കണ്ണൂർ: തളിപ്പറന്പിലും പയ്യന്നൂരിലും സിപിഎം വിട്ട് സ്വതന്ത്രസ്ഥാനാർഥികളായി മത്സരിക്കുന്നവരെ പിന്തുണയ്ക്കുന്ന യുഡിഎഫ് നിലപാടിനെതിരേ വിമത നീക്കവുമായി യൂത്ത് കോൺഗ്രസ് നേതാക്കളും കെപിസിസി അംഗവും. തളിപ്പറന്പിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന ടി.കെ. ഗോവിന്ദനെതിരേ കെപിസിസി അംഗം കൊയ്യം ജനാർദനൻ ഇന്ന് പത്രിക നല്‍കും. തളിപ്പറന്പ് താലൂക്ക് ഓഫീസിലാണ് പത്രിക നല്‍കുക.
ഒമ്പതു വർഷം യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡന്റായും പത്തു വർഷം ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച കൊയ്യം ജനാർദനൻ പത്തു വർഷം ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെംബറായും അഞ്ചു വർഷം തളിപ്പറമ്പ് ബ്ലോക്ക്പഞ്ചായത്ത് മെംബറായും പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണ, തളിപ്പറന്പിൽ മത്സരിക്കേണ്ട കോൺഗ്രസ് സ്ഥാനാർഥികളുടെ ലിസ്റ്റിൽ കൊയ്യം ജനാർദനന്റെ പേരും ഇടം നേടിയിരുന്നു. സിപിഎമ്മില്‍നിന്നു പുറത്തുവന്ന ടി.കെ. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കരുതെന്ന പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് താൻ മത്സരിക്കുന്നതെന്ന് കൊയ്യം ജനാർദനൻ ദീപികയോട് പറഞ്ഞു.
ടി.കെ. ഗോവിന്ദനെതിരേ മത്സരിക്കുമെന്ന നിലപാടുമായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനും രംഗത്ത് എത്തിയിരിക്കുകയാണ്. സിപിഎം വിട്ടുവരുന്നവരെ കോൺഗ്രസ് സ്ഥാനാർഥികളായി അംഗീകരിക്കാൻ കഴിയില്ലെന്ന് കഴിഞ്ഞദിവസം വിജിൽ മോഹൻ വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് മത്സരിക്കാനുള്ള നീക്കവും. മത്സരസാധ്യത തള്ളിക്കളയുന്നില്ലെന്നും ചർച്ച നടന്നുവരികയാണെന്നും വിജിൽ മോഹൻ ദീപികയോട് വ്യക്തമാക്കി.
പയ്യന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദും വിമതനായി മത്സരിക്കാൻ നോമിനേഷൻ നല്‍കുമെന്നാണ് സൂചന. മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ ഫർസീൻ മജീദ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ചന്ദ്രൻ തില്ലങ്കേരിയുടെ പേരാണ് മട്ടന്നൂരിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനിടെ, കോൺഗ്രസ്-യൂത്ത് കോൺഗ്രസ് നേതാക്കളുമായി നേതൃത്വം അനുനയനീക്കം നടത്തുന്നുണ്ട്.
Tags : Youth Congress nattuvishesham local news