കോട്ടയം: കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പുതുയുഗ കേരളം ലക്ഷ്യമിട്ടുള്ള ബജറ്റില്‍ ജില്ലയ്ക്ക് നേരിട്ടുള്ള വലിയ പദ്ധതികളും പ്രഖ്യാപനങ്ങളുമില്ലെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസവും പ്രതീക്ഷയും. എങ്കിലും കോട്ടയം നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന ആകാശപാത യാഥാര്‍ഥ്യമാക്കുമെന്നും പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നുള്ള പ്രഖ്യാപനം കോട്ടയത്തിനു ബജറ്റിലെ വിസ്മയമായി മാറി.
റബറിന്റെ നാടായ കോട്ടയത്തെ കര്‍ഷകര്‍ക്കും ബജറ്റ് ആശ്വാസം പകരുന്നതാണ്. റബര്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് സ്കീം പ്രകാരം താങ്ങുവില 200 രൂപയില്‍ നിന്നും 250 രൂപയാക്കിയത് റബര്‍കര്‍ഷകര്‍ക്ക് വലിയ ആശ്വാസം പകരുന്ന കാര്യമാണ്. നെല്ലു സംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണ വില കര്‍ഷകര്‍ക്ക് കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നു ബജറ്റ് പ്രഖ്യാപിക്കുന്നു.
റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം
ജില്ലയുടെ സാമ്പത്തിക അടിത്തറയായ റബര്‍ കൃഷിക്ക് ബജറ്റില്‍ വലിയ മുന്‍ഗണനയാണ് ലഭിച്ചിരിക്കുന്നത്. റബറിന്റെ താങ്ങുവില 200 രൂപയില്‍ നിന്ന് 250 രൂപയായി ഉയര്‍ത്തിയത് ജിലയിലെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗ, ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് വലിയ ആശ്വാസം നല്കുന്ന പ്രഖ്യാപനമാണിത്.
നെല്‍കര്‍ഷകര്‍ക്ക്
പ്രതീക്ഷ
അപ്പര്‍കുട്ടനാടന്‍ പ്രദേശത്ത് നെല്‍കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. നെല്ലുസംഭരണം കാര്യക്ഷമമാക്കുന്നതിനും സംഭരണവില കൃത്യമായി ലഭിക്കുന്നതിനും നടപടി സ്വീകരിക്കുമെന്നാണ് ബജറ്റില്‍ പറയുന്നത്. എന്നാല്‍ നെല്‍കര്‍ഷക സംരക്ഷണ സമിതി ഉള്‍പ്പെടെ കര്‍ഷകര്‍ നിരന്തരം ആവശ്യപ്പെടുന്ന റിവോള്‍വിംഗ് ഫണ്ടിന്റെ കാര്യത്തില്‍ ബജറ്റില്‍ പ്രത്യേക പരാമര്‍ശം ഇല്ലാത്തത് കര്‍ഷകരെ നിരാശരാക്കിയിട്ടുണ്ട്.
എരുമേലി വികസിക്കും
തീര്‍ഥാടന ടൂറിസത്തെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ശബരിമല ക്ഷേത്രത്തെ തിരുപ്പതി മോഡലില്‍ വികസിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമലയുടെ പ്രധാന ഇടത്താവളമായ എരുമേലി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനത്തിനും തീര്‍ഥാടക സൗകര്യങ്ങള്‍ക്കും പദ്ധതി വന്‍തോതില്‍ ഗുണം ചെയ്യും.
ടൂറിസം കുതിക്കും
ജീവിതാനുഭവ വിനോദസഞ്ചാര മേഖലയ്ക്കാണ് ബജറ്റില്‍ പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. കുമരകം, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നീ കേന്ദ്രങ്ങളും ഉത്തരവാദിത്വ ടൂറിസം കേന്ദ്രങ്ങളായ കുമരകം, അയ്മനം, ആര്‍പ്പൂക്കര, എഴുമാന്തുരുത്ത്, വൈക്കം പ്രദേശങ്ങളും ടൂറിസം രംഗത്ത് കുതിച്ചുയരും.
ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കുകയും വ്യവസായങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യുന്നത് കുമരകത്തെ ടൂറിസത്തിനു മുതല്‍ക്കൂട്ടാകും.
കേരളത്തിന്റെ തനതു പാരമ്പര്യവും ഭക്ഷ്യസംസ്കരണവും സാംസ്കാരികവും പൈതൃകവും സംരക്ഷിച്ചു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത ടൂറിസം ഹബ്ബുകള്‍, സ്ത്രീകള്‍ നയിക്കുന്ന ടൂറിസം സംരംഭങ്ങള്‍, ഹോം സ്റ്റേകള്‍ എന്നിവയുടെ പ്രോത്സാഹനം ജില്ലയിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതിക്ക് കരുത്താകും.
കയര്‍മേഖല ശക്തിപ്പെടും
വൈക്കം ഉള്‍പ്പെടുന്ന കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കയര്‍ ഉത്പന്നങ്ങളുടെ വിപണി ഉറപ്പു വരുത്തുന്നതിനായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. വിപണി വികസന സഹായമായി 10 കോടിയും അനുവദിച്ചിട്ടുണ്ട്. വിലസ്ഥിരതാ ഫണ്ടായി 35 കോടിയും അനുവദിച്ചു.
Tags : farmers Nattuvishesham District News