത് നടത്തിയ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ദീപ്കെ. ജെൻ സി യുവാക്കളെ രാജ്യവിരുദ്ധരും തീവ്രവാദികളുമായി കണക്കാക്കരുതെന്നും അവരെ കേൾക്കാൻ തയാറാകണമെന്നുമാണ് ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞത്.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരേ യുവാക്കൾ ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധം അവരുടെ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ഉടലെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. സിജെപി പ്രതിഷേധം മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ചതിനു ശേഷം ആർഎസ്എസ് പ്രമുഖൻ നടത്തിയ ജെൻ സി അനുകൂല പ്രതികരണത്തിനു വൻ വാർത്താപ്രാധാന്യമാണു കൈവന്നത്.
നേരത്തെ ബിജെപി പ്രസിഡന്റ് തങ്ങളെ വൈറസ് എന്നാണു വിളിച്ചതെന്ന് ദീപ്കെ ഓർമിപ്പിച്ചു. “മുൻ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തീവ്രവാദികളുടെ ബി ടീമായി വിശേഷിപ്പിച്ചു. ഇവരെല്ലാംതന്നെ മാർഗദർശിയും താത്വികാചാര്യനുമായ മോഹൻ ഭാഗവതിനെ കേൾക്കണമെന്നാണ് തങ്ങൾക്ക് പറയാനുള്ളത്.
ഇവർ ഇത് കേൾക്കുന്നില്ല എന്നത് ആശങ്കയുണ്ടാക്കുന്നു. കാരണം, ബിജെപിയുടെ നിലപാടുകളും ഭാഗവതിന്റെ കാഴ്ചപ്പാടുകളും ഇപ്പോഴും വിരുദ്ധധ്രുവങ്ങളിലാണ് നീങ്ങുന്നത്” അദ്ദേഹം കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: സാമൂഹിക വിവേചനവും അസമത്വവും നിലനിൽക്കുന്നിടത്തോളം കാലം രാജ്യത്ത് സംവരണ സംവിധാനം തുടരുമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. എന്നാൽ, സംവരണത്തിന്റെ ആനുകൂല്യങ്ങൾ നേടി സമൂഹത്തിൽ സാമ്പത്തിക-സാമൂഹിക പുരോഗതി കൈവരിച്ച കുടുംബങ്ങൾ, അതേ വിഭാഗത്തിലെ പിന്നാക്കം നിൽക്കുന്ന മറ്റുള്ളവർക്കായി ആനുകൂല്യങ്ങൾ സ്വമേധയാ ഉപേക്ഷിക്കാനോ വച്ചുമാറാനോ തയാറാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ചരിത്രപരമായ നീതിനിഷേധങ്ങളും സാമൂഹിക അസമത്വങ്ങളും പൂർണമായി പരിഹരിക്കപ്പെടുന്നതുവരെ സംവരണം അനിവാര്യമാണ്. ഇതിൽ ആർഎസ്എസിന് യാതൊരുവിധ എതിരഭിപ്രായവുമില്ലെന്ന് മോഹൻ ഭാഗവത് വ്യക്തമാക്കി. സംവരണത്തിന്റെ സഹായത്താൽ ഉന്നത നിലയിലെത്തിയവരും ഒന്നിലധികം തലമുറകളായി അതിന്റെ ആനുകൂല്യം അനുഭവിച്ചവരും സ്വന്തം വിഭാഗത്തിലെ കൂടുതൽ നിർധനരായവർക്കായി ആനുകൂല്യങ്ങൾ വിട്ടുനൽകാൻ മുന്നോട്ടുവരണം.
കേവലം നിയമപരമായ സംവരണം കൊണ്ട് മാത്രം കാര്യമില്ലെന്നും, പൊതുസമൂഹത്തിന്റെ ചിന്താഗതിയിൽ മാറ്റം വരികയും സാമൂഹിക സമത്വം കൈവരിക്കുകയും ചെയ്യുമ്പോഴേ വിവേചനങ്ങൾ പൂർണമായി ഇല്ലാതാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
മുംബൈ: എൽജിബിടിക്യുഐഎ വിഭാഗത്തിൽപ്പെടുന്നവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അവർക്ക് അർഹമായ ആദരവോടെയുള്ള പരിഗണന നൽകണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മുംബൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈംഗികതയോ വ്യക്തിത്വമോ നോക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരമാണ് ഇന്ത്യയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ഒന്നിച്ച് ജീവിക്കുന്നതും പരമ്പരാഗത വിവാഹസങ്കൽപ്പവും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരതീയ പാരമ്പര്യത്തിൽ 'വിവാഹം' എന്നത് കേവലം രണ്ടു വ്യക്തികൾ തമ്മിൽ ജീവിക്കാനുള്ള കരാറല്ല, മറിച്ച് ഒരു കുടുംബം ഉണ്ടാക്കാനും വരുംതലമുറകളെ വളർത്താനുമുള്ള പവിത്രമായ സാമൂഹിക സ്ഥാപനമാണ്.
നിലവിലുള്ള വിവാഹ നിയമങ്ങളിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തുന്നതിനെ അദ്ദേഹം എതിർത്തു. നിയമങ്ങളല്ല സമൂഹത്തെ നിർണയിക്കുന്നത്, മറിച്ച് സമൂഹമാണ് നിയമങ്ങളെ ഉണ്ടാക്കുന്നത്. ആവശ്യമായ സാമൂഹിക പക്വതയോ തയ്യാറെടുപ്പോ ഇല്ലാതെ വിവാഹസങ്കൽപ്പങ്ങളിൽ മാറ്റം വരുത്തുന്നത് വലിയ സാമൂഹിക തർക്കങ്ങൾക്കും പ്രത്യാഘാതങ്ങൾക്കും വഴിതുറക്കുമെന്ന് മോഹൻ ഭാഗവത് മുന്നറിയിപ്പ് നൽകി.
സ്വവർഗ ദമ്പതികൾക്ക് ഒന്നിച്ചു ജീവിക്കുന്നതിനും നിയമപരമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനുമായി പരമ്പരാഗത വിവാഹ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിന് പകരം, അവർക്കായി പ്രത്യേക നിയമനിർമാണം കൊണ്ടുവരുന്നതാണ് ഉചിതമെന്ന് അദ്ദേഹം നിർദേശിച്ചു. കൂടാതെ, രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം തുല്യ പങ്കാളിത്തവും പരിശീലനവും ഉറപ്പാക്കണമെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി.
National
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും മറ്റ് വിഷയങ്ങളിലും 'ജെൻ സി' തലമുറ നടത്തുന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്. ജെൻ സിയുടെ പരാതികൾ ന്യായമാണെന്നും ജനാധിപത്യത്തിൽ അഭിപ്രായ ഐക്യത്തിലെത്താനുള്ള വഴിയാണ് പ്രതിഷേധങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. ഐഐഎംയുഎൻ സംഘടിപ്പിച്ച യൂത്ത് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധിക്കുന്ന യുവതലമുറ രാജ്യവിരുദ്ധരല്ലെന്നും അവരും നമ്മുടെ ആൾക്കാരാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നവരോടും സമരം ചെയ്യുന്നവരോടും പരസ്പര ബഹുമാനത്തോടും തുറന്ന മനസോടെയുമാണ് സമീപിക്കേണ്ടത്. അധികാരികളിൽ നിന്ന് യുക്തിസഹമായ ഉത്തരങ്ങളാണ് അവർ പ്രതീക്ഷിക്കുന്നതെന്നും മോഹൻ ഭാഗവത് പറഞ്ഞു.
വിദ്യാഭ്യാസം എന്നത് കച്ചവടമല്ലെന്നും അത് എല്ലാവർക്കും ലഭ്യമാകുന്ന രീതിയിൽ ക്രമീകരിക്കേണ്ടതാണെന്നും ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു. യുവജനങ്ങൾക്ക് നേരെ നടക്കുന്ന ലാത്തിച്ചാർജ് അടക്കമുള്ള നടപടികളെക്കുറിച്ചുള്ള ചോദ്യത്തിന്, പൂർണവിവരങ്ങൾ ലഭ്യമല്ലെങ്കിലും താൻ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും നോക്കിക്കാണുന്നത് 'ജെൻ സി' തലമുറയെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
National
മുംബൈ: ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് ഓഗസ്റ്റ് ആറിന് മുംബൈയിൽ 'ജെൻ സി' 'ജെൻ ആൽഫ' തലമുറയിലെ വിദ്യാർത്ഥികളുമായി സംവദിക്കും. മുംബൈയിലെ നീതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര പ്രസ്ഥാനമായ 'ഇന്ത്യൻസ് ഇന്റർനാഷണൽ മൂവ്മെന്റ് ടു യുണൈറ്റഡ് നേഷൻസിന്റെ' (ഐഐഎംയുഎൻ) 15-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന വാർഷിക ചാമ്പ്യൻഷിപ്പ് കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിലാണ് മോഹൻ ഭാഗവത് പങ്കെടുക്കുന്നത്.
ഇന്ത്യയിലെ നൂറിലധികം നഗരങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലധികം ഹൈസ്കൂൾ വിദ്യാർത്ഥികളാണ് ഈ വലിയ സംഗമത്തിൽ പങ്കെടുക്കുന്നത്. പുതിയ തലമുറയെ വഴിനടത്തുന്നതിലും അവരുടെ ആശയങ്ങൾ കേൾക്കുന്നതിലുമാണ് യഥാർത്ഥ നേതൃത്വം അടങ്ങിയിരിക്കുന്നതെന്ന് ചടങ്ങിനെക്കുറിച്ച് ഐഐഎംയുഎൻ സ്ഥാപകൻ ഋഷഭ് ഷാ പ്രതികരിച്ചു. രാജ്യത്തിന്റെ ഈ നിർണായക ഘട്ടത്തിൽ തങ്ങളുടെ ക്ഷണം സ്വീകരിച്ച് സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ സമ്മതിച്ചതിന് അദ്ദേഹം മോഹൻ ഭാഗവതിന് നന്ദി അറിയിച്ചു.