District News
സുൽത്താൻ ബത്തേരി: ചൂട് അസഹ്യമായി വർധിക്കുകയും വേനൽ മഴ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ജില്ലയിലെ കൃഷി മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
ജില്ലയിൽ വ്യാപകമായി കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, വാഴ തുടങ്ങിയ വിളകളുടെ വളർച്ചയെ നിലവിലെ കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.തുടർച്ചയായ ദിവസങ്ങളായി ഉയർന്ന താപനില തുടരുന്നതും മണ്ണിലെ ഈർപ്പം വേഗത്തിൽ നഷ്ടപ്പെടുന്നതുമാണ് പ്രധാന പ്രശ്നം.
കുരുമുളക് തോട്ടങ്ങളിൽ വള്ളികൾ ഉണങ്ങി വീഴുന്ന അവസ്ഥയും കാപ്പി തോട്ടങ്ങളിൽ പുതിയ കൊന്പുകളുടെ വളർച്ച മന്ദഗതിയിലായതും കർഷകരെ ആശങ്കപ്പെടുത്തുന്നു. വാഴ കൃഷിയിൽ ഇലകൾ കരിഞ്ഞു പോകുന്നതും വിളവിൽ കുറവ് ഉണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. ജില്ലയിലെ ഭൂരിഭാഗം കർഷകർക്കും ആവശ്യമായ ജലസേചന സൗകര്യങ്ങൾ ഇല്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. ചെറുകിട കർഷകർ മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ഏർപ്പെട്ടിരിക്കുന്നത്.
കിണറുകളും ചെറുകുളങ്ങളും വറ്റിത്തുടങ്ങിയതോടെ ജല ലഭ്യത തീരെ കുറഞ്ഞിരിക്കുകയാണ്.വേനൽമഴ വൈകുന്നതോടെ വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന ആശങ്ക കർഷകർക്കിടയിൽ വ്യാപകമാണ്.
അടിയന്തരമായി ജലസേചന പദ്ധതികൾ നടപ്പാക്കണമെന്നും കൃഷിനാശം നേരിടുന്ന കർഷകർക്ക് സഹായം ലഭ്യമാക്കണമെന്നും കർഷക സംഘടനകൾ ആവശ്യപ്പെട്ടു.
District News
കാട്ടാക്കട : ക്ഷീര കർഷകർക്ക് ഇത് ദുരിതകാലം. കനത്ത ചൂടിനും ജലദൗർഭല്യത്തിനും പുറമെ. കാലിത്തീറ്റയ്ക്കും വയ്ക്കോലിനും വില കൂടിയതാണു കർഷകരുടെ ദുരിതത്തിനു കാരണമായിരിക്കുന്നത്.
വയ്ക്കോലിനും കാലിത്തീറ്റയ്ക്കും ആഴ്ചതോറും വില കൂടിക്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യകമ്പനികളും കാലിത്തീറ്റയ്ക്ക് 25 രൂപയോളം വില വർധിപ്പിച്ചു. എന്നാൽ ഇതിന് ആനുപാതികമായി പാലിനു വില ലഭിക്കാത്തതും ക്ഷീരകർഷകർക്കു തിരിച്ചടിയായി. സർവീസ് സഹകരണ സംഘത്തിൽനിന്ന് ലഭിക്കുന്ന കേരള ഫീഡ്സിനു മാത്രമാണു സബ്സിഡി ലഭിക്കുന്നത്.
ഒരു ചാക്ക് കെ.എസ്. കാലിത്തീറ്റയ്ക്ക് 1,440 രൂപയായി വില വർധിച്ചു. കേരള ഫീഡ്സ് വില 1,455 രൂപയാണ്. പിണ്ണാക്കിനും വയ്ക്കോലിനുമടക്കം വില ഉയർന്നതോടെ ഉത്പാദനച്ചെലവ് ഉയർന്നെന്നു ക്ഷീരകർഷകർ പറയുന്നു. കടുത്ത ചൂടിൽ പാലുത്പാദനവും കുറഞ്ഞു. ചൂടിൽ പച്ചപ്പുല്ല് കരിഞ്ഞുണങ്ങിയതും തരിശുപാടങ്ങളിൽ അടിക്കടിയുണ്ടാവുന്ന തീപിടിത്തവും വില്ലനായിട്ടുണ്ട്.
ചെറുകിട കർഷകരാണ് കൂടുതൽ ദുരിതത്തിലായത്. പച്ചപ്പുല്ലിനു പുറമെയുള്ള ആശ്രയമായ കച്ചിയും കിട്ടാനില്ല. തമിഴ്നാട്ടിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു തിരി കച്ചിക്ക് 30 രൂപയാണു വില. ദിവസവും ഇരുപത് കിലോ പച്ചപ്പുല്ലെങ്കിലും പശുകൾക്കു ലഭിക്കണം. ജലദൗർലഭ്യം കാരണം പശുക്കളെ കുളിപ്പിക്കാനും മറ്റും കഴിയാത്ത സ്ഥിതിയാണ്. അകിടു വീക്കം, കാത്സ്യം എന്നിവയ്ക്കുള്ള മരുന്നുകൾക്കും വില ഉയർന്നിട്ടുണ്ട്. ഉത്പാദനം കുറഞ്ഞതും പാലിന് വില വർധിക്കാത്തതും തിരിച്ചടിയായി.
Kerala
കോട്ടയം: നിസംഗരായ വനംവകുപ്പിനെ മടിയില്‍ ഇരുത്തിക്കൊണ്ട് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ഇന്‍ഫാം വേദിയില്‍ പറഞ്ഞ മുഖ്യമന്ത്രിക്ക് അസാമാന്യ തൊലിക്കട്ടിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കര്‍ഷകരുടെ എന്തു പ്രശ്നങ്ങളാണ് പരിഹരിച്ചത്? നെല്ല് സംഭരിക്കാന്‍പോലും സാധിക്കുന്നില്ല.
റബറിന്റെ താങ്ങുവിലയും ഉയര്‍ത്തിയില്ല. വന്യജീവി ആക്രമണത്തില്‍നിന്നു രക്ഷിക്കാനും സര്‍ക്കാര്‍ ചെറുവിരല്‍ അനക്കിയില്ല. ആന ചവിട്ടിക്കൊന്നാലും കടുവ കടിച്ചു കൊന്നാലും കഷ്ടമായിപ്പോയി എന്ന പ്രസ്താവന മാത്രമാണ് വനം മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മലയോരത്ത് കൃഷി ചെയ്യാനാകാത്ത അവസ്ഥയാണ്. എന്നിട്ടും ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് കര്‍ഷകരോട് ഇങ്ങനെ പറയുന്നത്.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളാണ് ഇന്‍ഫാം പ്രതിപക്ഷത്തിനു മുന്നില്‍ വച്ചിരിക്കുന്നത്. അധികാരത്തിലെത്തുമ്പോള്‍ പരാതികളില്‍ വ്യക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്. അധികാരത്തിലെത്തിയാൽ കര്‍ഷകര്‍ക്കുവേണ്ടിയുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു.
Kerala
തിരുവനന്തപുരം: സബ്സിഡി വളങ്ങളോടൊപ്പം മറ്റ് ഉത്പന്നങ്ങൾ കൂടി അനധികൃതമായി കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുന്ന പ്രവണത നിയമങ്ങളുടെ ലംഘനമാണെന്നും ഇത്തരം നിയമലംഘനങ്ങൾ ബോധ്യപ്പെട്ടാൽ ബന്ധപ്പെട്ടവരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് അറിയിച്ചു.
യൂറിയ, ഡിഎപി, സബ്സിഡി വളങ്ങളോടൊപ്പം സബ്സിഡി ഇനത്തിൽ പെടാത്ത നാനോ വളങ്ങൾ, മറ്റു വളങ്ങൾ, കീടനാശിനികൾ എന്നിവ കർഷകർക്ക് വളം വിതരണ കമ്പനികൾ, വളം മൊത്ത വിൽപ്പനക്കാർ, വളം ചില്ലറ വിൽപ്പനക്കാർ എന്നിവർ നിർബന്ധിതമായി വിൽക്കുന്നത് വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
വളങ്ങൾ 1955 ലെ ആവശ്യവസ്തു നിയമം, 1985ലെ ഫെർട്ടിലൈസർ കൺട്രോൾ ഓർഡർ എന്നിവയിൽ ഉൾപെട്ടിട്ടുള്ളതാണ്. ഇത്തരം പ്രവണതകൾ കർഷകരുടെ സാമ്പത്തിക ഭാരം വർധിപ്പിക്കുകയും സർക്കാരിന്റെ വളം സബ്സിഡി നയങ്ങളുടെ ഉദ്ദേശ്യങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യും.
കർഷകർ സബ്സിഡി വളങ്ങളോടൊപ്പം നിർബന്ധമായി അടിച്ചേൽപ്പിക്കപ്പെടുന്ന മറ്റ് അനാവശ്യ ഉത്പന്നങ്ങൾ വാങ്ങേണ്ടതില്ല. ഈ പ്രവണത ശ്രദ്ധയിപ്പെടുന്നപക്ഷം കർഷകർക്ക് താഴെ നൽകിയിട്ടുള്ള നമ്പറിൽ ബന്ധപെട്ട് പരാതി സമർപ്പിക്കാം. പരാതികൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 0471 2304481.
District News
ആലക്കോട്: വിലയിടിവിൽ തകർന്ന് ഏത്തവാഴ കർഷകർ. സാധാരണ വില വർധിക്കുന്ന സീസൺ ആണിത്. എന്നാൽ, പ്രതീക്ഷയോടെ ഏത്തവാഴ കൃഷി നടത്തിയ കർഷകർ വിലയിടിവിൽ പ്രതിസന്ധിയിലായി. വാഴക്കുലകൾ നിസാരവിലയിൽ വിറ്റഴിക്കേണ്ട അവസ്ഥയാണ്. ഇപ്പോൾ വിപണിയിൽ കർഷകനു ലഭിക്കുന്ന കായ്വില കിലോ 20 രൂപയാണ്. 28 രൂപക്ക് വരെ ചിലയിടങ്ങളിൽ നേന്ത്രപ്പഴം ലഭിക്കുന്നുണ്ട്. ചില സ്ഥലങ്ങളിൽ അത് 35 രൂപയാണ്.
കൃഷിവകുപ്പിന്റെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കൃഷി തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് നീങ്ങേണ്ടിവരുമെന്നും വാഴ കർഷകർ പറയുന്നു. ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ലോൺ എടുത്താണ് മിക്ക കർഷകരും കൃഷി നടത്തിയത്. വാഴ വിത്തിനും വളപ്രയോഗത്തിനും പണികൾക്കുമായി ഉയർന്ന ചിലവാണ് ഓരോ കർഷകനും മുടക്കേണ്ടി വന്നത്.
ക്രിസ്മസ്, പുതുവർഷം വേളകളിൽ ഉപയോഗം വർധിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതാണ്. ഇപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ച നിലയിലാണ്. ഫെബ്രുവരിയോടെ ഏത്തവാഴ വിളവെടുപ്പ് തീരും. അതോടെ വില വർധിക്കുമെന്ന പ്രതീക്ഷയുണ്ട്. അതുകൊണ്ട് തങ്ങൾക്ക് പ്രത്യേക പ്രയോജനമൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്.
Agriculture
അറുപതുകഴിഞ്ഞവർ കൃഷിയിലെന്തു കാട്ടാനെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. എന്നാൽ അറുപതല്ല, എഴുപത് കഴിഞ്ഞാലും കൃഷിയിൽ ചില നല്ല കാര്യങ്ങൾ കാണിക്കാനുണ്ടെന്ന് കോട്ടയം പാന്പാടി എലിക്കുളം ഗ്രാമപഞ്ചായത്തിലെ "കൃഷിനിറവ്@എലിക്കുളം 60+’’ ന്റെ അംഗങ്ങൾ തെളിയിച്ചു.
സംസ്ഥാന കൃഷിവകുപ്പിന്റെ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു തുടങ്ങിയപ്പോഴാണ് പഞ്ചായത്തിലെ മുതിർന്ന പൗരന്മാരുടെ പൊതു കൂട്ടായ്മയായ "നിറവ് 60+’ ന്റെ ചില പ്രവർത്തകർക്ക് കൃഷിക്കൂട്ടങ്ങൾ കൂടിയാലെന്ത് എന്ന ചിന്തയുദിച്ചത്.
ഗ്രാമപഞ്ചായത്തു ഭരണസമിതിയുടെയും പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നിലവിലെ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായ എസ്. ഷാജി എന്നിവരുടെ സ്നേഹനിർഭരമായ പിന്തുണയും പ്രോത്സാഹനവും കൂടെയായപ്പോൾ ഒന്നല്ല എട്ടു കൃഷിക്കൂട്ടങ്ങളാണ് പിറവിയെടുത്തത്.
ആദ്യഘട്ടമായി കൃഷിയിൽ താല്പര്യമുള്ള മുതിർന്നവരുടെ കർഷകസംഗമം പഞ്ചായത്തു തലത്തിൽ സംഘടിപ്പിച്ചു. ന്ധഹാപ്പിനസ്സ് പാർക്കിലെ ആദ്യകൂടിച്ചേരൽ മുതിർന്നവർക്ക് കൂടുതൽ ഉൗർജ്ജവും ഉന്മേഷവും പകരുന്ന ഒന്നായിരുന്നുവെന്ന് നിറവ് 60+ന്റെ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള പറഞ്ഞു.
ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ഗോപിനാഥപിള്ളയും അതിന് കൃഷികാര്യങ്ങളെ എങ്ങനെ മരുന്നായി ഉപയോഗിക്കാമെന്ന് കൃഷി ഓഫീസർ കെ. പ്രവീണ്‍, അസി. കൃഷി ഓഫീസർ എ.ജെ. അലക്സ് റോയിയും വിശദീകരിച്ചു.
മലനാടിന്റെ പ്രധാന ഭക്ഷണയിനമായ കപ്പയും, കാന്താരിയും കട്ടനുമൊക്കെ നുകർന്ന് ഗൗരവതരമായ ചർച്ചയിലേക്കു കടന്നു. കൃഷി ഭവനിൽനിന്നു പച്ചക്കറി വിത്തുകളും ഇതര നടീൽ വസ്തുക്കളും കൃഷിലഘുലേഖകളും നൽകി.
District News
രാമപുരം: കുട്ടികള്‍ക്ക് ചെറുപ്രായത്തില്‍ കൃഷിയെക്കുറിച്ച് അറിവുണ്ടാകേണ്ടത് അത്യാവശ്യമാണെന്നു കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്. രാമപുരം എസ്എച്ച് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികളുടെ കൃഷിയിടം സന്ദര്‍ശിച്ച് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പോത്സാഹിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലാ കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍, സ്കൂള്‍ മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ലിസമ്മ മത്തച്ചന്, ഫാ. തോമസ് കിഴക്കേല്‍, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ അനിജാ സിഎംസി എന്നിവര്‍ ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
വിദ്യാര്‍ഥികള്‍ കൃഷിത്തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. വിഷരഹിത പച്ചക്കറികളുടെയും ഔഷധസസ്യങ്ങളുടെയും മീന്കുളത്തിന്റെയും കൃഷി നേരില്‍ കണ്ടറിഞ്ഞ മന്ത്രി കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രയത്നങ്ങളെ പ്രശംസിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പയസ് തച്ചുമുറി, പിടിഎ പ്രസിഡന്റ് ദീപു എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
District News
വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിനായി പുതിയ പദ്ധതികൾക്ക് സർക്കാർ രൂപം നൽകി. കാലവർഷം ശക്തമായ സാഹചര്യത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണിത്. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കാൻ കർഷകരെ പ്രാപ്തരാക്കുന്നതിനും ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനും ഈ പദ്ധതികൾ സഹായിക്കും.
പുതിയ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. കൂടാതെ, കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്താനും കർഷകർക്ക് പരിശീലനം നൽകാനും സർക്കാർ ശ്രമിക്കും.
ഇതിലൂടെ വയനാട്ടിലെ കാർഷിക മേഖലയ്ക്ക് ഒരു പുതിയ ദിശാബോധം നൽകാനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കർഷകരുമായി നേരിട്ട് സംവദിച്ച് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാൻ ശ്രമിക്കും.