കണ്ണൂർ: സംസ്ഥാനത്തെ കർഷകസംഘടനാ നേതാക്കളുമായും കർഷകരുമായും സംവദിക്കാൻ രാഹുൽ ഗാന്ധി എംപി ഇന്ന് പേരാവൂരിലെത്തും.
കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി കോൺഗ്രസ് ദേശീയതലത്തിൽ നടത്തിവരുന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി സംവാദം നടത്താനെത്തുന്നത്.
രാവിലെ 11 ന് പേരാവൂർ തൊണ്ടിയിലെ പാരിഷ് ഹാളിലാണു കർഷക നേതാക്കളുമായും കർഷകസംഘടനാ പ്രതിനിധികളുമായും സംവാദം. മലയോര കർഷകർ നേരിടുന്ന വെല്ലുവിളികൾ ദേശീയതലത്തിൽ എത്തിക്കുക എന്നുള്ളതാണ് സന്ദർശനത്തിന്റെ ഉദ്ദേശ്യം.
പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിലാണ് രാഹുൽ ഗാന്ധി എത്തുക. സംവാദത്തിനു ശേഷം വയനാട്ടിലേക്കു പോകുന്ന രാഹുൽ ഗാന്ധി ഉരുൾപൊട്ടലിന് ഇരകളായവർക്ക് കോൺഗ്രസ് നിർമിച്ചു നൽകുന്ന വീടുകളുടെ ശിലാസ്ഥാപനം നിർവഹിക്കും.
Tags : Rahul Gandhi visit Peravur interact farmers