National
ന്യൂഡൽഹി: എ ഐ ഉച്ചകോടിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന്റെ ജാമ്യം സ്റ്റേ ചെയ്ത നടപടി നീക്കി ഡൽഹി ഹൈക്കോടതി.
കഴിഞ്ഞ ശനിയാഴ്ച ചിബിന് ഡൽഹി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നെങ്കിലും അതേദിവസം തന്നെ സെഷൻസ് കോടതി ആ നടപടി സ്റ്റേ ചെയ്തിരുന്നു. തുടർന്നാണ് ചിബ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.
പ്രത്യേക കാരണങ്ങൾ ഒന്നും വ്യക്തമാക്കാതെയാണ് സെഷൻസ് കോടതി ജാമ്യം സ്റ്റേ ചെയ്തതെന്ന് ജസ്റ്റീസ് സൗരഭ് ബാനർജി നിരീക്ഷിച്ചു. അപൂർവവും അസാധാരണവുമായ കേസുകളിൽ മാത്രമേ ജാമ്യം സ്റ്റേ ചെയ്യാറുള്ളൂവെന്ന് സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ടെങ്കിലും ആ കാരണം എവിടെയെന്ന് ഹൈക്കോടതി ചോദിച്ചു. തുടർന്ന് വിഷയത്തിൽ തീരുമാനം ആകുന്നതുവരെ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
ചിബിന്റെ അഭിഭാഷകരെ കേൾക്കാതെയാണ് ജാമ്യം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സെഷൻസ് കോടതി പാസാക്കിയത്.
District News
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഷയത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ റിമാൻഡ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തിയ ഒന്‍പത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് റിൻഡ് ചെയ്തത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.
Kerala
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെതിരെ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സിപിഎം. പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങളെ കൈയ്യുംകെട്ടി നോക്കി നിൽക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകർത്ത് വീട്ടിൽ കയറി റീത്ത് വച്ചു. പോലീസ് വാഹനം തകർത്തു, പോലീസുകാരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുഴുവൻ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ് പത്ത് വർഷമായി കേരളം കാണുന്നത്.
അതിൽ അസഹിഷ്ണുത പൂണ്ടവരാണ് അനാവശ്യ സമരങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അതുവഴി കലാപത്തിലേക്കും നാടിനെ തള്ളിവിടാൻ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സമരങ്ങളോടോ പ്രതിഷേധങ്ങളോടോ ഒരു ഘട്ടത്തിലും അസഹിഷ്ണുതപൂണ്ട നിലപാട് സർക്കാരോ എൽഡിഎഫോ സ്വീകരിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Kerala
കൊച്ചി: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണെന്ന വീണാ ജോർജിന്റെ ആരോപണത്തിന് മറുപടിയായി പ്രതിപക്ഷ നേതാവ്. മന്ത്രിമാരുടെ വീട്ടിൽ റീത്ത് വെക്കാൻ പറയുന്നതല്ല തന്റെ ജോലി.
മന്ത്രിമാരുടെ വീട്ടിലേക്ക് കയറിയുള്ള സമരത്തോട് യോജിപ്പില്ല. തന്റെ ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കു ഡിവൈഎഫ്ഐ പ്രതിഷേധം നടത്തി. എന്നാൽ കേസ് എടുത്തത് തന്നെ കാണാൻ വന്നവർക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആരോഗ്യ മേഖലയിലെ സിസ്റ്റം തകർന്നിരിക്കുകയാണ്.
പൊതുആരോഗ്യ മേഖല സംരക്ഷിക്കപ്പെടണം. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ ആരോഗ്യ മേഖലയിൽ സമഗ്രമാറ്റമുണ്ടാകും. ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രിയുടെ പങ്ക് എസ്ഐടി വ്യക്തമാക്കണം. തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് കോടതി പറഞ്ഞത്.
അറസ്റ്റിന് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നു. സർക്കാരിന് എതിരായ ആരോപണം വഴി തിരിച്ച് വിടാനാണ് ശ്രമിച്ചത്. തന്ത്രി ജയിലിൽ കിടന്നതിൽ അന്വേഷണം വേണം. തന്ത്രി എന്ത് കുറ്റം ചെയ്തുവെന്ന് എസ്ഐടി പറയണം. ഹൈകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു.
District News
തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ അറസ്റ്റ്, പോലീസിന്റെ ക്രൂരമർദനങ്ങൾ, ശബരിമലയിലെ സ്വർണക്കൊള്ള എന്നിവയ്ക്കെതിരേ കോർപറേഷൻ ഓഫീസിനുമുന്പിൽ യൂത്ത് കോൺഗ്രസ് രാപ്പകൽസമരം ആരംഭിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഹരീഷ് മോഹൻ അധ്യക്ഷനായി. യുഡിഎഫ് ചെയർമാൻ ടി.വി. ചന്ദ്രമോഹൻ മുഖ്യാതിഥിയായി.
യൂത്ത് കോൺഗ്രസ് ജില്ലാ വൈ സ് പ്രസിഡന്റ് അഞ്ജന, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ.സി. പ്രമോദ്, കാവ്യ രഞ്ജിത്ത്, സംസ്ഥാനസെക്രട്ടറി അഡ്വ. സുഷിൽ ഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറി ഷെറിൻ തേർമഠം, നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ. സുമേഷ്, അൽജോ ചാണ്ടി, മഹേഷ് കാർത്തികേയൻ, ഒ. ശ്രീകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ജെയ്ജു സെബാസ്റ്റ്യൻ, ടി.എം. രാജീവ്, ടി.എൻ. ഗോപാലകൃഷ്ണൻ, ശോഭ സുബിൻ, കെപിസിസി വിചാർ വിഭാഗ് തൃശൂർ ജില്ലാ ചെയർമാൻ ജെയിംസ് മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജിലുണ്ടായ ചികിത്സാ പിഴവും കേസന്വേഷണത്തിൽ പോലീസ് വീഴ്ച വരുത്തിയെന്നും ആരോപിച്ചാണ് പ്രതിഷേധം. തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.പി.അഖില, ദീപുരാജ്, ജെ.ജി.അജയ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
District News
വടക്കഞ്ചേരി: ശബരിമലയിൽ സ്വർണക്കൊള്ള നടത്തിയ സിപിഎമ്മുകാർക്ക് സംരക്ഷണമൊരുക്കുന്ന പിണറായി സർക്കാരിനെതിരേ മകരവിളക്ക് ദിനത്തിൽ യൂത്ത് കോൺഗ്രസ് കിഴക്കഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിയിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ മാണിക്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ ലീലാമ്മ ജോസഫ്, സുനിൽ എം. പോൾ, ശശികുമാർ, കോൺഗ്രസ് നേതാക്കളായ വി.പി.പത്മനാഭൻ, മാത്യു ജേക്കബ്, രാഹുൽ, മറിയകുട്ടി ജോർജ്, സി.കെ. ഉസനാർ, എം.എസ്. പ്രസാദ് പ്രസംഗിച്ചു.
District News
വടക്കാഞ്ചേരി: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വോട്ടിന് കോഴ വിവാദം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. സി. പ്രമോദ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ഒ. ശ്രീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. ടി.എച്ച്. മുഹമ്മദ് ഷെഫീഖ്, ഹരീഷ് മോഹൻ, അഡ്വ. സുഷിൽ ഗോപാൽ, ജെറോം ജോൺ, വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാർച്ചിന് ഷെറിൻ തേർമഠം, പ്രസാദ് ആറ്റൂർ, അഡ്വ. അനീഷ ശങ്കർ, അഖിലാഷ് പാഞ്ഞാൾ, മഹേഷ് തിപ്പിലിശേരി, അഡ്വ. അഖിൽ സാമുവൽ, പഞ്ചു കെ.തോമസ്, അനീഷ് കണ്ടമാട്ടിൽ, വി.എം.മനീഷ്, അജു നെല്ലുവായ്, ലിയാസ്, കെ.പി. പ്രശോഭ്, ശ്രീയേഷ്, ടിൽജോ, രോഹിത് കുന്നംകുളം, അഹ്സാൻ ഷെയ്ഖ്, എബ്രഹാം എൽസി, അബ്ദുൾ റഹിമാൻ തുടങ്ങിയവർ നേതൃത്വം നൽകി.
പോലീസ് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
Kerala
തിരുവനന്തപുരം: പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരേ കേസ്. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ്.എസിനെതിരേയാണ് കേസെടുത്തത്.
ഡിസംബര്‍ ഒൻപതിന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആണ് സെയ്താലി.
ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തത്.
ഇതനുസരിച്ച്, വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്നതും പോളിംഗ് ബൂത്തിലെ മോശം പെരുമാറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഈ കുറ്റങ്ങൾക്ക് മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.
Kerala
തിരുവനന്തപുരം: കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന അബിന്‍ വര്‍ക്കിയുടെ ആവശ്യം തള്ളി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. അബിന്‍ കേരളത്തിൽ ഇരുന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കാമല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ കേരളത്തിലുമുണ്ട് ദേശീയ നേതൃത്വത്തിലുമുണ്ട്. കേരളത്തിൽ ഇരുന്ന് രാജ്യം മുഴുവൻ പ്രവർത്തിക്കാം. അതിന് എന്താ കുഴപ്പം? കേരളത്തിൽ നിൽക്കട്ടെ എന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അബിൻ വർക്കിയെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിങ്കളാഴ്ചയാണ് തീരുമാനിച്ചത്. അബിന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. ഇതിനു പിന്നാലെ കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും വൈസ് പ്രസിഡന്റ് ആയി തുടരാൻ അനുവദിക്കണമെന്നും നേതൃത്വത്തോട് അഭ്യർഥിക്കുമെന്ന് അബിൻ വർക്കി മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഒ.ജെ.ജനീഷിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. വിവാദങ്ങളെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെ തുടർന്നാണ് ജനീഷിനെ തെരഞ്ഞെടുത്തത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ് ജനീഷ്. ബിനു ചുള്ളിയിലിനെ യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായും നിയമിച്ചു. അബിൻ വര്‍ക്കി, കെ.എം.അഭിജിത്ത് എന്നിവരെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.
യൂത്ത് കോൺഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് അഭിമുഖം നടത്തിയശേഷമാണ് നിയമനം നടത്തിയത്. തൃശൂര്‍ സ്വദേശിയായ ജനീഷ് കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
പെരുമ്പാവൂര്‍ പോളിടെക്നിക്കിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്നു. 2007ൽ കെഎസ്യു മാള നിയോജകമണ്ഡലം പ്രസിഡന്റായും 2012ൽ കെഎസ്യു തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായി. 2017 കെഎസ്യു തൃശൂര്‍ ജില്ലാ പ്രസിഡന്റായി.
2010 മുതൽ 2012വരെ യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. 2020 - 23വരെ യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
Kerala
തിരുവനന്തപുരം: വിവാദ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യൂത്ത്കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചു. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ഹൈക്കമാൻഡിൽ നിന്നും സമ്മർദം ഉയർന്നതിനെ തുടർന്നാണ് നടപടി.
തെറ്റുചെയ്തെന്ന ബോധ്യത്തോടെയല്ല. തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.
ആരോപണങ്ങൾ തനിക്കെതിരെ ആണെന്ന് കരുതുന്നില്ല. യുവനടി തന്റെ അടുത്ത സുഹൃത്താണ്. തന്റെ പേര് ഇതുവരെ പരാതിയായി പറഞ്ഞിട്ടില്ലെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്തെ നിയമസംവിധാനത്തിൽ വിശ്വസിക്കുന്നു. ഓഡിയോ സന്ദേശങ്ങള്‍ വ്യാജമായി നിര്‍മിക്കുന്ന കാലമാണ്. പരാതി വന്നാൽ നിയമപരമായി നേരിടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. തനിക്കെതിരായ എഴുത്തുകാരി ഹണി ഭാസ്കറുടെ ആരോപണം അവര്‍ തെളിയിക്കട്ടെയെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കിൽ പരാതി നൽകട്ടെയെന്നും കുറ്റക്കാരനെന്ന് തെളിഞ്ഞാൽ നടപടി നേരിടാൻ തയാറാണെന്നും രാഹുൽ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചത്.
നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു. എത്രവലിയ നേതാവ് ആയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ നിലപാട്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ പ്രതിഷേധം കനക്കുന്നു. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എംഎൽഎ ഓഫീസിലേക്ക് ബിജെപി, ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി.
മഹിള മോർച്ച പ്രവർത്തകരും എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
Kerala
ആലപ്പുഴ: മേൽക്കൂര തകർന്നുവീണ കാർത്തികപള്ളി യുപി സ്കൂളിൽ സംഘര്‍ഷാവസ്ഥ. യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രതിഷേധം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.
പ്രവർത്തകർ തമ്മിൽ സ്കൂൾ പരിസരത്ത് ഏറ്റുമുട്ടി. സ്കൂള്‍ കുട്ടികള്‍ ഉച്ചഭക്ഷണം കഴിക്കുന്ന പാത്രങ്ങളും ഇവിടെയുണ്ടായിരുന്ന കസേരകളും പ്രവര്‍ത്തകര്‍ പരസ്പരം വലിച്ചെറിഞ്ഞു. ഇതോടെ പോലീസ് ലാത്തി വീശി.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തലയ്ക്ക് പരിക്കുണ്ട്. സംഘർഷത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റു.
അതേസമയം ഇന്ന് രാവിലെ സ്കൂളിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ സിപിഎം തടഞ്ഞതും തർക്കത്തിന് ഇടയാക്കിയിരുന്നു. മാധ്യമപ്രവർത്തകർ പുറത്തുപോകണമെന്ന് സിപിഎം പഞ്ചായത്തംഗം നിബു ആവശ്യപ്പെടുകയായിരുന്നു
സ്കൂൾ പ്രധാന അധ്യാപകൻ പറയാതെ പുറത്തുപോകില്ലെന്ന് മാധ്യമങ്ങൾ നിലപാടെടുത്തു. പിന്നീട് മാധ്യമപ്രവർത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കാനും സിപിഎം പ്രവർത്തകരുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായിയിരുന്നു.