Kerala
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. സുപ്രീംകോടതിയുടെ നിർദേശ പ്രകാരമാണ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചത്.
ഇന്ന് രാവിലെ മുതൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പോലീസിന്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവയ്ക്കുകയായിരുന്നു. സ്ഥലത്ത് വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്.
അതേസമയം, സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന പ്രതിഷേധം വാർത്തയായതോടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വിഷയത്തിൽ ഇടപെട്ടു. കൊച്ചി പോലീസിനോട് നടപടി നിർത്തിവയ്ക്കാൻ ചെന്നിത്തല നിർദേശം നൽകി. അടിയന്തരമായി നടപടികൾ നിർത്തിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഇതോടെ പ്രദേശത്ത് നിന്ന് പോലീസ് പിരിഞ്ഞുപോയി. നിലവിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണിത്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. എന്നാൽ പ്രതിഷേധം മൂലം ഉത്തരവ് നടപ്പാക്കാനായിരുന്നില്ല.
National
ന്യൂഡൽഹി: കേന്ദ്ര വിവരാവകാശ കമ്മീഷനിലെ (സിഐസി) ഒഴിവുകളിലേക്ക് ഉന്നതതല സമിതി നിർദേശിച്ച എട്ടിൽ അഞ്ചുപേരും പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരാണെന്ന് സർക്കാർ സ്രോതസുകൾ.
ചുരുക്കപ്പട്ടികയിലെ പേരുകളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ സമൂഹങ്ങളിൽനിന്നുള്ള പ്രാതിനിധ്യം കുറവാണെന്നു ചൂണ്ടിക്കാട്ടി നിയമനസമിതിയിലെ അംഗമായ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം സർക്കാർ നിർദേശിച്ച പേരുകളിൽ വിയോജിപ്പ് അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രസ്രോതസുകളുടെ വിശദീകരണം.
സിഐസിയിലെ മുഖ്യ വിവരാവകാശ കമ്മീഷണറടക്കം എട്ടു വിവരാവകാശ കമ്മീഷണർമാരെയും ഒരു വിജിലൻസ് കമ്മീഷണറെയും (സിവിസി) തെരഞ്ഞെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിലാണ് രാഹുൽ ഗാന്ധി കേന്ദ്രം മുന്നോട്ടുവച്ച പേരുകളിൽ വിയോജിപ്പ് രേഖപ്പെടുത്തുന്ന കുറിപ്പ് കൈമാറിയത്.
രാഹുലിന്റെ എതിർപ്പിന്റെ വിശദാംശങ്ങൾ അന്നേദിവസം പുറത്തുവന്നിരുന്നില്ലെങ്കിലും രാജ്യത്തെ ജനസംഖ്യയുടെ 90 ശതമാനവും വരുന്ന പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം സർക്കാർ മുന്നോട്ടുവച്ച പേരുകളിൽ പര്യാപ്തമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് രാഹുൽ വിയോജിപ്പ് അറിയിച്ചതെന്നാണു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സിഐസിയിലെ എട്ട് വിവരാവകാശ കമ്മീഷണർമാരുടെ പേരുകളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് ഓരോ പ്രതിനിധിയും ഒരു വനിതയുമടക്കം പാർശ്വത്കരിക്കപ്പെട്ട വിഭാഗത്തിൽനിന്ന് അഞ്ച് പേരുകളുണ്ടെന്ന് സ്രോതസുകൾ അറിയിച്ചു.
District News
കോഴിക്കോട്: പട്ടികജാതി വിഭാഗങ്ങൾക്ക് അനുവദിച്ച കോളനികളിലും സമാന പ്രദേശങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിയമാനുസൃത ബാധ്യതയാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. വീടുകളുടെ മുന്നിൽ തുറന്ന അഴുക്കുചാൽ നിലനിൽക്കുന്നത് ആരോഗ്യപരമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശത്തെ നിഷേധിക്കലാണെന്നും ഉത്തരവിൽ പറഞ്ഞു.
വടകര മുനിസിപ്പാലിറ്റി മൂന്നാം വാർഡിൽ എറങ്കയിൽ പാലോളിപാലത്തിന് സമീപം താമസിക്കുന്ന ബിന്ദുവിന്റെ പരാതിയിലാണ് നടപടി. തന്റെ വീടിനോട് ചേർന്നുള്ള അഴുക്കുചാലിൽ നിന്നും രൂക്ഷമായ ദുർഗന്ധം വമിക്കുകയാണെന്നും അഴുക്കുചാൽ കാരണം വീട്ടിലേക്ക് പ്രവേശിക്കാൻ വഴിയില്ലെന്നും പരാതിക്കാരി ആരോപിച്ചു.
കുറഞ്ഞത് അഞ്ച് വീടെങ്കിലും ഉണ്ടെങ്കിൽ മാത്രമേ പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് വഴി നൽകാൻ ഫണ്ട് അനുവദിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചെന്നും പരാതിയിൽ പറഞ്ഞു. താനടക്കം നാലു കുടുംബങ്ങൾ മാത്രമാണ് തുറന്നുകിടക്കുന്ന അഴുക്കുചാലിന് മറുവശത്ത് താമസിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അഴുക്കുചാലിന് സ്ലാബിട്ടാൽ വഴി ലഭിക്കുമെന്നും പരാതിയിൽ പറയുന്നു. ഒരു പ്രത്യേക കേസായി പരിഗണിച്ച് അഴുക്കുചാലിന് സ്ലാബിടണമെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നടപ്പുവർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി ഉറപ്പാക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.
നഗരസഭാ സെക്രട്ടറിക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്. മേലടി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ആവശ്യമായ മേൽനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. വടകര നഗരസഭാ സെക്രട്ടറിയെയും മേലടി പട്ടികജാതി വികസന ഓഫീസറെയും നേരിൽ കേട്ടാണ് കമ്മീഷൻ ഉത്തരവ് പാസാക്കിയത്.
District News
വിലങ്ങാട്: ജില്ലയിലെ പട്ടികവര്ഗ വിഭാഗത്തില്പ്പെട്ട ജനങ്ങളുടെ അടിസ്ഥാന രേഖകളുടെ സമ്പൂര്ണ രജിസ്ട്രേഷന് ഉറപ്പാക്കുന്നതിന് ആവിഷ്കരിച്ച എബിസിഡി മെഗാ ഡിജിറ്റലൈസേഷന് ക്യാമ്പുകള്ക്ക് സമാപനം.
പേരാമ്പ്ര ഡിവിഷനിലെ വാണിമേല്, കാവിലുംപാറ, വളയം, ചെക്യാട്, നരിപ്പറ്റ, കോടഞ്ചേരി ഡിവിഷനിലെ കോടഞ്ചേരി, പുതുപ്പാടി, കാരശേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിലെ 73 ഉന്നതികളിലുള്ളവരെ ഉള്പ്പെടുത്തിയാണ് രണ്ടു ദിവസങ്ങളിലായി ക്യാമ്പുകള് സംഘടിപ്പിച്ചത്.
വിലങ്ങാട് പാരിഷ് ഹാളിലും വട്ടച്ചിറ സാംസ്കാരിക നിലയത്തിലുമായി നടന്ന ക്യാമ്പുകളില് ആധാര്, റേഷന് കാര്ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര് ഐഡി, ജനന സര്ട്ടിഫിക്കറ്റ് തുടങ്ങിവയുമായി ബന്ധപ്പെട്ട സേവനങ്ങള് 350ലേറെ പേര് പ്രയോജനപ്പെടുത്തി.
രേഖകളില്ലാത്തവര്ക്കുള്ള ഡൊമിസൈല് സര്ട്ടിഫിക്കറ്റും ഇതിലൂടെ ലഭ്യമാക്കി. കൈവശമുള്ള രേഖകള് നഷ്ടപ്പെടാത്ത വിധം ഡിജിറ്റലൈസ് ചെയ്തു നല്കുന്നതിനുള്ള സൗകര്യവും ഒരുക്കി.
രേഖകള് എടുക്കാന് ശേഷിക്കുന്ന മറ്റു മേഖലകളിലുള്ളവര്ക്ക് ഉന്നതി പ്രമോട്ടര്മാരുടെ നേതൃത്വത്തില് അതത് അക്ഷയ കേന്ദ്രങ്ങളില് സൗകര്യമൊരുക്കി 100 ശതമാനം പൂര്ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജില്ലയിലെ പതിനായിരത്തില് പരം വരുന്ന പട്ടികവര്ഗ വിഭാഗത്തിലുള്പ്പെടുന്ന വ്യക്തികള്ക്ക് അടിസ്ഥാന രേഖകള് ഉറപ്പാക്കുകയെന്ന ലക്ഷ്യത്തില് 2023 മെയ് മാസം പ്രത്യേക ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. അടിസ്ഥാന രേഖകളുടെ അഭാവത്തില് സര്ക്കാര് സേവനങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകാതെ പോകുന്ന സാഹചര്യം കണക്കിലെടുത്താണ് ജില്ലയില് വിപുലമായ ക്യാമ്പയിന് പ്രവര്ത്തനങ്ങള്ക്ക് രൂപം നല്കിയത്.
വട്ടച്ചിറ സാംസ്കാരിക നിലയത്തില് നടന്ന ക്യാമ്പ് ജില്ലാ കളക്ടര് സ്നേഹില് കുമാര് സിംഗ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി അധ്യക്ഷനായി.
ജില്ലാ പട്ടികവര്ഗ വികസന ഓഫീസര് ആര്. സിന്ധു, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര് എന്.എസ്. അജിഷ, താലൂക്ക് സപ്ലൈ ഓഫീസര് സി. സന്തോഷ്, താമരശേരി തഹസില്ദാര് സുബൈര്, വാര്ഡ് മെമ്പര്മാരായ റോസ്ലി മാത്യു, സിസിലി ജേക്കബ്, വനജ വിജയന്, കോടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി സീനത്ത്, ലീഡ് ബാങ്ക് പ്രതിനിധി അയോണ ജോര്ജ്, കോടഞ്ചേരി ട്രൈബല് എക്സ്റ്റന്ഷന് ഓഫീസര് എസ്. സലീഷ്, ജില്ലാ കളക്ടറുടെ ഇന്റേണ്ഷിപ്പ് പ്രോഗ്രാം കോഓഡിനേറ്റര് ഡോ. നിജീഷ് ആനന്ദ് എന്നിവര് പ്രസംഗിച്ചു.
District News
കടയ്ക്കല് : ഒരു കോടി രൂപ ചിലവഴിച്ച് ചിതറയിലെ പട്ടികജാതി ഉന്നതി നവീകരിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി.ചിതറ പഞ്ചായത്ത് വികസന സദസ് ടൗണ്ഹാളില് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
10.53 കോടി രൂപ വിനിയോഗിച്ച് പാങ്ങോട്- കിഴക്കുംഭാഗം- മുള്ളിക്കാട്- കൊല്ലായില് റോഡ് നിര്മാണം പൂര്ത്തിയാക്കി. 10 കോടി രൂപയുടെ വികസന പ്രവര്ത്തനങ്ങളാണ് സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളില് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ചിതറ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനില് അധ്യക്ഷനായി. പഞ്ചായത്ത് മുന് പ്രസിഡന്റ്എം.എസ്. മുരളി വികസനരേഖ പ്രകാശനം ചെയ്തു.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന് മുഖ്യപ്രഭാഷണം നടത്തി. ചിതറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്.എസ്. ഷീന, സ്ഥിരംസമിതി അധ്യക്ഷരായ ജെ. നജീബത്ത്, കെ. ഉഷ, വി.സിന്ധു, പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരാപ്പള്ളി, പ്രിജിത്ത്, സന്തോഷ് വളവുപച്ച, പി.സിന്ധു, സാരംഗി ജോയ് തുടങ്ങിയവര് പങ്കെടുത്തു.